വിട്ടുമാറാത്ത സമ്മര്‍ദം, ക്ഷീണം.. ഒപ്പം ശരീരഭാരവും കൂടുതല്‍; കാരണം ഇതാണ്

കോര്‍ട്ടിസോളിന്റെ അളവ് ശരീരത്തില്‍ അധികമായാല്‍ എന്തൊക്കെ സംഭവിക്കും

വിട്ടുമാറാത്ത സമ്മര്‍ദവും ക്ഷീണവും മൂലം എപ്പോഴും ബുദ്ധിമുട്ടുന്നവരാണോ? ഒരു രാത്രി മുഴുവന്‍ ഉറങ്ങിയിട്ടും ക്ഷീണവും മന്ദതയും അനുഭവപ്പെടാറുണ്ടോ? എപ്പോഴും മാനസികാവസ്ഥയ്ക്ക് മാറ്റങ്ങള്‍ ഉണ്ടാകാറുണ്ടോ? ഇതിനൊക്കെ കാരണം ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവിലുളള വര്‍ധനവായിരിക്കാം.

സമ്മര്‍ദ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ശരീരത്തെ സഹായിക്കുന്നതിനാല്‍ കോര്‍ട്ടിസോളിനെ ' സ്‌ട്രെസ് ഹോര്‍മോണ്‍' എന്നാണ് വിളിക്കുന്നത്. മെറ്റബോളിസം, ശരീരത്തിലെ പഞ്ചസാരയുടെ അളവ്, രോഗപ്രതിരോധ പ്രവര്‍ത്തനം, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കുന്നതില്‍ കോര്‍ട്ടിസോള്‍ പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ കോര്‍ട്ടിസോളിന്റെ അളവ് വളരെക്കാലം ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍, അത് ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ക്ഷീണം, ഉത്കണ്ഠ, ശരീരഭാരം വര്‍ദ്ധിപ്പിക്കല്‍, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നതിന്റെ ലക്ഷണങ്ങള്‍

വിട്ടുമാറാത്ത ക്ഷീണവും ഊര്‍ജമില്ലായ്മയും

1)ഒരു രാത്രി മുഴുവന്‍ ഉറങ്ങിയതിന് ശേഷവും നിങ്ങള്‍ക്ക് ക്ഷീണമോ മന്ദതയോ അനുഭവപ്പെടാം. കോര്‍ട്ടിസോളിന്റെ ഉയര്‍ന്ന അളവ് ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസപ്പെടുത്തുകയും പകല്‍ സമയവും ക്ഷീണത്തിന് കാരണമാകുകയും ചെയ്യും

2)ശരീരഭാരം വര്‍ധിക്കുന്നു, പ്രത്യേകിച്ച് വയറിന് ചുറ്റും അമിതമായ കോര്‍ട്ടിസോള്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താലും പ്രത്യേകിച്ച് വയറിലെ ഭാഗത്ത് ഭാരം വര്‍ധിക്കുന്നു.

വര്‍ദ്ധിച്ച ഉത്കണ്ഠയും ക്ഷോഭവും

കോര്‍ട്ടിസോള്‍ നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്നു. ഇത് നിങ്ങളെ ഉത്കണ്ഠ, അസ്വസ്ഥത എന്നിവയിലേക്ക് നയിക്കുകയും അല്ലെങ്കില്‍ വൈകാരികമായി ദുര്‍ബലമായതുപോലെ തോന്നിപ്പിക്കുകയും ചെയ്യും. പെട്ടെന്ന് മാനസികാവസ്ഥ മാറ്റങ്ങള്‍ അനുഭവപ്പെടാം അല്ലെങ്കില്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇതൊക്കെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നതുകൊണ്ട് സംഭവിക്കുന്നതാണ്.

ഉറക്ക പ്രശ്‌നങ്ങള്‍ (ഉറക്കമില്ലായ്മ അല്ലെങ്കില്‍ മോശം ഗുണനിലവാരമുള്ള ഉറക്കം)

കോര്‍ട്ടിസോള്‍ ഒരു ദൈനംദിന ചക്രം പിന്തുടരുന്ന ഹോര്‍മോണാണ്. ഇതിന്റെ അളവ് സാധാരണയായി രാത്രിയില്‍ കുറയുന്നു. അതുകൊണ്ട് നിങ്ങളെ വിശ്രമിക്കാന്‍ സഹായിക്കുന്നു. ലെവലുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഉറങ്ങാനോ രാത്രിയില്‍ ഇടയ്ക്കിടെ ഉണരാനോ ഒക്കെ ബുദ്ധിമുട്ടുണ്ടാകാം.

ഇടയ്ക്കിടെയുള്ള തലവേദനയും പേശി വേദനയും

കോര്‍ട്ടിസോള്‍ പേശികള്‍ക്ക് പിരിമുറുക്കം ഉണ്ടാക്കുകയും ശരീരവേദന, തലവേദന, മൈഗ്രെയ്ന്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

പതിവായി രോഗങ്ങള്‍ ഉണ്ടാകുന്നു

കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുകയും, അണുബാധകള്‍, ജലദോഷം എന്നിവയ്ക്ക് കൂടുതല്‍ സാധ്യതയുണ്ടാക്കുകയും രോഗത്തില്‍ നിന്ന് മുക്തി കുറയുന്നതത് മന്ദഗതിയിലാവുകയും ചെയ്യുന്നു.

ദഹന പ്രശ്‌നങ്ങള്‍ (വീക്കം, ദഹനക്കേട്, അല്ലെങ്കില്‍ IBS പോലുള്ള ലക്ഷണങ്ങള്‍)

ഉയര്‍ന്ന കോര്‍ട്ടിസോള്‍ കുടലിന്റെ ആരോഗ്യത്തെ തടസ്സപ്പെടുത്തുന്നു, ഇത് വയറു വീര്‍ക്കല്‍, ആസിഡ് റിഫ്‌ലക്‌സ്, മലബന്ധം അല്ലെങ്കില്‍ വയറിളക്കം എന്നിവയിലേക്ക് നയിക്കുന്നു.

എങ്ങനെ കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കാം

ധ്യാനം, ശ്വസനം പോലെയുള്ള സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ പരിശീലിക്കാം. ദിവസവും 7-9 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക. സമീകൃത ആഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക. ദിവസംമുഴുവന്‍ ശരീരത്തില്‍ ജലാംശം സൂക്ഷിക്കുക. കഫീന്‍, മദ്യം എന്നിവയുടെ അളവ് കുറയ്ക്കുക എന്നിവയൊക്കെ ചെയ്യുന്നതിലെ കോര്‍ട്ടിസോളിന്റെ അളവിനെ നിയന്ത്രിക്കാം.

(മുകളില്‍ പറഞ്ഞ ഒന്നിലധികം ലക്ഷണങ്ങള്‍ അനിഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)

Content Highlights :What happens when cortisol levels in the body are too high?

To advertise here,contact us