ചിട്ടയായ വ്യായാമം, പോഷക സമ്പുഷ്ടമായ ഭക്ഷണം തുടങ്ങി മണിക്കൂറുകള് ആരോഗ്യകരമായ ജീവിതശൈലിക്കായി ഒട്ടേറെ മണിക്കൂറുകള് നാം ചെലവാക്കുന്നുണ്ട്. എന്നാല് ഈ ശീലങ്ങളിലൂടെ മികച്ച ആരോഗ്യം നേടാന് ശ്രമിക്കുമ്പോള് നിത്യജീവിതത്തില് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ചിലവസ്തുക്കളുമായി ഇടപഴകുന്നത് ഈ ഫലങ്ങളെല്ലാം ഇല്ലാതാക്കുന്നുവെന്നാണ് ഡോ.സൗരഭ് സേത്തി പറയുന്നത്. യഥാര്ഥത്തില് ഇവ ആരോഗ്യത്തെ നിങ്ങള് പോലുമറിയാതെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് ഡോ.സേത്തി വിശദമാക്കുന്നത്.
സ്ക്രാച്ച് വീണ നോണ്സ്റ്റിക് പാനുകള്
അടുക്കളയില് നോണ്സ്റ്റിക് പാനുകള് അത്യാവശ്യമാണ്. പക്ഷേ അതില് സ്ക്രാച്ച് വീണാല് അത് ഉപയോഗിക്കാതിരിക്കാന് ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര് പറയുന്നത്. കാരണം സ്ക്രാച്ച് വീണ പാത്രം നിങ്ങളുടെ ഭക്ഷണത്തിലേക്ക് കെമിക്കലുകള് കയറ്റിവിടുന്നുണ്ട്. ഇത് കരളിന്റെ ആരോഗ്യം, ഹോര്മോണ് തടസ്സം, വന്ധ്യത, തൈറോയ്ഡ് അസുഖങ്ങള്, എന്തിനേറെ കാന്സറിന് വരെ കാരണമായേക്കാമെന്നാണ് പഠനങ്ങള് പറയുന്നത്.
കൃത്രിമ മധുരം
അസ്പാര്ട്ടേം, സുക്രലോസ്, സക്കാറിന് തുടങ്ങിയ കൃത്രിമ മധുരങ്ങള് നിങ്ങളുടെ ഗട്ട് മൈക്രോബയോമിനെ ബാധിക്കും. പഞ്ചസാരയോടുള്ള ആര്ത്തിക്ക് കാരണമാകും. യഥാര്ഥ പഞ്ചസാരയോടുള്ള നിങ്ങളുടെ ശരീരത്തിന്റെ പ്രതിപ്രവര്ത്തനത്തെ ഇത് ബാധിക്കും. തേന്, ശര്ക്കര എന്നിവ കൃത്രിമ മധുരത്തിന് പകരം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സേത്തി പറയുന്നു.
ഒറ്റ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബോട്ടിലുകള്
പ്ലാസ്റ്റിക് ബോട്ടിലുകളില് നിന്ന് വെള്ലം കുടിക്കുന്നത്, പ്രത്യേകിച്ച് സൂര്യപ്രകാശവുമായി നിരന്തര സമ്പര്ക്കം പുലര്ത്തിയ ഡിസ്പോസിബിള് പ്ലാസ്റ്റിക് കുപ്പികളില് നിന്ന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് വെള്ളത്തില് മൈക്രോപ്ലാസ്റ്റിക് കലരാന് കാരണമാകും. സ്റ്റെയ്ന്ലെസ്സ് സ്റ്റീല്, ഗ്ലാസ് വാട്ടര് ബോട്ടില് എന്നിവ ഉപയോഗിക്കുക. നിങ്ങളുടെ ആരോഗ്യത്തിനൊപ്പം ഭൂമിക്കും അതുതന്നെയാണ് ഗുണം.
അള്ട്രാ പ്രൊസസ്ഡ് പാക്കേജ്ഡ് ഭക്ഷണം
കാലറി മാത്രമല്ല, ഇതില് നിരവധി പ്രിസര്വേറ്റീവുകളുടെ ഒരു മിശ്രിതമാണ് അടങ്ങഇയിരിക്കുന്നത്. റിഫൈന്ഡ് ഓയില്, അഡിറ്റീവ്സ്, സിന്തറ്റിക് ഫ്ളേവറിങ്സ് തുടങ്ങി നിങ്ങളുടെ ഗട്ട് ലൈനിങ്ങ് കേടുവരുത്തുന്ന വസ്തുക്കള് ഇതില് ധാരാളം അടങ്ങിയിരിക്കുന്നു. ഇത് നീര്വീക്കം, മൈക്രോബയോം ഇന്ബാലന്സ് എന്നിവയ്ക്ക് കാരണമാകും.
എയര് ഫ്രഷ്നേഴ്സ്, സുഗന്ധമുള്ള മെഴുകുതിരികള്
ഇവ വോള്ട്ടൈല് ഓര്ഗാനിക് കോമ്പൗണ്ടുകള്, ഫത്തലേറ്റ്സ് എന്നിവ പുറപ്പെടുവിക്കുന്നുണ്ട്. ഇത് ശ്വസനപ്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്കും ഹോര്മോണ് തകരാറിനും കാരണമാകും. കരള് ആരോഗ്യം, പ്രത്യുല്പാദന സംവിധാനം എന്നിവയും താറുമാറിലാക്കും.
സോസേജുകള്
സലാമി, ബേകണ്, ഹാം, സോസേജ് തുടങ്ങിയവയില് നൈട്രേറ്റ്സ്, നിട്രൈറ്റസ്, ഉയര്ന്ന അളവിലുള്ള സോഡിയം പ്രിസര്വേറ്റീവുകള് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കുടലില് വീക്കത്തിനും ഇന്സുലിന് റെസിസ്റ്റന്സിനും കോളോറെക്ടല് കാന്സറിനും കാരണമാകും.
ആന്റിബാക്ടീരിയല് സോപ്
ട്രൈക്ലോസന് അടങ്ങിയിട്ടുള്ള ആന്റിബാക്ടീരിയല് സോപ്പുകള് ഉപയോഗിക്കുന്നത് നല്ലതല്ല. ട്രൈക്ലോസന് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാല് പല രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ളതാണ്. ട്രൈക്ലോസന് ചര്മത്തിന്റെ സ്വാഭാവിക മൈക്രോബയോമിനെ ഇല്ലാതാക്കുമെന്ന് മാത്രമല്ല, ഹോര്മോണല് പ്രശ്നങ്ങള്ക്കും കാരണമാകും.
തുണികളില് അലക്കുമ്പോള് ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്
അലക്ക് ഉല്പന്നങ്ങളിലുള്ള ഫ്രഷ് സുഗന്ധം സാധാരണഗതിയില് സിന്തറ്റിക് കെമിക്കലുകളുടെ മിശ്രിതമാണ്. അത് നിങ്ങളുടെ വസ്ത്രങ്ങളില് പറ്റിപ്പിടിച്ചിരിക്കുകയും ചര്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. ഇത് സ്കിന് ഇറിറ്റേഷന് കാരണമാകും.
Content Highlights: 8 everyday toxins that could be silently damaging your gut, liver, and hormones