മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ; മുംബൈയില്‍ 78 വയസുളള മത്സ്യതൊഴിലാളിയുടെ കാലിന്റെ ഒരുഭാഗം നഷ്ടപ്പെട്ടു

മത്സ്യബന്ധനത്തിനിടയിലുണ്ടായിരുന്ന ചെറിയ പരിക്കില്‍നിന്നാണ് അണുബാധ പടര്‍ന്നത്

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നറിയപ്പെടുന്ന വിബ്രിയോ വള്‍നിഫിക്കസ് അണുബാധമൂലം മുംബൈയില്‍ 78 വയസുകാരനായ മത്സ്യ തൊഴിലാളിയുടെ ഇടതുകാലിന്റെ ഒരുഭാഗം നഷ്ടപ്പെട്ടു. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നറിയപ്പെടുന്ന ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസ്.ചൂടുള്ള കടല്‍വെളളത്തിലാണ് ഈ ബാക്ടീരിയ കാണപ്പെടുന്നത്. മാരകമായ അണുബാധയ്ക്ക് കാരണമാകുന്ന ഒരുതരം ബാക്ടീരിയയാണ് ഇത്. ഇന്ത്യയില്‍ ഇതിന് മുന്‍പും വളരെ അപൂര്‍വ്വമായി വിബ്രിയോ വള്‍ണിഫിക്കസ് അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മരണത്തോടടുത്ത അവസ്ഥയിലാണ് മത്സ്യതൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ചത്. അഡ്മിറ്റ് ചെയ്യുമ്പോള്‍ ഇടതുകാലില്‍ ഗുരുതരമായ മുറിവ് ഉണ്ടായിരുന്നുവെന്നും അണുബാധ പടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും രക്തസമ്മര്‍ദ്ദം കുറവായിരുന്നുവെന്നും മുംബൈ വോക്കാര്‍ഡ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയും മത്സ്യതൊഴിലാളിയെ ചികിത്സിച്ച സംഘത്തിലെ അംഗവുമായ ഡോ. ഗുഞ്ചന്‍ ചഞ്ചലാനി പറഞ്ഞു. ഏഴ് ദിവസം ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്ന രോഗിയുടെ മുറിവേറ്റ കാല്‍ സുഖപ്പെടുത്തുന്നതിനായി ഇടതുകാലിന്റെ ഒരുഭാഗം മുറിച്ച് മാറ്റേണ്ടതായി വന്നു. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് രോഗി ആശുപത്രി വിട്ടത്.

എന്താണ് വിബ്രിയോ വള്‍നിഫിക്കസ് അണുബാധ

വേവിക്കാത്ത കക്കയിറച്ചി കഴിക്കുന്നതിലൂടെയോ കടല്‍വെള്ളം മുറിവില്‍ പ്രവേശിക്കുന്നതിലൂടെയോ ആണ് അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. പനി, രക്ത സമ്മര്‍ദ്ദം കുറയുക, വേദനയോടുകൂടിയ കുമിളകള്‍ ശരീരത്തില്‍ ഉണ്ടാവുക എന്നിവയെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍ വിബ്രിയോ വള്‍നിഫിക്കസ് അണുബാധ മാരകമായേക്കാം. ബാക്ടീരിയ ശരീരത്തില്‍ എത്തിയ ശേഷം 24 മണിക്കൂറിനുള്ളില്‍ അണുബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

ലക്ഷണങ്ങള്‍

പനി, തണുപ്പ്,ചര്‍മ്മത്തിലെ ചുവപ്പ്, പെട്ടെന്ന് വീര്‍ക്കുകയും വേദനാജനകമാവുകയും ചെയ്യുന്ന തടിപ്പുകള്‍, ചര്‍മ്മത്തില്‍ ദ്രാവകം നിറഞ്ഞ കുമിളകള്‍, ഓക്കാനം, ഛര്‍ദ്ദി, അതിസാരം, തലകറക്കം, ബോധക്ഷയം അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം കുറയുന്ന ലക്ഷണങ്ങള്‍, ആശയക്കുഴപ്പം അല്ലെങ്കില്‍ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ് ഇവയൊക്കെ ലക്ഷണങ്ങളാണ്. അപൂര്‍വ്വമായി കാണപ്പെടുന്ന ഒരുതരം അണുബാധയാണ് വിബ്രിയോ വള്‍നിഫിക്കസ്.

Content Highlights :A 78-year-old fisherman in Mumbai lost part of his leg due to a flesh-eating bacterial infection

To advertise here,contact us