അല്പം ഉള്ളി അരിഞ്ഞ് മുകളില് വിതറാത്ത ഒരു ബീഫ് ഫ്രൈ, ചിക്കന് ഫ്രൈ അല്ലെങ്കില് മീന് വറുത്തത് എങ്കിലും നിങ്ങള്ക്ക് സങ്കല്പ്പിക്കാന് പറ്റുമോ? ഉള്ളി അരിഞ്ഞിടാതെ ഇത്തരം ഭക്ഷണങ്ങളൊന്നും പൂര്ണമാകില്ല എന്നാണ് നമ്മുടെ ഒരു കോണ്സപ്റ്റ്. പല ഭക്ഷണങ്ങള്ക്കുമൊപ്പം പച്ച ഉള്ളി കൂടി കഴിക്കുമ്പോഴാണ് പലര്ക്കും പൂര്ണ സംതൃപ്തി ലഭിക്കുന്നത്. സത്യത്തില് ഇങ്ങനെ ഉള്ളി കഴിക്കുന്നത് ശരീരത്തിന് എന്തെങ്കിലും ഗുണമോ, ദോഷമോ ഉണ്ടോ? ചിലര് പറയുന്നത് ഭക്ഷണത്തിന് ശേഷം ഒരു ക്രഞ്ചി ഫീല് കിട്ടാന് വേണ്ടിയാണ് വേവിക്കാത്ത ഉള്ളി കഴിക്കുന്നതെന്നാണ്. പക്ഷേ ഇത് സ്ഥിരമായി ഉപയോഗിക്കുന്ന ആളുകള്ക്ക് വെറുമൊരു ക്രഞ്ച് ഫീല് മാത്രമല്ല, ഭക്ഷണത്തെ പൂര്ണമാക്കുന്ന ഒരു വികാരം കൂടിയാണ്.
എല്ലാവരും ഉള്ളി അരിഞ്ഞത് ഉപയോഗിക്കുക ഒരു പോലെയല്ല. ചിലര് ഉള്ളി വളരെ കനം കുറച്ച് അരിഞ്ഞ്, അതില് ഉപ്പും, നാരങ്ങ നീരും ചേര്ത്ത് ഉപയോഗിക്കും. ചിലര് മല്ലിയിലയും, പച്ചമുളകും ചേര്ത്ത് ഉപയോഗിക്കും. മറ്റു ചിലരാകട്ടെ ഉള്ളി വട്ടത്തില് അരിഞ്ഞ് വിനിഗറിലോ, പുതിന ചട്ണിയിലോ മുക്കി കഴിക്കും. എന്ത് രൂപത്തില് ആണെങ്കിലും ഉള്ളി ടേബിളിനരികിലുണ്ടായാല് മതി എന്നാണ് ചിലരുടെ ആഗ്രഹം.
ചില ആളുകള് ഭക്ഷണശേഷം ഒന്ന് തണുക്കാനുള്ള ഉപാധിയാണ് ഉള്ളി. എന്നാല് വേനല്ക്കാലത്തൊക്കെ ശരീരത്തെ ഒന്ന് തണുപ്പിച്ച് വയ്ക്കാന് ചെറിയ രീതിയിലൊക്കെ ഉള്ളി സഹായിക്കുമെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. ശരീരോഷ്മാവിനെ നിയന്ത്രിക്കാനും ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നൊക്കെ ഒരു പറച്ചിലുണ്ട്. ആളുകള് ഭക്ഷണത്തിന് ശേഷം പച്ചയ്ക്ക് ഉള്ളി കഴിക്കാനും, എന്തിന് ഉള്ളി ഭക്ഷണ പൊതിയില് ഉള്പ്പെടുത്താനും വരെ ഇത് കാരണമായി എന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. ഇതില് ഹൈഡ്രേഷനുമായി ബന്ധപ്പെട്ട മറ്റ് ചില ഘടകങ്ങളുമുണ്ടെന്നും പറയപ്പെടുന്നു. പച്ച ഉള്ളിയില് ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല് വേനല്ക്കാലത്ത് ഡീഹൈഡ്രേഷന് കുറയ്ക്കാന് ഇവ സഹായിക്കും.
പച്ച ഉള്ളി ദഹനത്തെ സഹായിക്കുമോ? ഉള്ളിയില് അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് കുടലിലെ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകളുടെ പ്രവര്ത്തനങ്ങളെ ദ്രുതഗതിയിലാക്കും എന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. അതിനാല്, കട്ടി കൂടിയതോ, എരിവ് കൂടിയതോ ആയ ഭക്ഷണം കഴിച്ച ശേഷം ഉള്ളി കഴിക്കുന്നത് ദഹനപ്രവര്ത്തനങ്ങളെ പിന്തുണയ്ക്കും.
തീർന്നില്ല, രക്തത്തിലെ ഷുഗര് ലെവല് ബാലന്സ് ചെയ്യാന് ഉള്ളി സഹായിക്കും. ശരീരത്തില് ഇന്സുലിന്റെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഉള്ളി മികച്ചതാണ്. അളവില് കൂടുതല് കാര്ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നുണ്ടെങ്കില് അതോടൊപ്പം അല്പം ഉള്ളി കൂടി ഉള്പ്പെടുത്തിയാല് ദഹനപ്രവര്ത്തനങ്ങള്ക്ക് പിന്തുണയാകും എന്നാണ് പഠനങ്ങള് തെളിയിച്ചിട്ടുള്ളത്.
Content Highlight; Why Indians Eat Raw Onions with Meals