വർഷങ്ങളായി നമ്മൾ കേൾക്കുന്ന കാര്യമാണ്, സസ്യാഹാരമാണ് ആരോഗ്യത്തിന് നല്ലതെന്ന്. ഹൃദയാരോഗ്യത്തിനും നല്ല ഉറക്കത്തിനും ഈ ആഹാരരീതി മികച്ചതാണെന്നും പൊതുവേ പറയപ്പെടുന്നുണ്ട്. നിലവിൽ അമേരിക്കൻ ജേർണൽ ഒഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ വന്ന പഠനം പറയുന്നത്, ഈ പറയുന്നതിലൊക്കെ കുറച്ച് കാര്യങ്ങളുണ്ടെന്നാണ്. നിങ്ങൾ വെജിറ്റേറിയൻ ആണെങ്കിൽ ചില കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കുമത്രേ. അതും ചില കേസുകളിൽ 50ശതമാനമാണത്.
യുഎസ് ലോമ ലിൻഡ സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റായ ഗാരി ഫേസർ നയിച്ച പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2002നും 2007നും ഇടയിൽ കാനഡയിലും യുഎസിലുമുണ്ടായിരുന്ന 79, 468 പേരുടെ മെഡിക്കൽ റെക്കോർഡുകളാണ് ഗവേഷകർ പഠനത്തിനായി തിരഞ്ഞെടുത്തത്. തുടക്കത്തിൽ ആരും കാൻസർ രോഗികളായിരുന്നില്ല. റിപ്പോർട്ടുകളുടെ ഫോളോ അപ്പ് പരിശോധിച്ചതിൽ 2015 ആയപ്പോഴേക്കും വെജിറ്റേറിയൻ ഭക്ഷണക്രമമുള്ളവർക്കും നോൺ വെജിറ്റേറിയൻ ഭക്ഷണക്രമമുള്ളവർക്കും ചില മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടു.
സസ്യാഹാരം കഴിക്കുന്നവർക്ക് സ്റ്റൊമക്ക് കാൻസറിനുള്ള സാധ്യത 45 ശതമാനത്തോളം കുറവായിരുന്നു. അതേസമയം തന്നെ ഇവർക്ക് ലിംഫോമ വരാനുള്ള സാധ്യതയിൽ 25 ശതമാനം കുറവുമാണ്. എല്ലാ കാൻസറുകളും പരിഗണിച്ചാലും, ഈ ഭക്ഷണരീതി പിൻതുടരുന്നവർക്ക് കാൻസർ വരാനുള്ള സാധ്യത പന്ത്രണ്ട് ശതമാനത്തോളം കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. ദഹനപ്രക്രിയയിൽ ആഹാരവുമായി നേരിട്ട് ബന്ധമുള്ള ഗാസ്ട്രോഇന്റസ്റ്റീനൽ സിസ്റ്റത്തിൽ കൃത്യമായ മാറ്റങ്ങൾ ഗവേഷകർ മനസിലാക്കി. പ്രോസസ് ചെയ്ത മാംസം ചില കാൻസറുകൾക്ക് കാരണമാകുമെന്ന് മുമ്പ് തന്നെ വ്യക്തമാണ്. അതേസമയം പഴങ്ങളും പച്ചക്കറികളും ചില മത്സ്യങ്ങളും മാംസവും കാൻസറിൽ നിന്നും സംരക്ഷണം തരുകയും ചെയ്യും, പക്ഷേ അവ മികച്ചതും അനാവശ്യമായ ചേരുവകളൊന്നും അടങ്ങിയിട്ടില്ലാത്തവയുമായിരിക്കണം.
പഠനം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും യൂറിനറി ട്രാക്ട്, നാഡി വ്യവസ്ഥ എന്നിവയ്ക്കൊക്കെ ഉണ്ടാകുന്ന കാൻസർ വെജിറ്റേറിയൻ ഭക്ഷണരീതിയുള്ളവരിൽ വരില്ലെന്ന് ഗവേഷകർ ഉറപ്പ് നൽകുന്നില്ല. ശ്വാസകോശം, ഗർഭാശയം, പാൻക്രിയാറ്റിക്ക് കാൻസർ എന്നിവ വെജിറ്റേറിയൻ ഭക്ഷണക്രമം തുടരുന്നവർക്ക് വരാൻ സാധ്യത കുറവാണെന്ന് പഠനം ഉറപ്പുനൽകുന്നുണ്ട്. പഠനത്തിൽ ആഹാരരീതിയുമായുള്ള ബന്ധത്തെ കുറിച്ചാണ് കൂടുതൽ വ്യക്തമാകുന്നത്, പക്ഷേ ഇതാണ് കാരണം എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടില്ല. മാംസാഹാരം ഉപേക്ഷിക്കുന്നവർക്ക് മറ്റ് ആരോഗ്യകരമായ ശീലങ്ങൾ ആരംഭിക്കാം. കൂടുതൽ വ്യായാമം ചെയ്യുന്നത് ഇത്തരം അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.
അതേസമയം സസ്യാഹാര രീതി പിന്തുടരുമ്പോൾ പോഷകകുറവ് ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Being Vegetarian lower Cancer risk says Study