അമിതമായാൽ 'ഹെൽത്തി ഫുഡും' പണി തരും

ആരോഗ്യത്തെ പിന്തുണയ്ക്കാൻ നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും അധികമായാൽ പ്രശ്‌നമാണ്

അധികമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ.. അതുപോലെ പരിധിയിലധികം കഴിച്ചാൽ ചില പോഷകഗുണമുള്ള ഭക്ഷണങ്ങളും നമ്മുടെ ശരീരത്തിന് പണി തരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണം എന്ന് കേൾക്കുമ്പോൾ പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ സാധനങ്ങൾ, ജങ്ക്ഫുഡ് എന്നിവയാണ് ഇതിൽ ഉൾപ്പെടുക എന്നാണ് നമ്മുടെ ചിന്ത. പക്ഷെ ആരോഗ്യത്തെ പിന്തുണയ്ക്കാൻ നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും അധികമായാൽ പ്രശ്‌നമാണ്. ഇത്തരത്തിൽ അധികമായാൽ അമൃതും വിഷം എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്ന ചില ഭക്ഷണ സാധനങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ക്രൂസിഫെറസ് പച്ചക്കറികൾ

ക്രൂസിഫെറസ് പച്ചക്കറികൾ എന്ന് കേൾക്കുമ്പോൾ ഇത് നമ്മൾക്ക് കേട്ട് പരിചയം പോലും ഇല്ലല്ലോ.. പിന്നെന്തിന് പേടിക്കണം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? കാബേജ്, കോളിഫ്‌ളവർ, ബ്രക്കോളി തുടങ്ങിയ പച്ചക്കറികളെ ഒന്നിച്ച് വിളിക്കുന്ന പേരാണ് ക്രൂസിഫെറസ് പച്ചക്കറികൾ എന്ന്. ക്രൂസിഫെറസ് പച്ചക്കറിതകളുടെ ഗുണത്തെക്കുറിച്ച് നമ്മൾ വളരെയധികം കേട്ടിട്ടുണ്ട്. ഫൈബർ, വിറ്റാമിൻ, മിനറലുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറികളാണ് ക്രൂസിഫെറസുകൾ. ആവശ്യത്തിന് കഴിക്കാമെങ്കിലും അമിതമായാൽ പണി കിട്ടുമെന്നത് ഓർമയിൽ സൂക്ഷിക്കുക.

ക്രൂസിഫെറസ് പച്ചക്കറികളിൽ ധാരാളം അടങ്ങിയിട്ടുള്ള പദാർത്ഥമാണ് ഗോയിട്രോജൻ. തൈറോയിഡ് ഹോർമോണിന്റെ പ്രവർത്തനങ്ങളിൽ വ്യതിചലനമുണ്ടാക്കാൻ ഗോയിട്രോജന് കഴിയും. അതിനാൽ ക്രൂസിഫെറസ് പച്ചക്കറികളിൽ നിന്ന് ശരീരത്തിലേക്കെത്തുന്ന ഗോയിട്രോജൻ തൈറോയി ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു.

ചായ

നമ്മുടെ ഒക്കെ ജീവിതശൈലിയിൽ ഒഴിച്ച് കൂടാനാവാത്ത സ്ഥാനമുള്ള പാനീയമാണ് ചായ. രാവിലെ ഒരു ചായ, വൈകുന്നേരം ഒരെണ്ണം. ഏറ്റവും കുറഞ്ഞത് ഇതെങ്കിലും കിട്ടാതെ ദിവസം തള്ളി നീക്കാൻ കുറച്ച് പാടാണ്. ചായയ്ക്ക് പല നല്ല ഗുണങ്ങളും പറയാനുണ്ട്. ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു, ഗ്രീൻ ടീ മെറ്റബോളിസത്തെ സഹായിക്കുന്നു, തുടങ്ങി നിരവധി ഘടകങ്ങൾ. എന്നാൽ, ചായയും അധികമായാൽ ശരീരത്തിന് പണി തരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തേയിലയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളൂറോയിഡ് എന്ന ഘടകം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒന്നാണ്. എന്നാൽ ഫ്‌ളൂറോയ്ഡിന്റെ അമിത ഉപയോഗം നാഡീ സംബന്ധമായ പല പ്രശ്‌നങ്ങൾക്കും, എല്ലുകളിലും സന്ധികളിലുമുണ്ടാകുന്ന വേദനയ്ക്കും കാരണമാകുന്നു. കൂടാതെ, ഇത് പ്രത്യുൽപാദന ശേഷിയെ പോലും ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നാരങ്ങ വെള്ളം

ക്ഷീണം മാറ്റാനും, ചൂട് കാലത്ത് ദാഹം മാറ്റാനുമെല്ലാം നാം ഏറ്റവുമധികം ആശ്രയിക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം. കൂടാതെ വിറ്റാമിൻ സി, ദാരാളം ആന്റി ഓക്‌സിഡന്റുകൾ എന്നിവയും നാരങ്ങ വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് ശരീരത്തെ ജലാംശമുള്ളതാക്കി വയ്ക്കാനും നാരങ്ങ വെള്ളം സഹായകമാണ്.

ഇത്രയും നല്ല പ്രവർത്തനങ്ങൾ ശരീരത്തിന് വേണ്ടി ചെയ്യുമെങ്കിലും പല്ലിന് ഒരു വില്ലനാണ് നാരങ്ങ വെള്ളം. സിട്രസ് ധാരാളം അടങ്ങിയിരിക്കുന്ന നാരങ്ങയിൽ ആസിഡിന്റെ അളവ് കൂടുതലായുണ്ട്. കൂടുതലായി നാരങ്ങ ഉപയോഗിക്കുന്നത് പല്ലിന്റെ ഇനാമലിന് കേടുപാടുകളുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ വായയ്ക്കുള്ളിൽ മുറിവുകളുണ്ടെങ്കിൽ അതിനെ കൂടുതൽ അസ്വസ്ഥതപ്പെടുത്താനും നാരങ്ങ കാരണമാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Content Highlight; Healthy Foods That Can Turn Harmful in Excess

To advertise here,contact us