ചൂട് ചായയോ കാപ്പിയോ ഊതിയൂതിക്കുടിച്ച് ഒരു ദിവസം ആരംഭിക്കുന്നയാളാണോ നിങ്ങൾ? രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു കപ്പ് ചൂട് ചായ, കാപ്പി അല്ലെങ്കിൽ വെള്ളം കുടിക്കുന്നത് പലർക്കും ഒരു ശീലമാണ്. എന്നാൽ ഈ ശീലം കാൻസറിന് വരെ കാരണമാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
രാവിലെ ചൂട് ചായ കുടിക്കുന്നത് അന്നനാള കാൻസറിന് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 65 ഡിഗ്രി സെല്ഷ്യസില് (149 ഡിഗ്രി ഫാരന്ഹീറ്റ്) കൂടുതലുള്ള താപനിലയില് പാനീയങ്ങള് കഴിക്കുന്നത് അന്നനാളത്തിന് പരിക്കേല്പ്പിക്കും. ഇത് അന്നനാളത്തിൽ വീക്കം ഉണ്ടാക്കുകയും കാലക്രമേണ കാന്സറിന് കാരണമാവുകയും ചെയ്യും.
ഇന്റര്നാഷണല് ജേണല് ഓഫ് കാന്സറില് പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില് ചൂടുള്ള പാനീയങ്ങള് കുടിക്കുന്നത് അന്നനാള കാന്സറിനുള്ള സാധ്യത വര്ധിപ്പിക്കുമെന്ന് കണ്ടെത്തി. 60 ഡിഗ്രി സെല്ഷ്യസില് (140 ഡിഗ്രി ഫാരന്ഹീറ്റ്) കൂടുതല് ചൂടുള്ള പാനീയങ്ങള് കുടിക്കാന് ഇഷ്ടപ്പെടുന്നവരും പ്രതിദിനം 700 മില്ലിയില് കൂടുതല് ചായ കുടിക്കുന്നവരുമായ വ്യക്തികള്ക്ക്, ചായ കുറവുള്ളതും തണുത്ത താപനിലയില് കുടിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള് അന്നനാള കാന്സറിനുള്ള സാധ്യത 90% വരെ കൂടുതലാണെന്ന് പഠനം വിശദീകരിച്ചു.
അന്നനാളത്തില് ആരംഭിക്കുന്ന കോശങ്ങളുടെ വളര്ച്ചയാണ് അന്നനാള കാന്സര്. വിഴുങ്ങാന് ബുദ്ധിമുട്ട്, നെഞ്ചുവേദന, ചുമ, നെഞ്ചെരിച്ചില്, ദഹനക്കേട്, മനഃപൂര്വമല്ലാത്ത ശരീരഭാരം കുറയല് എന്നിവയാണ് അന്നനാള കാന്സറിന്റെ ചില ലക്ഷണങ്ങള്. അന്നനാളത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന ശീലങ്ങളും അവസ്ഥകളും അന്നനാള കാന്സറിലേക്ക് നയിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. പിത്തരസം, വിഴുങ്ങാന് ബുദ്ധിമുട്ട്, മദ്യപാനം, പുകവലി, പൊണ്ണത്തടി, ഗ്യാസ്ട്രോ ഈസോഫേഷ്യല് റിഫ്ലക്സ് രോഗം, വളരെ ചൂടുള്ള പാനീയങ്ങള് കുടിക്കുന്ന സ്ഥിരമായ ശീലം എന്നിവ ഇതില് ചിലതാണ്.
Content Highlights: How you drink your morning coffee could increase your risk of cancer