മരുന്നുകളില്ലാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാനുണ്ട് വഴികള്‍

പ്രകൃതിദത്ത വഴികളിലൂടെ കോളസ്‌ട്രോള്‍ കുറയ്ക്കാവുന്ന മാര്‍ഗങ്ങള്‍ ഇതൊക്കെയാണ്

കൊളസ്‌ട്രോള്‍ എപ്പോഴും ആളുകളുടെ ശരീരത്തില്‍ കടന്നുകയറുന്നത് നിശബ്ദമായ ഭീഷണിയായിട്ടാണ്. ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കൊളസ്‌ട്രോളിന് കഴിയും. കൊളസ്‌ട്രോള്‍ ലളിതമായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും കുറയ്ക്കാന്‍ സാധിക്കും. ഫാമിലി മെഡിസിന്‍ ഫിസിഷ്യന്‍ അസിസ്റ്റന്റായ ഡോ. മാഡിസണ്‍ ബ്രൗണ്‍ ആണ് കൊളസ്‌ട്രോളിനെ വരുതിയില്‍ കൊണ്ടുവരാന്‍ കഴിയുന്ന പ്രകൃതിദത്തമായ വഴികള്‍ പറയുന്നത്.

നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക

ഓട്‌സ്, പയര്‍, ചിയ വിത്തുകള്‍, ഫ്‌ളാക്‌സ് വിത്തുകള്‍ തുടങ്ങിയവയിലൊക്കെ കൂടുതല്‍ ലയിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹന വ്യവസ്ഥയിലൂടെ കൊളസ്‌ട്രോളിനെ പുറംതള്ളാന്‍ സഹായിക്കുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലെ ഒരു മെറ്റാ അനലിസ്റ്റ് പറയുന്നത്, ഒരു ദിവസം 5-10 ഗ്രാം ലയിക്കുന്ന നാരുകള്‍ മാത്രം കഴിച്ചാല്‍ എഡിഎല്‍ (മോശം കൊളസ്‌ട്രോള്‍) ഏകദേശം 5 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നാണ്. ഈ നാരുകള്‍ കുടലില്‍ ജെല്‍ പോലുളള പദാര്‍ഥം ഉണ്ടാക്കുന്നു. ഇത് കൊളസ്‌ട്രോള്‍ രക്തത്തില്‍ കലരുന്നതിന് മുന്‍പ് അതിനെ തടയുന്നു.

ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക

പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, നട്ട്‌സ്, വിത്തുകള്‍ എന്നിവ കൊളസ്‌ട്രോള്‍ ആഗീരണം തടയാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങളായ 'പ്ലാനറ്റ് സ്റ്റിറോളുകളും' 'സ്റ്റാനോളുകളും' അടങ്ങിയിരിക്കുന്നു. സസ്യങ്ങളില്‍ ധമനികളെ സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകളും കൊളസ്‌ട്രോള്‍ പുറന്തളളാന്‍ സഹായിക്കുന്ന കൂടുതല്‍ നാരുകളും അടങ്ങിയിരിക്കുന്നു.

ട്രാന്‍സ് ഫാറ്റുകള്‍ക്ക് പകരം ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉപയോഗിക്കുക

സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, വെണ്ണപോലുള്ള കൊഴുപ്പുകള്‍ എന്നിവയില്‍ കാണപ്പെടുന്ന ട്രാന്‍സ് ഫാറ്റുകള്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍(ചീത്ത കൊളസ്‌ട്രോള്‍) വര്‍ധിപ്പിക്കുകയും എച്ച്ഡിഎല്‍(നല്ല കൊളസ്‌ട്രോള്‍) കുറയ്ക്കുകയും ചെയ്യും. ഒലിവ് ഓയില്‍, അവക്കാഡോ, വാല്‍നട്ട്, സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ ആദ്യം പറഞ്ഞ ഭക്ഷണ വസ്തുക്കള്‍ക്ക് പകരം കഴിക്കാവുന്നതാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. ഈ ഭക്ഷണങ്ങളില്‍ നിന്നുള്ള ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ ചെറുതായി വര്‍ധിപ്പിക്കുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണക്രമം നല്ലതും ചീത്തയുമായ കൊളസ്‌ട്രോള്‍ തമ്മിലുളള സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നു.

വ്യായാമം ചെയ്യുകകൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി കഠിനമായി ജിമ്മില്‍ പോയി വ്യായാമം ചെയ്യേണ്ട കാര്യമില്ല. ആഴ്ചയില്‍ അഞ്ച് ദിവസം വേഗത്തില്‍ 30 മിനിറ്റ് നടക്കുന്നത് നല്ല കൊളസ്‌ട്രോള്‍ അളവ് വര്‍ധിപ്പിക്കുന്നതിനോടൊപ്പം രക്തചംക്രമണം മെച്ചപ്പെടുത്തുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വ്യായാമം ചെയ്യുന്നത് നല്ല കൊളസ്‌ട്രോളിനെ രക്തത്തില്‍ നിന്ന് കരളിലേക്ക് മാറ്റാന്‍ സഹായിക്കുകയും കരളില്‍ വച്ച് കൊളസ്‌ട്രോളിനെ സംസ്‌കരിച്ച് നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

പഞ്ചസാരയും സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റുകളും കുറയ്ക്കുക

ഉയര്‍ന്ന അളവില്‍ പഞ്ചസാരയും സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റും കഴിക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കും. പഞ്ചസാരയില്‍നിന്ന് 25 ശതമാനത്തിലധികം കലോറി ശരീരത്തിലെത്തുന്ന ആളുകള്‍ ഹൃദയസംബന്ധമായ പ്രശ്‌നം മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പഠനം കണ്ടെത്തി. പഞ്ചസാര അടങ്ങിയ പാനിയങ്ങള്‍, മിഠായികള്‍, വെളുത്ത ബ്രഡ്, പേസ്ട്രികള്‍ എന്നിവയുടെ ഉപയോഗം ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിര്‍ത്താനും സഹായിക്കും.

(ഓര്‍ക്കുക, കൊളസ്‌ട്രോള്‍ കുറയ്ക്കുക എന്നത് പെട്ടെന്ന് സാധ്യമാകുന്ന കാര്യമല്ല. ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.)

Content Highlights :These are the ways to lower cholesterol naturally

To advertise here,contact us