മുഖത്തും കഴുത്തിലും കാണപ്പെടുന്ന വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍

വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കാല്‍പാദങ്ങളിലെ നീരിലൂടെയും മൂത്രത്തിലൂടെയും മാത്രമല്ല തിരിച്ചറിയാന്‍ സാധിക്കുന്നത്

വൃക്കകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രക്തം ശരിയായി ഫില്‍റ്റര്‍ ചെയയ്യാന്‍ കഴിയാതെ വരികയും ശരീരത്തില്‍ മാലിന്യങ്ങളും ദ്രാവകവും അടിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥയിലാണ് വൃക്കകള്‍ തകരാറിലായി എന്ന് മനസിലാക്കുന്നത്. വിട്ടുമാറാതെ വരുന്ന വൃക്കരോഗം പല വൃക്ക തകരാറിലേക്കും നയിച്ചേക്കാം. തുടക്കത്തില്‍ വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണെങ്കിലും രോഗം വഷളാകുമ്പോള്‍ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടും. വൃക്ക രോഗത്തിന്റെ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍ക്കപ്പുറം മുഖത്തും കഴുത്തിലും കാണപ്പെടുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് അറിയാം.

വീര്‍ത്തിരിക്കുന്ന മുഖം

വൃക്കരോഗത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്ന് മുഖത്ത് നീര്, വീക്കം എന്നിവ ഉണ്ടാക്കുന്നു എന്നതാണ്. വൃക്കകള്‍ക്ക് അധിക ദ്രാവകം ശരിയായി പുറന്തള്ളാന്‍ കഴിയാത്തപ്പോഴാണ് ശരീത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത്. ഇത്തരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് മുഖത്ത് നീര് വയ്ക്കുന്നതിന് കാരണമാകുന്നു. പ്രധാനമായും കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങളെയും കവിളുകളിലുമാണ് ബാധിക്കുന്നത്. രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴാണ് മുഖത്തെ നീര് കൂടുതലായും കാണപ്പെടുന്നത്. കൈകള്‍, കാലുകള്‍, കണങ്കാലുകള്‍ എന്നിവയുള്‍പ്പെടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും നീര്‍വീക്കം വ്യാപിക്കും.

ചര്‍മ്മത്തിന് വിളറിയതും ചാരനിറമുള്ളതും മഞ്ഞകലര്‍ന്നതുമായ നിറം

വൃക്ക കേടാകുമ്പോള്‍ അത് മുഖത്തെയും കഴുത്തിലെയും ചര്‍മ്മത്തെയും ബാധിക്കുന്നു. വൃക്ക തകരാറുമൂലം അടിഞ്ഞുകൂടുന്ന വിഷവസ്തുക്കള്‍ നിറത്തിലും ഘടനയിലും വ്യത്യസ്തമാകും. മുഖത്തിന്റെ ചര്‍മ്മം ആകര്‍ഷകമല്ലാത്ത ചാരനിറമായി മാറുന്നു. മുഖത്തും കഴഴുത്തിലും മഞ്ഞകലര്‍ന്ന നിറം കാണപ്പെടും. വൃക്കകള്‍ ശരിയായി പ്രവര്‍ത്തനക്ഷമമല്ലാത്തപ്പോള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും പോഷക സന്തുലിതാവസ്ഥ നിലനിര്‍ത്താനുമുളള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. വരണ്ടതും അടര്‍ന്നുപോകുന്നതുമായ ഭാഗങ്ങള്‍, പരുക്കനായുളള ചര്‍മ്മങ്ങള്‍ ഇവയും ഉണ്ടാകാം.

ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടും

വിട്ടുമാറാത്ത വൃക്കരോഗമുളളവര്‍ക്ക് തീവ്രമായ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. ചര്‍മ്മത്തിന്റെ ഈ അവസ്ഥയെ 'പ്യൂരിറ്റസ്' എന്നാണ് വിളിക്കുന്നത്. ഇത് മുഖത്തിന്റെയും കഴുത്തിന്റെയും ഭാഗങ്ങളെ പ്രത്യേകമായി ബാധിക്കുന്നു.ചൊറിച്ചില്‍, ചുവന്ന പാടുകളും മറ്റും ശരീരത്തില്‍ ഉണ്ടാക്കുകയും ചെയ്യുന്നു.ഇത്തരത്തിലുണ്ടാകുന്ന വൃണങ്ങളും പാടുകളും വേദനാജനകമോ അണുബാധയ്‌ക്കോ കാരണമാകും.

കണ്ണുകള്‍ക്ക് ചുറ്റുമുളള കറുത്ത പാടുകള്‍

കണ്ണുകള്‍ക്ക് ചുറ്റുമുളള പാടുകള്‍ പലപ്പോഴും ക്ഷീണം കൊണ്ടാണെന്ന് പലരും വിശ്വസിക്കാറുണ്ട്. എന്നാല്‍ ഈ ലക്ഷണം വൃക്കരോഗത്തിന്റെ കൂടി സൂചനയാണെന്ന് പറയപ്പെടുന്നു. വൃക്കകളുടെ പ്രവര്‍ത്തനം മോശമാകുമ്പോള്‍ ദ്രാവകവും മാലിന്യങ്ങളും അടിഞ്ഞുകൂടി കണ്ണുകള്‍ക്ക് ചുറ്റുമുളള ഭാഗം വീര്‍ക്കുകയും ഇരുണ്ടതായി മാറുകയും ചെയ്യുന്നു. ഈ കറുത്ത പാടുകള്‍ ചതവുകള്‍ പോലെയാണ്. ഇത്തരത്തില്‍ കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത വളയം വൃക്കരോഗത്തിന്റെ മാത്രം ലക്ഷണമല്ല. പക്ഷേ ഈ ലക്ഷണം പെട്ടെന്ന് പ്രത്യക്ഷപ്പെടുകയോ വീക്കം അല്ലെങ്കില്‍ ക്ഷീണം പോലുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം വഷളാവുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

കഴുത്തിലെ ഞരമ്പുകളുടെ നീര്‍വീക്കം

വൃക്ക രോഗം മൂര്‍ച്ഛിച്ചാല്‍ ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുകയും അത് നീര്‍വീക്കത്തിലേക്ക് നയിക്കുകയും പിന്നീട് കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും ചെയ്യും. വൃക്ക സംബന്ധമായ തകരാറുകള്‍ ഉള്ളപ്പോള്‍ കഴുത്തിലെ ഞരമ്പുകള്‍ വലുതാവുകയോ വീര്‍ക്കുകയോ ചെയ്യാം. ഇത് ' ജുഗുലര്‍ വെയിന്‍ ഡിസ്റ്റന്‍ഷന്‍' എന്ന് അറിയപ്പെടുന്നു. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Symptoms of kidney disease on the face and neck

To advertise here,contact us