കുഞ്ഞായിക്കുമ്പോൾ മുതൽ തുടങ്ങുന്ന ഒരു ദുഃശീലം വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മുതിർന്നവർ പലപ്പോഴും നമ്മളെ ഉപദേശിക്കുന്ന കാര്യമാണ് മൂക്കിൽ വിരലുകളിടരുത് എന്നത്. ഒരു ഉപദ്രവുമില്ലാത്ത കാര്യമല്ലേ എന്നാവും വഴക്ക് കേൾക്കുമ്പോൾ നമ്മൾ ചിന്തിക്കുക. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാലയിൽ നടന്ന പഠനം പറയുന്നത് അറിഞ്ഞിരിക്കേണ്ടതാണ്.നോസ് പിക്കിങ് എന്ന ശീലം അൽഷിമേഴ്സിന് കാരണമാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. നേച്ചർ സയന്റിഫിക്ക് റിപ്പോർട്ട്സിൽ പബ്ലിഷ് ചെയ്ത പഠനത്തിൽ എങ്ങനെയാണ് ചില ബാക്ടീരിയകൾ മൂക്കിൽ നിന്നും നേരിട്ട് തലച്ചോറിലെത്തുന്നതും ഇത് മൂലമുണ്ടാകുന്ന ബയോളജിക്കലായ മാറ്റങ്ങൾ എങ്ങനെ അൽഷിമേഴ്സിലേക്ക് എത്തിക്കുമെന്നും വിവരിക്കുന്നു.
ഓൾഫാക്ടറി നാഡി വഴി മൂക്കും തലച്ചോറുമായി നേരിട്ട് ബന്ധമുണ്ട്. ഈ നാഡികള് വഴിയാണ് നമുക്ക് ഗന്ധങ്ങൾ തിരിച്ചറിയാൻ കഴിയുന്നത്. ഇതിലൂടെ ബാക്ടീരിയകൾക്ക് നേരിട്ട് തലച്ചോറിലെത്താൻ കഴിയും. നാഡി വഴിയായതിനാൽ ശരീരത്തിലെ മറ്റ് പ്രതിരോധ വ്യവസ്ഥകൾക്ക് ഇവയെ തടയാൻ സാധിക്കില്ല. ചില എലികളിൽ നടത്തിയ പഠനത്തിൽ ന്യുമോണിയക്ക് കാരണമാകുന്ന ബാക്ടീറിയ ഇത്തരത്തിൽ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്ക് കടന്നുകയറിയതായി മനസിലാക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ഇത്തരത്തിൽ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടായാൽ ബ്രെയിൻ കോശങ്ങൾ അമിലോയിഡ് ബീറ്റാ പ്രോട്ടീൻ ഉത്പാദിപ്പിക്കും. ഈ പ്രോട്ടീൻ മൂലമുണ്ടാകുന്ന പ്ളാക്കുകള് അൽഷിമേഴ്സ് ഉള്ളവരുടെ തലച്ചോറിൽ കാണാം. അൽഷിമേഴ്സിന്റെ ലക്ഷണങ്ങൾക്ക് കാരണമാകുന്നത് ഈ പ്ളാക്കുകളാണെന്നാണ് കരുതപ്പെടുന്നത്. അതായത് ഓർമക്കുറവ്, ആശയക്കുഴപ്പം എന്നിവ ഉണ്ടാക്കുന്നത് ഇതുവഴിയാണത്രേ. നമ്മൾ ഒരു കുഴപ്പവുമില്ലെന്ന് കരുതുന്ന പ്രവർത്തി നമ്മുടെ തന്നെ ദുരവസ്ഥയ്ക്ക് കാരണമാകുന്നത് ഇത്തരത്തിലാണെന്ന് പഠനം പറയുന്നു.
മുമ്പ് അൽഷിമേഴ്സ് ഉള്ളവരുടെ തലച്ചോറിൽ ന്യുമോണിയ ഉണ്ടാക്കുന്ന ബാക്ടീരിയകൾ കണ്ടെത്തിയിട്ടുണ്ട്. പുതിയ പഠനത്തിലൂടെ ഇവ എങ്ങനെയാണ് തലച്ചോറിലെത്തുന്നതെന്ന് വ്യക്തമായി. ഒരു ബാക്ടീരിയ തന്നെ ഈ അവസ്ഥയ്ക്ക് കാരണമാകണമെന്നില്ല. ഒരു കൂട്ടം വ്യത്യസ്തമായ അണുക്കളും ഇത്തരത്തിൽ അപകടകാരികളാകും. ഒരു രാത്രി വെളുക്കുമ്പോഴല്ല ഇത്തരത്തിൽ സംഭവിക്കുന്നത്, നിരന്തരമായി ഒരു ശീലം പിന്തുടരുമ്പോഴാണെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം നോസ് പിക്കിങ് അൽഷിമേഴ്സിന് കാരണമാകുന്നു എന്നത് വ്യക്തമാക്കാൻ ഇനിയും തെളിവുകൾ തേടേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഈ ശീലം മൂലം മറ്റ് പലതരത്തിലുള്ള അണുബാധകളും ഉണ്ടാകുമെന്ന് അവർ വ്യക്തമാക്കുന്നു. മൂക്കിൽ കൈയിടുന്നതിനൊപ്പം മൂക്കിനുള്ളിലെ മുടിയിഴകൾ പിഴുതെടുക്കുന്ന ശീലവും പ്രശ്നമാണ്. ഇതുമൂലമുണ്ടാകുന്ന ചെറിയ മുറിവുകൾ പോലും ബാക്ടീരിയ്ക്ക് എളുപ്പത്തിൽ ശരീരത്തിനുള്ളിൽ കടക്കാനുള്ള മാർഗമാണ്.(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല് മെഡിക്കല് നിര്ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്ക്കും ആശങ്കകള്ക്കും ഡോക്ടര്മാരുടെ മാര്ഗനിര്ദേശം തേടുക)Content Highlights: New study points out that Nose picking can cause Alzheimer's