ആന്റിഓക്സിഡന്റുകള്, മെറ്റബോളിസം വര്ദ്ധിപ്പിക്കുന്ന കാറ്റെച്ചിനുകള്, കഫീനില് നിന്നുള്ള പ്രകൃതിദത്ത ഊര്ജ്ജം എന്നിവയാല് സമ്പന്നമായ ഒരു സൂപ്പര് ഡ്രിങ്ക് ആണ് ഗ്രീന് ടീ. ശരീരഭാരം കുറയ്ക്കല്, ശരീരം വിഷവിമുക്തമാക്കല്, ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്കുള്ള ആരോഗ്യകരമായ ഒരു മാര്ഗമായിട്ടാണ് ഗ്രീന് ടീയെ കാണുന്നതും. ധാരാളം ഗുണങ്ങള് ഉണ്ടെങ്കിലും ഗ്രീന് ടീ എല്ലാവര്ക്കും അനുയോജ്യമല്ല. ചില സന്ദര്ഭങ്ങളില് ഇത് ഗുണത്തേക്കാള് ഏറെ ദോഷം ചെയ്യും. പ്രത്യേകിച്ച് അമിതമായി കുടിച്ചാലും അല്ലെങ്കില് ചില ആരോഗ്യപ്രശ്നങ്ങളുള്ള ആളുകള് ഉപയോഗിച്ചാലും. ദഹന സംബന്ധമായ അസ്വസ്ഥതകള്, പോഷക തടസ്സങ്ങള് തുടങ്ങി ശരീരത്തിന്റെ ക്ഷേമം ആകെ താറുമാറായേക്കാം. ഗ്രീന് ടീ കുടിക്കുന്നവരാണെങ്കില് ചില കാര്യങ്ങള് അറിയേണ്ടത് അത്യാവശ്യമാണ്.
ഗ്രീന് ടീ ഒഴിവാക്കേണ്ട 6 തരം ആളുകള്
അസിഡിറ്റി ഉള്ള ആളുകള് ഗ്രീന് ടീ ഒഴിവാക്കേണ്ടതാണ്. ഗ്രീന് ടീയില് അടങ്ങിയിരിക്കുന്ന ടാനിനുകള് ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം വര്ദ്ധിപ്പിക്കുന്നു. ഇത് അസ്വസ്ഥത, വയറു വീര്ക്കല്, മലബന്ധം, അള്സര് എന്നിവ വഷളാകാന് കാരണമാകും. പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റില് ഗ്രീന് ടീ കുടിക്കുമ്പോള്. ഗ്യാസ്ട്രൈറ്റിസ്, പെപ്റ്റിക് അള്സര് അല്ലെങ്കില് ദഹനക്കുറവ് എന്നിവയുള്ള വ്യക്തികള് ഭക്ഷണത്തിന് ശേഷമോ ഭക്ഷണത്തിനിടയിലോ മാത്രമേ ഗ്രീന് ടീ കുടിക്കാവൂ.
അയേണിന്റെ കുറവ് അല്ലെങ്കില് വിളര്ച്ച ഉള്ളവര്
ഗ്രീന് ടീ കുടിക്കുമ്പോള് സസ്യാഹാരം, മുട്ട, പാലുല്പ്പന്നങ്ങള് എന്നിവയില് കാണപ്പെടുന്ന അയേണ് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് തടസ്സപ്പെട്ടേക്കാം. അയേണിന്റെ അളവ് കുറവുള്ളവരിലും വിളര്ച്ച ബാധിച്ച ആളുകളിലും ഗ്രീന് ടീ ലക്ഷണങ്ങള് കൂടുതല് വഷളാക്കും. ഭക്ഷണത്തിന് മുന്പ് ഗ്രീന് ടീ കുടിക്കുന്നതിനുപകരം ഭക്ഷണത്തിനിടയില് കുടിക്കുന്നതാണ് നല്ലത്. വിറ്റാമിന് സി അടങ്ങിയ ഭക്ഷണങ്ങളായ നാരങ്ങ അല്ലെങ്കില് സിട്രസ് പഴങ്ങള് ഭക്ഷണത്തില് ഉള്പ്പെടുത്തുന്നത് ഇരുമ്പിന്റെ ആഗിരണം വര്ദ്ധിപ്പിക്കാന് സഹായിക്കും.
ഗര്ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും
ഗര്ഭകാലത്തും മുലയൂട്ടുന്ന സമയത്തും വലിയ അളവില് ഗ്രീന് ടീ കുടിക്കുന്നത് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര് അഭിപ്രായപ്പെടുന്നു. ഗ്രീന് ടീയില് കഫീന് അടങ്ങിയിട്ടുണ്ട്. ഇത് ഗര്ഭം അലസാനുള്ള സാധ്യത വര്ദ്ധിപ്പിക്കുകയും അമിതമായി കഴിച്ചാല് കുഞ്ഞിന്റെ വളര്ച്ചയെ ബാധിക്കുകയും ചെയ്യും. ഗ്രീന് ടീയിലെ കാറ്റെച്ചിനുകള് ഫോളിക് ആസിഡ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തിയേക്കാം. അതേസമയം കഫീന് മുലപ്പാലില് കലരുകയും കുഞ്ഞിനെ ബാധിക്കുകയും ചെയ്യും. ഇത്തരത്തിലുളള അവസ്ഥകളിലുളളവര് ഒരു ദിവസം 2 കപ്പില് കൂടുതല് ഗ്രീന്ടീ കുടിക്കരുത്.
കഫീനിനോട് അലര്ജി ഉള്ള ആളുകള്
കഫീനിനോട് അലര്ജിയുള്ള ആളാണെങ്കില്, ചെറിയ അളവില് കഫീന് കഴിക്കുന്നത് പോലും അസ്വസ്ഥത, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ദേഷ്യം, വിറയല് തുടങ്ങിയ ലക്ഷണങ്ങള്ക്ക് കാരണമാകും. ഉയര്ന്ന കഫീന് കഴിക്കുന്നത് കാല്സ്യം ആഗിരണം കുറയ്ക്കുകയും കാലക്രമേണ എല്ലുകളെ ദുര്ബലപ്പെടുത്തുകയും ചെയ്യും. കഫീന് അലര്ജിയുളള ആളുകള് ഗ്രീന് ടീ ഒരു ദിവസം ഒരു കപ്പ് ആയി പരിമിതപ്പെടുത്തണം.
കുട്ടികള് ഗ്രീന് ടീ ഉപയോഗിക്കരുത്
കഫീന് കുട്ടികളുടെ നാഡീവ്യവസ്ഥയെ അമിതമായി ഉത്തേജിപ്പിക്കും. ഗ്രീന് ടീയില് അടങ്ങിയിരിക്കുന്ന ടാനിനുകള് കുട്ടികളുടെ വളര്ച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ പ്രോട്ടീനുകള്, കൊഴുപ്പ് തുടങ്ങിയ പ്രധാന പോഷകങ്ങളുടെ ആഗിരണം തടഞ്ഞേക്കാം. ഇക്കാരണങ്ങളാല് കുട്ടികള്ക്ക് ഗ്രീന് ടീ നല്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ചില ആരോഗ്യസ്ഥിതികളുള്ള ആളുകള്
ചില ആരോഗ്യപ്രശ്നങ്ങള് ഉണ്ടെങ്കില് ഗ്രീന് ടീ ഒഴിവാക്കുകയോ ജാഗ്രതയോടെ ഉപയോഗിക്കുകയോ ചെയ്യണം. ഉത്കണ്ഠാ രോഗങ്ങള്, രക്തസ്രാവ വൈകല്യങ്ങള്, ഹൃദയമിടിപ്പിലെ പ്രശ്നങ്ങള്, പ്രമേഹം എന്നിവയുള്ളവരില് ഈ ലക്ഷണങ്ങള് വഷളായേക്കാം. ഇറിറ്റേറ്റബിള് ബൗള് സിന്ഡ്രോം (IBS) വയറിളക്കം ഉള്ളവരില് ഗ്രീന് ടീ കഴിക്കുമ്പോള് ലക്ഷണങ്ങള് വഷളാകുന്നത് കാണാം. ഗ്ലോക്കോമ ഉള്ളവരില് ഇത് കണ്ണിന്റെ മര്ദ്ദം വര്ദ്ധിപ്പിക്കുകയും കരള് രോഗം ഉളളവരില് രോഗം വഷളാക്കുകയും ചെയ്യും. ഓസ്റ്റിയോപൊറോസിസ് ഉള്ളവരും ശ്രദ്ധിക്കണം. കാരണം ഗ്രീന് ടീ മൂത്രത്തിലൂടെ ശരീരത്തിന് കാല്സ്യം നഷ്ടപ്പെടുത്താന് സാധ്യതയുണ്ട്.
Content Highlights :Are you a green tea drinker? Health experts say that people with certain health problems should not drink green tea