ചെറുപ്പക്കാരിൽ വർധിച്ച് വരുന്ന കാൻസർ; കാരണങ്ങളും, പരിഹാരങ്ങളും

ചെറുപ്പക്കാരില്‍ വര്‍ധിച്ച് വരുന്ന കാന്‍സറിന്റെ കാരണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം

കാന്‍സര്‍ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. പണ്ട് കാന്‍സര്‍ എന്ന് പറയുമ്പോളുണ്ടാകുന്ന ഞെട്ടല്‍ ഇന്നുണ്ടാകുന്നില്ല എന്നത്, കാന്‍സര്‍ രോഗികളുടെ എണ്ണം കൂടിയതിനാലാണ്. പ്രായമായവരില്‍ പല അസുഖങ്ങളും കണ്ടുവരുന്നത്, പ്രായത്തിന്റെതായ പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാകുന്നതിനാലാണ്. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം കാന്‍സറിന്റെ ഇരകളാകുന്ന ചെറുപ്പക്കാരുടെ എണ്ണവും കുറവല്ല. യുവാക്കള്‍ക്കിടയില്‍ കാന്‍സര്‍ വര്‍ധിച്ച് വരുന്നത് സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്. കാന്‍സര്‍ ഒരു മാരക രോഗമാണെങ്കിലും നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ മുക്തി നേടാവുന്ന രോഗം തന്നെയാണ്. രോഗം എത്ര നേരത്തെ കണ്ടെത്തുന്നോ അത്രയും ചികിത്സ ഫലപ്രദമാകാനുള്ള സാധ്യതയുമുണ്ട്. ചെറുപ്പക്കാരില്‍ വര്‍ധിച്ച് വരുന്ന കാന്‍സറിന്റെ കാരണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ജീവിതശൈലിയിലെ മാറ്റങ്ങള്‍, സമ്മര്‍ദം, ഭക്ഷണശീലങ്ങളിലെ മാറ്റങ്ങള്‍, വ്യായാമമില്ലായ്മ, ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ടാണ് യുവാക്കളില്‍ കാന്‍സര്‍ സാധ്യത കൂടുന്നത് എന്നാണ് ഡോ. താസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചത്. ഈ നിരാശപ്പെടുത്തുന്ന വസ്തുത അവസാനിപ്പിക്കണമെങ്കില്‍ യുവാക്കളില്‍ കണ്ടുവരുന്ന ഈ ശീലങ്ങളിലും പ്രകടമായ മാറ്റങ്ങളുണ്ടാകണമെന്നും അവര്‍ വ്യക്തമാക്കി.

പക്ഷെ ഒരു പ്രതീക്ഷയുള്ള കാര്യമെന്തെന്നാല്‍, ഇപ്പോള്‍ ചെറുപ്പക്കാരില്‍ വര്‍ധിച്ച് വരുന്ന കാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കാന്‍ ആരോഗ്യകാര്യങ്ങളില്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി. ജീവിതശൈലിയില്‍ ചെറുതല്ലാത്ത ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ആരോഗ്യം വീണ്ടെടുക്കാനാവുമെന്നാണ് ഡോ. താസ് പറയുന്നത്.

യോഗയിലൂടെയും, മെഡിക്കേഷനിലൂടെയും സമ്മര്‍ദം കുറയ്ക്കാനാവും. യോഗയും മെഡിക്കേഷനും ശീലമാക്കാന്‍ ശ്രമിക്കുക.

ആരോഗ്യകരമായ ഭക്ഷണങ്ങളും, ശരിയായ വ്യായാമവും നല്‍കി ശരീരത്തെ പിന്തുണയ്ക്കുക.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി ഭക്ഷണക്രമത്തിലും മറ്റും ശ്രദ്ധിക്കുക.

എല്ലാ ദിവസവും കൃത്യമായി എഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക.

പുകവലി, മദ്യപാനം എന്നിവയില്‍ കൃത്യമായ നിയന്ത്രണം കൊണ്ടുവരിക.

Content highlight; Rise in Cancer Among Youth: Expert Explains Why

To advertise here,contact us