നിങ്ങള്‍ ഇങ്ങനെയാണോ ഷാംപൂ ഉപയോഗിക്കുന്നത്; മുടി വളരാത്തത് ഇതുകാരണമാകാം

തല വല്ലാതെ വിയര്‍ക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ വല്ലാതെ എണ്ണമയം ഇല്ലെങ്കില്‍ ആഴ്ചയില്‍ 2-3 തവണ മാത്രം തല കുളിക്കുന്നതാണ് നല്ലത്.

നിത്യവും തല കുളിക്കുന്നത് വൃത്തിയുള്ള ഒരു ശീലമായിട്ടായിരിക്കും കണക്കാക്കുക. പക്ഷെ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്ന് എത്രപേര്‍ക്കറിയാം. ഇടയ്ക്കിടെ തല ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് തലയോട്ടിയിലെ, മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും. ഇത് വരള്‍ച്ച, മുടിപൊട്ടിപ്പോകല്‍, മുടിവളരുന്നതിന് ആവശ്യകരമായ ആരോഗ്യകരമായ അന്തരീക്ഷം എന്നിവ ഇല്ലാതാക്കും. തല വല്ലാതെ വിയര്‍ക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ വല്ലാതെ എണ്ണമയം ഇല്ലെങ്കില്‍ ആഴ്ചയില്‍ 2-3 തവണ മാത്രം തല കുളിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.

നിങ്ങളുടെ മുടി നോക്കി വേണം ഷാംപൂ തിരഞ്ഞെടുക്കാന്‍. മുടിക്ക് അനുയോജ്യമായ ഷാംപൂ അല്ല ഉപയോഗിക്കുന്നതെങ്കില്‍ അതും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങള്‍ക്ക് ചുരണ്ട, വരണ്ട കെമിക്കലി ട്രീറ്റ് ചെയ്തിട്ടുള്ള മുടിയാണെങ്കില്‍ എണ്ണമയമുള്ള ശിരസ്സിന് വേണ്ടി തയ്യാറാക്കിയ ഷാംപൂ ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്നത് വീണ്ടും തല ഡ്രൈ ആകാന്‍ കാരണമാകും. ഇത് നിങ്ങളുടെ ഹെയര്‍ ഫോളിക്കിളുകളെ ബാധിക്കും. നിങ്ങളുടെ മുടിക്ക് എങ്ങനെയുള്ള ഷാംപൂ ആണോ ആവശ്യം അതുനോക്കി തിരഞ്ഞെടുക്കുക.

ഡ്രൈ ആയിട്ടുള്ള മുടിയില്‍ ഒരിക്കലും ഷാംപൂ നേരിട്ട് അപ്ലൈ ചെയ്യരുത്. ചില പ്രത്യേകയിടങ്ങളില്‍ ഇവ കൂടുതല്‍ ആഗിരണം ചെയ്യപ്പെടുന്നതിന് കാരണമാകും. ഇങ്ങനെ എല്ലായിടത്തും കൃത്യമായ അളവില്‍ എത്താത്തുകൊണ്ട് ചിലയിടത്ത് മാത്രം വൃത്തിയാകാതെ ഇരിക്കുകയും ചെയ്യും. അത് ഹെയര്‍ ഫോളിക്കിളുകളുടെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ഷാംപൂ ഉപയോഗിക്കും മുന്‍പ് നിങ്ങളുടെ മുടി പൂര്‍ണമായും നനയ്ക്കണം.

മുടി വൃത്തിയായി കഴുകി ഉണക്കണം. കഴുകുമ്പോള്‍ തലയോട്ടി കൃത്യമായി വൃത്തിയാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തലയില്‍ പൂര്‍ണമായും കഴുകിപ്പോകാതെ ഷാംപൂ തലയില്‍ ഉണങ്ങിപ്പിടിച്ച് ഇരിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. തലയോട്ടി പൂര്‍ണമായി വൃത്തിയായി എന്ന് തോന്നുന്നത് വരെ ഒരു മിനിറ്റോളം മുടി ചെറുചൂടുവെള്ളത്തില്‍ കഴുകുന്നത് നല്ലതാണത്രേ.

പലരും ഷാംപൂ തേക്കുമ്പോള്‍ മുടിയിഴകളില്‍ മാത്രമായി അത് പുരട്ടും. അപ്രകാരം ചെയ്താല്‍ നിങ്ങളുടെ തലയോട്ടി ഒരിക്കലും വൃത്തിയാകില്ല. ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ച വേരില്‍ നിന്നാണ്. അതിനാല്‍ തലയോട്ടി വൃത്തിയാക്കുക പ്രധാനം തന്നെയാണ്. ഇല്ലെങ്കില്‍ സ്വാഭാവികമായ എണ്ണ, മൃത ചര്‍മ കോശങ്ങള്‍, എന്നിവ തലയോട്ടിയില്‍ തന്നെ ഇരിക്കും. അത് പിന്നീട് ചര്‍മപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുളള കാര്യങ്ങളിലേക്ക് നയിക്കും. ഹെയര്‍ ഫോളിക്കിളുകളെ തടസ്സപ്പെടുത്തുകയും മുടി വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. ഷാംപൂ തേച്ചതിന് ശേഷം അല്പസമയം മസാജ് ചെയ്യുന്നതിനായി മാറ്റിവയ്ക്കണം. മൃദുവായി വൃത്താകൃതിയില്‍ അല്പസമയം രക്തചംക്രമണത്തെ സഹായിക്കുന്ന തരത്തില്‍ തലയില്‍ മസാജ് ചെയ്യുകയും വേണം.

മുടി വൃത്തിയാക്കാന്‍ കൂടിയ അളവില്‍ ഷാംപൂ ഉപയോഗിക്കരുത്. ഇത് വൃത്തിയാക്കുന്നതിന് പകരം നിങ്ങളുടെ തലയോട്ടി ഡ്രൈ ആകുന്നതിന് കാരണമാകും. സ്വാഭാവികമായ എണ്ണമയം നഷ്ടപ്പെടുത്തും. മീഡിയം നീളത്തിലുള്ള മുടിയാണെങ്കില്‍ ഒരു നാണയത്തിന്റെ വലിപ്പത്തില്‍ മാത്രം ഷാംപൂ എടുക്കുക

ചൂടുവെള്ളത്തില്‍ കുളിക്കുന്നത് വളരെ റിലാക്‌സിങ് ആയിട്ടുള്ള ഒരു ഫീലായിരിക്കും തരിക. പക്ഷെ അത് നിങ്ങളുടെ മുടിക്ക് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യുന്നില്ല. ഇത് സത്യത്തില്‍ മോയ്ചര്‍ നഷ്ടമാകാനും മുടിപൊട്ടിപ്പോകാനുമാണ് വഴിവയ്ക്കുക. ഇത് തലയോട്ടിയെ ഡ്രൈ ആക്കും. താരന് കാരണമാകും, മുടി വളര്‍ച്ചയെ സഹായിക്കുന്നത് എല്ലായ്‌പ്പോഴും ഇളംചൂടുള്ള വെള്ളത്തിലെ കുളിയാണ്.

Content Highlights: common shampoo mistakes that may be slowing your hair growth

To advertise here,contact us