കാന്സര് സാധ്യത തടയാനുള്ള മരുന്നുകളേയും അതുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളേയും വളരെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അത്തരത്തില് പ്രതീക്ഷ നല്കുന്ന ഒരു കണ്ടുപിടുത്തമാണ് ഇംഗ്ലണ്ടിലെ NHS കാന്സര് വാക്സിന് ലോഞ്ച് പാഡ് (CVLP) വഴി രോഗികളില് പരീക്ഷിച്ച് വരുന്നത്.
കാന്സര് ഉള്ള രോഗികളില് ശസ്ത്രക്രിയ പോലുള്ള ചികിത്സകള്ക്ക് ശേഷം തിരിച്ചുവരുന്ന കാന്സര് കോശങ്ങളെ നശിപ്പിക്കാവുന്ന തരത്തില് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന് ഇത്തരം വാക്സിന് സഹായിക്കുന്നു. അതുവഴി രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു.
പാന്ക്രിയാറ്റിക്, വന്കുടല് കാന്സറുകളുടെ തിരിച്ചുവരവ് തടയാന് വാക്സിന് സഹായിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. കൂടുതല് ഗവേഷണങ്ങള് ഈ വാക്സിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുകയാണ്. എംആര്എന്എ കുത്തിവയ്പ്പുകളേക്കാള് വിലകുറഞ്ഞതും വേഗത്തില് ലഭ്യമാകുന്നതും മറ്റ് ചികിത്സകളെക്കാള് വിഷാംശം കുറഞ്ഞതും ആയിരിക്കും ഇത്.
വാക്സിന് വളരെ പ്രയോജനം ചെയ്യുമെന്ന് ലോസ് ഏഞ്ചല്സിലെ കാലിഫോര്ണിയ സര്വ്വകലാശാല ഓങ്കോളജിസ്റ്റും പഠനത്തിന്റെ സഹരചയിതാവുമായ പ്രൊഫ. സെവ് വെയ്ന്ബര്ഗ് പറയുന്നു. 'നേച്ചര് മെഡിസിന് ജേണലില്' പ്രസിദ്ധീകരിച്ച പഠനത്തില് പാന്ക്രിയാറ്റിക് കാന്സറിന് ശസ്ത്രക്രിയ നടത്തിയ 20 രോഗികള്ക്കും വന്കുടല് കാന്സറിന് ശസ്ത്രക്രിയ നടത്തിയ 5 രോഗികള്ക്കും ELI-002 2p എന്ന വാക്സിന് പരീക്ഷിച്ചുവെന്ന് വെയ്ന്ബര്ഗും സംഘവും പറയുന്നു.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്, ഈ വാക്സിന് കാന്സറിന് കാരണമാകുന്ന ഏറ്റവും സാധാരണമായ ജനിതക ഘടകങ്ങളില് ഒന്നായ KRAS ജീന് മ്യൂട്ടേഷനുകളെയാണ് ലക്ഷ്യമിടുന്നത്.
Content Highlights :Researchers say vaccine could prevent cancer from returning; promising discovery