മുടികൊഴിച്ചില്‍ പരിധിക്കപ്പുറമാണോ? ഇക്കാരണങ്ങളാണോ നിങ്ങളുടെ മുടികൊഴിയാന്‍ കാരണം

മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. കാരണം കണ്ടെത്തുന്നത് പരിഹാരത്തിന്റെ ആദ്യ പടിയാണ്

മുടികൊഴിച്ചില്‍ സൗന്ദര്യത്തെക്കുറിച്ചുള്ള ആശങ്കകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്. ഇക്കാലത്ത് സ്ത്രീപുരുഷഭേദമന്യേ വര്‍ധിച്ചുവരുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ദിവസം 50മുതല്‍ 100 വരെ മുടി കൊഴിയുന്നത് തികച്ചും സാധാരണമാണ്. പക്ഷേ അതില്‍ കൂടുതലായാല്‍ ശ്രദ്ധിക്കേണ്ടതുമാണ്. മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ടാകാം. ഈ കാരണം കണ്ടെത്തിയാല്‍ അതിനുള്ള ചികിത്സ ഫലപ്രദമാക്കാം.

സമ്മര്‍ദ്ദമാണോ കാരണം

ആളുകള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകുന്നത് സര്‍വ്വസാധാരണമാണ്. സമ്മര്‍ദ്ദം മുടികൊഴിച്ചിലിന് കാരണമാകും. ഉയര്‍ന്ന സമ്മര്‍ദ്ദം നമ്മുടെ രോമകൂപങ്ങളെ 'വിശ്രമ' ഘട്ടത്തിലേക്ക് തള്ളിവിടുന്നു. അതായത് അവ കുറച്ച് കാലത്തേക്ക് പുതിയ മുടി ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുന്നു. അതുകൊണ്ടുതന്നെ ആഴ്ചകള്‍ക്ക് ശേഷം മുടിയിഴകള്‍ ഒറ്റയടിക്ക് കൊഴിഞ്ഞുപോകാന്‍ കരണമാകുന്നു. യോഗ, നടത്തം, അല്ലെങ്കില്‍ ശ്വസന വ്യായാമങ്ങള്‍ ഇവയൊക്കെ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ഹോര്‍മോണ്‍ മാറ്റങ്ങളെയും സംശയിക്കാം

മാനസികാവസ്ഥയിലെ മാറ്റങ്ങളും ഊര്‍ജ്ജ നിലകളും മാത്രമല്ല ഹോര്‍മോണുകളാല്‍ നിയന്ത്രിക്കപ്പെടുന്നത്. ഹോര്‍മോണുകള്‍ മുടിയുടെ ആരോഗ്യവുമായും ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഗര്‍ഭധാരണം, പ്രസവാനന്തര മാറ്റങ്ങള്‍, ആര്‍ത്തവവിരാമം, മാസമുറ വൈകിപ്പിക്കാന്‍ ഗുളികകള്‍ കഴിക്കുന്നതോ പോലും മുടി വളര്‍ച്ചാ ചക്രത്തെ തടസ്സപ്പെടുത്തും. ചില സന്ദര്‍ഭങ്ങളില്‍, തൈറോയ്ഡ് അസന്തുലിതാവസ്ഥയും മുടി കൊഴിച്ചിലിന് കാരണമാകും.

ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് മുടികൊഴിച്ചിലിന് കാരണമെന്ന് സംശയിക്കുന്നുവെങ്കില്‍ ഒരു ആരോഗ്യ വിദഗ്ധനെ കണ്ട് ഹോര്‍മോണ്‍ ലെവലുകള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.

പോഷകാഹാരക്കുറവും ഒരു കാരണമാണ്

മുടി തഴച്ചുവളരാന്‍ വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനുകളും ഒക്കെ ആവശ്യമാണ്. ഇരുമ്പ്, വിറ്റാമിന്‍ ഡി, സിങ്ക് അല്ലെങ്കില്‍ ബയോട്ടിന്‍ എന്നിവയുടെ കുറവ് മുടിയുടെ തണ്ടിനെ ദുര്‍ബലപ്പെടുത്തുകയും വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യും. ക്രാഷ് ഡയറ്റുകള്‍, ഭക്ഷണം ഒഴിവാക്കുക, അല്ലെങ്കില്‍ അസന്തുലിതമായ ഭക്ഷണക്രമം എന്നിവ പ്രശ്‌നം കൂടുതല്‍ വഷളാക്കും. ഒരു രക്ത പരിശോധനയിലൂടെ പോഷകകുറവ് കണ്ടെത്താവുന്നതാണ്. ഇലക്കറികള്‍ , മുട്ട, നട്‌സ്, മത്സ്യം തുടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നത് മുടിയുടെ ആരോഗ്യത്തില്‍ ശ്രദ്ധേയമായ വ്യത്യാസം വരുത്തും.

ചൂടും സ്‌റ്റൈലിംഗും മൂലമുള്ള കേടുപാടുകള്‍

സ്‌ട്രെയിറ്റ്‌നറുകള്‍, കേളിംഗ് വാണ്ടുകള്‍, ബ്ലോ ഡ്രയറുകള്‍, ടൈറ്റ് ഹെയര്‍സ്‌റ്റൈലുകള്‍ എന്നിവ പോലും നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ ദോഷം ചെയ്യും. ചൂട് മുടിയുടെ സ്വാഭാവിക ഘടനയെ ദുര്‍ബലപ്പെടുത്തുന്നു. അതേസമയം നിരന്തരം സ്‌ട്രെയിറ്റ്‌നറുകളും മറ്റും ഉപയോഗിക്കുന്നത് മുടിയുടെ വേരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കാലക്രമേണ, ഇത് മുടി പൊട്ടിപ്പോകാന്‍ ഇടയാക്കും. ഹീറ്റ്-പ്രൊട്ടക്റ്റന്റ് സ്‌പ്രേകള്‍ ഉപയോഗിക്കുക, ഹോട്ട് ടൂള്‍ ഉപയോഗം പരിമിതപ്പെടുത്തുക, ഇറുകിയ മുടികെട്ടലുകള്‍ മാറ്റി അയഞ്ഞ ഹെയര്‍ സ്‌റ്റൈലുകള്‍ ചെയ്യുക.

തലയോട്ടിയില്‍ താരന്‍ പോലുളള അണുബാധകള്‍

ആരോഗ്യമുള്ള മുടിയുടെ അടിത്തറയാണ് തലയോട്ടി. താരന്‍, സോറിയാസിസ്, ഫംഗസ് അണുബാധ തുടങ്ങിയ അവസ്ഥകള്‍ രോമകൂപങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തും. സ്‌റ്റൈലിംഗ് ജെല്ലുകളിലും സ്‌പ്രേകളിലും നിന്നും അടിഞ്ഞുകൂടുന്ന ഉല്‍പ്പന്നങ്ങള്‍ പോലും കാലക്രമേണ തലയോട്ടിയെ ശ്വാസംമുട്ടിക്കാന്‍ ഇടയാക്കും. ഔഷധ ഷാംപൂകളോ പ്രൊഫഷണല്‍ പരിചരണമോ നല്‍കുന്നത് മുടി വളര്‍ച്ച സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് സഹായിക്കും.

പ്രായവും ജനിതകശാസ്ത്രവും

ആന്‍ഡ്രോജെനെറ്റിക് അലോപ്പീസിയ എന്ന് അറിയപ്പെടുന്ന ജനിതകമായ കാരണങ്ങള്‍ കൊണ്ടുള്ള മുടി കൊഴിച്ചില്‍ പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കും.മിനോക്‌സിഡില്‍, പിആര്‍പി തെറാപ്പി, അല്ലെങ്കില്‍ മുടി മാറ്റിവയ്ക്കല്‍ പോലുള്ള ചികിത്സകള്‍ മുടിയ്ക്ക് കൂടുതല്‍ കനം നിലനിര്‍ത്താന്‍ സഹായിക്കും.

അമിതമായി മുടി കഴുകുന്നതും തെറ്റായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും

എല്ലാ ദിവസവും മുടി കഴുകുന്നത് മുടിയുടെ ആരോഗ്യവും ജലാംശവും നിലനിര്‍ത്തുന്ന പ്രകൃതിദത്ത എണ്ണമയം ഇല്ലാതാക്കും. ആല്‍ക്കഹോള്‍ അല്ലെങ്കില്‍ സള്‍ഫേറ്റുകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുടി വരണ്ടതാക്കുകയും കാലക്രമേണ ദുര്‍ബലമാക്കുകയും ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുടി കഴുകാന്‍ ശ്രമിക്കുക. നിങ്ങളുടെ മുടിയുടെ തരവുമായി പൊരുത്തപ്പെടുന്ന ഷാംപുകള്‍ ഉപയോഗിക്കുക. മുടി കൊഴിച്ചില്‍ കൂടുതലാണെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെയോ ട്രൈക്കോളജിസ്റ്റിനെയോ സമീപിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുളളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് വളരെ അത്യാവശ്യമാണ്.)

Content Highlights :Is hair loss out of control? Are these the reasons behind your hair loss?

To advertise here,contact us