കടുത്ത ഡിപ്രഷനാണ് താന് ബോളിവുഡ് സിനിമകള് വിടാന് കാരണമെന്ന് വെളിപ്പെടുത്തലുമായി ചലച്ചിത്ര നിര്മ്മാതാവും അഭിനേതാവുമായ അനുരാഗ് കശ്യപ്. സൗത്ത് ഇന്ത്യന് സിനിമയാണ് തന്നെ വിഷാദത്തില് നിന്ന് സുഖപ്പെടുത്തിയതെന്നും ഹിന്ദി സിനിമകള് കാണുന്നത് താന് നിര്ത്തിയെന്നും അനുരാഗ് കശ്യപ് സുധീര് ശ്രീനിവാസനുമായുള്ള പോഡ്കാസ്റ്റിൽ പറയുന്നു.
'കടുത്ത വിഷാദാവസ്ഥയിലേക്ക് പോയിരുന്നു. ഇപ്പോള് ഞാനാ അവസ്ഥയില് നിന്ന് പുറത്ത് വന്നു. ഇപ്പോള് എല്ലാം ആസ്വദിക്കാന് തുടങ്ങി. അതിനായി ഞാന് ചെയ്ത ഒരു കാര്യം, ഹിന്ദി സിനിമകള് കാണുന്നത് നിര്ത്തി എന്നതാണ്. ഇപ്പോള് പുതിയ സംവിധായകരുടെ ചിത്രങ്ങള് കാണാനാരംഭിച്ചു. ധാരാളം മലയാള സിനിമകളും കാണാന് തുടങ്ങി.' അനുരാഗ് കശ്യപ് വ്യക്തമാക്കി. ഹിന്ദി സിനിമയില് നിന്ന തനിക്ക് കടുത്ത അവഗണന നേരിട്ടിരുന്നുവെന്നും താന് മുഖം മൂടിയില്ലാതെ സംസാരിക്കുന്നതും പെരുമാറുന്നതും അവര്ക്ക് പ്രശ്നമായിരുന്നുവെന്നും അനുരാഗ് കശ്യപ് പോഡ്കാസ്റ്റിൽ പറയുന്നു.
ഒരു സമയം തന്നോടൊപ്പം ജോലി ചെയ്യാന് പോലും പലരും വിമുഖത കാട്ടിയിരുന്നു. തന്നോടൊപ്പം ജോലി ചെയ്താല് പിന്നീട് മറ്റ് വര്ക്കുകള് ലഭിക്കില്ലേയെന്ന് ആളുകള് ഭയപ്പെടാന് തുടങ്ങി. പക്ഷെ ഇപ്പോള് ഞാന് എനിക്ക് പ്രചോദനമാവുന്ന ആളുകള്ക്കിടയിലാണ് നില്ക്കുന്നതെന്നും അവസ്ഥയെ മറികടന്നുവെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.
മദ്യപാനത്തെ എങ്ങനെ നേരിട്ടു ?
മുംബൈ നഗരം വിട്ട് താന് പുതിയ ശീലങ്ങളും ജീവിതശൈലിയും സ്വീകരിച്ചതാണ് തനിക്ക് വലിയ മാറ്റങ്ങള് കൊണ്ടുവന്നതെന്ന് അനുരാഗ് കശ്യപ് പറയുന്നത്. 'നഗരം വിട്ടതോടെ ജീവിതം മെച്ചപ്പെട്ട് തുടങ്ങി. എനിക്ക് അധികം ആളുകളോട് ഇടപ്പഴകേണ്ടി വന്നില്ല. തനിയെ ഞാന് വ്യായാമം ചെയ്യാന് തുടങ്ങി, എഴുതാൻ തുടങ്ങി. ഇത് വലിയ മാറ്റങ്ങള്ക്ക് വഴിവെച്ചു.' കശ്യപ് തുടര്ന്നു, എൻ്റെ മദ്യപാനത്തെ പറ്റിയും വിഷാദത്തെ പറ്റിയുമെല്ലാം എനിക്ക് ഉപദേശം മാത്രം നല്കുന്ന ഒരു കൂട്ടം ആളുകള്ക്കിടയില് ഞാനെന്തിന് നില്ക്കണമെന്ന് ആലോചിച്ചിരുന്നവെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
സംവിധായകനെന്ന നിലയില് അനുരാഗ് കശ്യപിന്റെ അവസാനത്തെ തിയേറ്റര് റിലീസ് ദോബാര (2022) ആയിരുന്നു. മലയാളം ചിത്രമായ 'റൈഫിള് ക്ലബ്' (2024) ലും അദ്ദേഹം അഭിനയിച്ചിരുന്നു. കശ്യപിന്റെ അടുത്ത റിലീസ് 'നിഷാഞ്ചി' എന്ന ഒരു ക്രൈം ത്രില്ലറാണ്. ചിത്രത്തിന്റെ ടീസര് അടുത്തിടെ പുറത്തിറങ്ങി. ഐശ്വര്യ താക്കറെയുടെ അരങ്ങേറ്റ ചിത്രമാണിത്. വേദിക പിന്റോ, മോണിക്ക പന്വര്, മുഹമ്മദ് സീഷന് അയ്യൂബ്, കുമുദ് മിശ്ര എന്നിവരും ഇതില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights- 'Bollywood ignored me, I went into a deep depression, South Indian cinema cured me'; Anurag Kashyap