ലോകത്തില് ഏറ്റവും കൂടതല് ആളുകള് കുടിക്കുന്ന പാനീയമാണ് കാപ്പി. ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നത് നമുക്ക് ദിവസം മുഴുവന് നീണ്ടു നിൽക്കുന്ന ഊര്ജ്ജം പകരുന്നു. എന്നാല് കാപ്പി കുടിക്കുമ്പോഴും നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മരുന്നിനൊപ്പം കാപ്പി കുടിക്കുന്നവരാണ് നിങ്ങളെങ്കില് ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
വിദഗ്ദര് പറയുന്നതനുസരിച്ച് കാപ്പിയില് അടങ്ങിയിരിക്കുന്ന കഫീന് ചില മരുന്നുകളില് വലിയ സ്വാധീനം ചെലുത്തിയേക്കാം. കാപ്പി ചില മരുന്നുകളുമായി ചേര്ന്നാല് അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയോ പാര്ശ്വഫലങ്ങളുടെ സാധ്യത വര്ദ്ധിപ്പിക്കുകയോ ചെയ്തേക്കാം.
പനിക്കുള്ള ഒടിസി മരുന്നുകൾ
കുറിപ്പടിയില്ലാതെ വാങ്ങാൻ കഴിയുന്ന മരുന്നുകളാണ് ഒടിസി മരുന്നുകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രകാരം വേദന, ചുമ, ജലദോഷം, വയറിളക്കം, മലബന്ധം, മുഖക്കുരു തുടങ്ങിയ സാധാരണ രോഗങ്ങൾക്കും അവയുടെ ലക്ഷണങ്ങൾക്കും ചികിത്സിക്കാൻ ഇവ ഉപയോഗിക്കാറുണ്ട്. കഫീനിന്റെ പ്രത്യേക ഗുണങ്ങളിലൊന്നായ സ്യൂഡോഎഫെഡ്രിന് പോലുള്ളവ ഹൃദയമിടിപ്പ്, വിറയല്, ഉറക്കമില്ലായ്മ തുടങ്ങിയ ഫലങ്ങള് വര്ദ്ധിപ്പിക്കുകയും കേന്ദ്ര നാഡീവ്യവസ്ഥയെ വേഗത്തിലാക്കുകയും ചെയ്യും. മരുന്നുകളോടൊപ്പം കാപ്പി കുടിക്കുമ്പോള് ഈ ഫലങ്ങള് വര്ദ്ധിക്കും. കൂടാതെ, ചില മരുന്നുകളിൽ കഫീന് ചേര്ത്തിട്ടുള്ളതിനാല് ഇത് അപകടസാധ്യതകള് വര്ദ്ധിപ്പിക്കുന്നു.
പഠനങ്ങള് അനുസരിച്ച്, കഫീന് സ്യൂഡോഎഫെഡ്രിനുമായി സംയോജിപ്പിക്കുമ്പോള് അത് രക്തത്തിലെ പഞ്ചസാരയും ശരീര താപനിലയും വര്ദ്ധിപ്പിക്കും, ഇത് പ്രമേഹമുള്ളവരെ ബാധിച്ചേക്കാം. ആംഫെറ്റാമൈനുകള് പോലുള്ള മരുന്നുകളുമായോ തിയോഫിലിന് പോലുള്ള ആസ്ത്മ മരുന്നുകളുമായോ ഇവ സംയോജിപ്പിക്കുമ്പോള് ഈ ഫലങ്ങള് ആശങ്കാജനകമാണെന്നാണ് ഡോക്ടര്മാര് പറയുന്നത്. ഇവ രണ്ടും കഫീനുമായി സമാനമായ രാസഘടനയാണ് പങ്കിടുന്നത്.
തൈറോയ്ഡ് മരുന്നുകള്
തൈറോയ്ഡ് മരുന്നുകളും കാപ്പിക്കൊപ്പം കഴിക്കാൻ പറ്റുന്നവയല്ല. ഹൈപ്പോതൈറോയിഡിസത്തിന് സാധാരണയായി ഉപയോഗിക്കുന്ന ലെവോതൈറോക്സിന്റെ ആഗിരണത്തെ കാപ്പി തടസ്സപ്പെടുത്തുന്നു. തൈറോയ്ഡ് മരുന്നുകള് കഴിച്ചതിനുശേഷം കുറഞ്ഞത് 30-60 മിനിറ്റെങ്കിലും കഴിഞ്ഞതിന് ശേഷം കാപ്പി കുടിക്കുന്നതാണ് ഉത്തമം.
ഡോക്ടര്മാരുടെ അഭിപ്രായത്തില് ലെവോതൈറോക്സിന് സമയക്രമീകരണത്തോട് വളരെ സെന്സിറ്റീവ് ആണ് .ലെവോതൈറോക്സിന് കഴിച്ച ഉടനെ കാപ്പി കുടിക്കുന്നത് ശരീരത്തിലേക്കുള്ള അതിന്റെ ആഗിരണം 50 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള് പറയുന്നു. കഫീന് കുടല് ചലനം വേഗത്തിലാക്കുകയും മരുന്ന് ആഗിരണം ചെയ്യപ്പെടാനുള്ള സമയം കുറയ്ക്കുകയും ചെയ്യുന്നുതാണ് ഇതിന് പിന്നിലെ കാരണം.
വേദനസംഹാരികളായ ഒടിസി
പാരസെറ്റമോള്, കോമ്പിഫ്ലം, ആസ്പിരിന് തുടങ്ങിയ സാധാരണയായി ലഭ്യമായ ചില വേദനസംഹാരികളില് കഫീന് കാണപ്പെടാറുണ്ട്.
അതിനാല്, നിങ്ങള് ടാബ്ലെറ്റിനൊപ്പം കാപ്പി കുടിക്കുകയാണെങ്കില് അസിഡിറ്റിക്ക് വഴി വെച്ചേക്കാം. ചില സമയങ്ങളിൽ ഇവ വയറ്റിൽ രക്തസ്രാവം പോലുള്ള പാര്ശ്വഫലങ്ങള് ഉണ്ടാക്കാനും സാധ്യതയുണ്ട്. ഗുരുതരമായ കേസുകളൊന്നും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, ജാഗ്രത പാലിക്കുന്നത് നല്ലതാണ്.
ഹൃദയ സംബന്ധമായ മരുന്നുകൾ
കഫീന് രക്തസമ്മര്ദ്ദവും ഹൃദയമിടിപ്പും താല്ക്കാലികമായി വര്ദ്ധിപ്പിക്കുന്നവയാണ്. ഇത് സാധാരണയായി കുടിച്ച ശേഷം മൂന്ന് മുതല് നാല് മണിക്കൂര് വരെ നീണ്ടുനില്ക്കും. രക്തസമ്മര്ദ്ദത്തിനുള്ള മരുന്നുകള് കഴിക്കുന്നവരോ, ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന മരുന്നുകള് കഴിക്കുന്നവരോ മരുന്ന് കഴിച്ച് കുറച്ച് നേരം കഴിഞ്ഞ് മാത്രം കാപ്പി കുടിക്കുക. ഹൃദ്രോഗമുള്ളവര് കാപ്പി പൂര്ണമായും ഒഴിവാക്കണമെന്ന് ഇതിനര്ത്ഥമില്ല. ആവശ്യമെങ്കില് കാപ്പിയുടെ അളവ് പരിമിതപ്പെടുത്തുകയോ ഡീകാഫിലേക്ക് മാറുകയോ ചെയ്യുന്നത് പരിഗണിക്കാം.
(ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് വേണ്ടിയുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള് ഉളളവര് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights- Don't take medicine for these diseases with coffee