ദിവസവും ബിയര്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിക്കണം

ഒരാള്‍ക്ക് എത്ര അളവില്‍ ബിയര്‍ കഴിക്കാം,സ്ഥിരമായി ബിയര്‍ കഴിച്ചാല്‍ ശരീരത്തിന് എന്ത് സംഭവിക്കും

വല്ലപ്പോഴുമൊക്കെ കൂട്ടുകാരുമൊത്ത് കൂടുമ്പോള്‍ ഒരു ബിയര്‍ ഒക്കെ കുടിക്കുന്നവരുണ്ടാകും അല്ലേ. എന്നാല്‍ സ്ഥിരമായി ബിയര്‍ കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ചില കാര്യങ്ങള്‍ അറിയാതെ പോകരുത്.എല്ലാദിവസവും ബിയര്‍ കുടിക്കുന്നത് ശരീരത്തില്‍ വിവിധ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ശരീരഭാരം കൂടുന്നു

ദിവസവും ബിയര്‍ കുടിക്കുന്നതിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങളിലൊന്നാണ് ശരീരഭാരം വര്‍ധിക്കുക എന്നത്. കാരണം ബിയറില്‍ കലോറി കൂടുതലാണ്. അതുകൊണ്ട് അമിതമായ ഉപയോഗം ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് പതിവായി ബിയര്‍ കഴിക്കുന്നത് പുരുന്മാരില്‍ വയറ് ചാടാനും ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്‌സ് ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കണ്ടെത്തി. ബിയറിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റും ആല്‍ക്കഹോളും ശരീരഭാരം വര്‍ധിക്കുന്നതിന് കാരണമാകുന്നു.

കരളിനുണ്ടാകുന്ന തകരാറ്

അമിതമായ മദ്യപാനം കരളിന് കേടുപാടുകള്‍ വരുത്തും. എല്ലാദിവസവും ബിയര്‍ കുടിക്കുന്നത് ഫാറ്റി ലിവര്‍,ആല്‍ക്കഹോളിക് ഹെപ്പറ്റെറ്റിസ്, സിറോസിസ് തുടങ്ങിയ കരള്‍ രോഗങ്ങള്‍ വരാനുളള സാധ്യത വര്‍ധിപ്പിക്കും. ജേണല്‍ ഓഫ് ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ദീര്‍ഘകാലത്തെ ബിയര്‍ ഉപയോഗം കരളില്‍ വീക്കവും, മുറിവുകളും ഉണ്ടാക്കുകയും ഒടുവില്‍ കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിന് കാരണമാകുകയും ചെയ്യും.

ഹൃദ്‌രോഗ സാധ്യത വര്‍ധിപ്പിക്കുന്നു

മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ഹൃദ്‌രോഗ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഉപയോഗം അമിതമായാല്‍ വിപരീത ഫലം ഉണ്ടാകും. ദിവസേനെയുള്ള ബിയര്‍ കുടിക്കല്‍ ഉള്‍പ്പടെ മദ്യപാനം രക്ത സമ്മര്‍ദ്ദം, കാര്‍ഡിയോ മയോപ്പതി, സ്‌ട്രോക്ക് തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനിടയാക്കും.

മാനസികാരോഗ്യ പ്രത്യാഘാതങ്ങള്‍

ദിവസവും ബിയര്‍ കുടിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യത വര്‍ധിക്കുന്നു. അമിതമായ ബിയര്‍ ഉപയോഗവും വിഷാദ രോഗവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

ഉറക്കം തടസ്സപ്പെടുന്നു

എല്ലാദിവസവും ബിയര്‍ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുന്നു.ഉറക്കത്തിന് മുന്‍പുള്ള മദ്യപാനം ഉറക്കക്കുറവിനും രാത്രിയില്‍ ഇടയ്ക്കിടെ ഉറക്കം നഷ്ടപ്പെടുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മോശമാകുന്നതിനും കാരണമാകുന്നു.

കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു

പതിവായി ബിയര്‍ കഴിക്കുന്നത് ചിലതരം കാന്‍സറുകള്‍ക്കുളള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.കരള്‍, സ്തനം, വന്‍കുടല്‍, അന്നനാളം തുടങ്ങിയ വിവിധതരം കാന്‍സറുകള്‍ക്ക് കാരണമാകുന്നു. ബിയറിലെ എത്തനോള്‍ അസറ്റാല്‍ഡിഹൈഡായി മാറുന്നു, ഇത് അറിയപ്പെടുന്ന അര്‍ബുദകാരിയാണ്. ഇത് ഡിഎന്‍എയെ നശിപ്പിക്കുകയും കാന്‍സര്‍ സാധ്യതയ്ക്ക്

കാരണമാകുകയും ചെയ്യും.

എത്ര അളവില്‍ ബിയര്‍ കുടിക്കാം

ലോകാരോഗ്യ സംഘടനയുടെ 2023 ലെ ഒരു പ്രസ്ഥാവന പ്രകാരം ബിയര്‍ കുടിക്കുന്നതിന് സുരക്ഷിതമായ അളവില്ല. ലഘുവായ മദ്യപാനം പോലും അപകടകരമാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്)

Content Highlights :How much beer can a person drink? What happens to the body if you drink beer regularly?

To advertise here,contact us