എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന സമൂഹമായി മനുഷ്യർ മാറി കഴിഞ്ഞു. സംശയങ്ങൾക്കെല്ലാം ഉത്തരവും പരിഹാരവും തരുമെന്ന് കരുതി, ചാറ്റ് ജിപിടിയെ ന്യൂട്രീഷ്യണിസ്റ്റായും ഡോക്ടറായും കാണരുതേ എന്ന മുന്നറിയിപ്പാണ് ഇപ്പോൾ ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്നത്. അത്തരത്തിൽ അമ്പരപ്പിക്കുന്ന ഒരു സംഭവമാണ് യൂണിവേഴ്സിറ്റി ഒഫ് വാഷിംഗ്ടണിലെ ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചാറ്റ് ജിപിടി നിർദേശിച്ച ഡയറ്റ് പിന്തുടർന്ന് യുവാവിന് മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തിന്റെ വിശദമായ വിവരങ്ങളാണ്അനൽസ് ഒഫ് ഇന്റേർണൽ മെഡിസിൻ എന്ന ജേർണലിൽ വന്ന റിപ്പോർട്ടിലുള്ളത്. എഐ ബന്ധമുള്ള ആദ്യ ബ്രോമൈഡ് പോയിസണിങ് സംഭവമാണിതെന്നാണ് ഗിസ്മോഡോ വെബ്സൈറ്റ് പറയുന്നത്. ഡയറ്റിൽ ക്ലോറൈഡിന് പകരം യുവാവ് സോഡിയം ബ്രോമൈഡ് മൂന്നുമാസത്തോളം കഴിച്ചതാണ് വിനയായത്. ഇത് സേഫായ സബ്സ്റ്റിറ്റിയൂട്ട് ആണെന്നായിരുന്നു യുവാവിന്റെ ധാരണ. പക്ഷേ ഇതിൽ നിന്നും വിഷബാധയേറ്റതാണ് ജീവൻമരണ പോരാട്ടത്തിനിടയാക്കിയത്. സോഡിയം ബ്രോമൈഡ് സജസ്റ്റ് ചെയ്ത ചാറ്റ് ജിപിടി പക്ഷേ അതിന്റെ അപകടകരമായ വശത്തെ കുറിച്ച് യുവാവിന് മുന്നറിയിപ്പ് നൽകിയില്ല.
ഉത്കണ്ഠയ്ക്കും ഇൻസോമാനിയയ്ക്കുമുള്ള മരുന്നുകളിൽ ബ്രോമൈഡ് സംയുക്തങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായതോടെ പതിറ്റാണ്ടുകൾ മുമ്പ് ഇവയെ ഒഴിവാക്കിയിരുന്നു. ഇപ്പോൾ വെറ്റനറി മരുന്നുകളിലും ചില വ്യവാസായിക ഉത്പന്നങ്ങളിലും മാത്രമാണ് ബ്രോമൈഡുകളുടെ സാന്നിധ്യമുള്ളു.
ആരോഗ്യം മോശമായതിനെ തുടർന്ന് ഇയാൾ ചികിത്സ തേടിയപ്പോൾ, ദാഹമുണ്ടായിട്ട് വെള്ളം പോലും കുടിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് ഇയാളുടെ അവസ്ഥ കൂടുതൽ മോശമായി. ഒടുവിൽ ഡോക്ടർമാർ കൃത്യമായ ചികിത്സയിലൂടെ ഇയാളെ സംസാരിക്കാൻ കഴിയുന്ന അവസ്ഥവരെ എത്തിച്ചു. അപ്പോഴാണ് ചാറ്റ് ജിപിടിയാണ് വില്ലെന്ന് വ്യക്തമാകുന്നത്.
ഡയറ്റിൽ അമിതമായ രീതിയിൽ ടേബിൾ സാൾട്ട് ഉപയോഗിക്കുന്നതിനാൽ, ക്ലോറൈഡിന് പകരമായി എന്താണ് ഉപയോഗിക്കാൻ കഴിയുകയെന്ന് ചാറ്റ്ജിപിടിയോട് ചോദിച്ചു. ഇതിന് ബ്രോമൈഡ് എന്നാണ് എഐ നൽകിയ മറുപടി. ഡോക്ടർമാർക്ക് ഇയാളുടെ ചാറ്റ് ജിപിടിയുമായുള്ള യഥാർഥ ചാറ്റ് കണ്ടെടുക്കാനായില്ല. പകരം യുവാവ് ചോദിച്ച അതേ ചോദ്യത്തിന് ബ്രോമൈഡെന്നാണ് ഉത്തരം നൽകിയത്. പക്ഷേ ഇത് മനുഷ്യർക്ക് കഴിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുമില്ല.
മൂന്നാഴ്ചയോളമാണ് യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. എഐ ടൂളുകൾ ശാസ്ത്രീയമായ അറിവ് നൽകുമെങ്കിലും ഇവയെ മെഡിക്കൽ ഉപദേശങ്ങൾക്കായി ആശ്രയിക്കരുതെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.Content Highlight: Man narrowingly escaped after following ChatGPT diet