മെഡിക്കല് രംഗം എത്ര വളര്ന്നിട്ടും കാന്സര് എന്ന രോഗത്തോട് ആളുകള്ക്കുളള പേടി ഇന്നും മാറിയിട്ടില്ല. എങ്ങനെ ഈ രോഗത്തില് നിന്ന് മുക്തി നേടാം എന്ന ചിന്ത പലരിലും ഉണ്ടാവുകയും ചെയ്യും. കാന്സറിനെ ചെറുത്ത് തോല്പ്പിക്കാനുള്ള വഴികള് പറഞ്ഞുതരികയാണ് ഇവിടെയൊരു ഗവേഷകന്. മൂന്ന് പതിറ്റാണ്ടിലേറെയായി തന്റെ ജീവിതം കാന്സര് പഠനത്തിനായി സമര്പ്പിച്ച വ്യക്തിയാണ് ഡോ . തോമസ് എന് സെയ്ഫ്രൈഡ്. അദ്ദേഹം പറയുന്നത് ' രോഗങ്ങള് വരുമ്പോള് ചികിത്സിക്കാനുള്ള മാര്ഗ്ഗങ്ങളുണ്ട്. എങ്കിലും അവ വരാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്' എന്നാണ്. കാന്സറിനെ മറികടക്കാന് സഹായിക്കുന്ന ചില ലളിതമായ ജീവിതശൈലി മാറ്റങ്ങളെക്കുറിച്ച് പറഞ്ഞുതരികയാണ് ഡോ. സെയ്ഫ്രൈഡ് .
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്ത്തുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്ത്തുന്നത് കാന്സര് കോശങ്ങളുടെ വളര്ച്ചയെ തടസ്സപ്പെടുത്തും. ഡോ. സെയ്ഫ്രൈഡിന്റെ ഗവേഷണം അനുസരിച്ച് കാന്സര് കോശങ്ങള് രക്തത്തിലെ ഗ്ലൂക്കോസുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയുന്നു.
പഞ്ചസാരയുടെ അളവ് കൂടുന്നത് ഒഴിവാക്കാന് ശ്രമിക്കുക. മധുരം കഴിക്കുന്നത് പൂര്ണ്ണമായും നിര്ത്തുക എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് ശുദ്ധീകരിച്ച കാര്ബോഹൈഡ്രേറ്റുകള്, മധുരമുളള പാനിയങ്ങള് തുടങ്ങി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന എന്തും ഒഴിവാക്കാം.സമീകൃത ആഹാരം കഴിക്കുന്നതും നാരുകള് അടങ്ങിയ ആഹാരം കഴിക്കുന്നതും കോശങ്ങളെ കേടുപാടുകളില് നിന്ന് സംരക്ഷിക്കാന് സഹായിക്കും.
കാര്ബോഹൈഡ്രേറ്റുകള്ക്ക് മേലുളള നിയന്ത്രണം
കുറഞ്ഞ കാര്ബോ ഹൈഡ്രേറ്റും ഉയര്ന്ന കൊഴുപ്പും ഉള്ള കീറ്റോജനിക് ഭക്ഷണക്രമം കാന്സര് കോശങ്ങളുടെ വളര്ച്ചയ്ക്ക് കാരണമാകുന്ന ഗ്ലൂക്കോസിനെ ഇല്ലാതാക്കും. കാര്ബോഹൈഡ്രേറ്റ് കുറയ്ക്കുന്നതിലൂടെയും ആരോഗ്യകരമായ കൊഴുപ്പുകള് (അവക്കാഡോ, ഒലീവ് ഓയില്, നെയ്യ്, നട്ട്സ് ) ഉള്ള ഭക്ഷണങ്ങള് കഴിക്കുന്നതിലൂടെയും ശരീരം പഞ്ചസാരയ്ക്ക് പകരം കൊഴുപ്പ് കത്തിക്കുന്നതിലേക്ക് മാറുന്നു. കീറ്റോസിസ് എന്നറിയപ്പെടുന്ന ഈ അവസ്ഥ കീറ്റോണുകള് ഉത്പാദിപ്പിക്കുന്നു. കാന്സര് കോശങ്ങള്ക്ക് കീറ്റോണുകളുമായി പൊരുത്തപ്പെടാന് ബുദ്ധിമുട്ടാണ്. കീറ്റോജനിക് ഡയറ്റുകള് കാന്സര് ചികിത്സകളെ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ച് ഇപ്പോള് ഗവേഷണം നടന്നുവരികയാണെന്ന് ഡോ. സെയ്ഫ്രൈഡ് പറയുന്നു.
വ്യായാമത്തിന്റെ ആവശ്യകത
വ്യായാമം ഒരു ഔഷധമാണ് പ്രത്യേകിച്ച് കാന്സറിന്റെ കാര്യത്തില്. പതിവ് ശാരീരിക പ്രവര്ത്തനങ്ങള് കലോറി കത്തിക്കുന്നതിനും ഇന്സുലിന് സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഹോര്മോണുകളെ സന്തുലിതമാക്കാനും ഒക്കെ സഹായിക്കുന്നു. ലളിതമായ നടത്തം, നീന്തല്, പാട്ടിനൊപ്പമുള്ള ചെറിയ ചുവടുവയ്ക്കല് പോലും അത്ഭുതകരമായ പ്രയോജനം നല്കും.
ഇടയ്ക്കുള്ള ഉപവാസം
ഉപവാസം കാന്സര് കോശങ്ങളെ ദുര്ബലപ്പെടുത്തുന്നു. ഇത്തരത്തില് ഉപവാസമെടുക്കുന്നത് ശരീരത്തെ കീറ്റോസിസിലേക്ക് തള്ളിവിടുകയും ഇന്സുലിന് കുറയ്ക്കുകയും കാന്സര് കോശങ്ങളിലേക്കുള്ള ഊര്ജ്ജ വിതരണം പരിമിതപ്പെടുത്തുകയും ചെയ്യും. ഉപവാസ സമയത്ത് കോശങ്ങള് ' ഓട്ടോഫാഗി' എന്ന പ്രക്രീയയിലൂടെ സ്വയം വൃത്തിയാക്കുകയും കേടുപാടുകള് സംഭവിച്ച ഭാഗങ്ങള് നീക്കം ചെയ്യുകയും അത് പുനര്നിര്മ്മിക്കുകയും ചെയ്യും. ഉപവാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ക്രമരഹിതമായി ഭക്ഷണം ഒഴിവാക്കുക എന്നല്ല. മറിച്ച് ശരീരത്തിന് വിശ്രമിക്കാനും വീണ്ടെടുക്കാനും വീണ്ടും സജ്ജമാകാനും കഴിയുന്ന ഒരിടം ഭക്ഷണക്രമത്തിനിടയില് സൃഷ്ടിക്കുക എന്നതാണ്.
സമ്മര്ദ്ദവും ആരോഗ്യവും
എപ്പോഴും സമ്മര്ദ്ദത്തിലായിരിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വിട്ടുമാറാത്ത സമ്മര്ദ്ദം രക്തത്തിലെ പഞ്ചസാരയെ മാറ്റുകയും നീര്വീക്കം ഉണ്ടാകാന് കാരണമാകുകയും ചെയ്യും.ഇത് ഓരോ കോശത്തിനുള്ളിലേയും ചെറിയ പവര്ഹൗസുകളായ മൈറ്റോകോണ്ഡ്രിയയെ നശിപ്പിക്കുകയും ചെയ്യുന്നു.
ഡോ. സെയ്ഫ്രഡ് പറയുന്നതനുസരിച്ച് സമ്മര്ദ്ദം ഒരാളെ മാനസികമായി തളര്ത്തുക മാത്രമല്ല. കാന്സര് വേഗത്തില് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. ശരീരം സ്ട്രസ് ഹോര്മോണ് കൊണ്ട് നിറഞ്ഞിരിക്കുമ്പോള് രോഗപ്രതിരോധ പ്രവര്ത്തനം കുറയുന്നു. പത്ത് മിനിറ്റ് ആഴത്തിലുള്ള ശ്വസനം, പ്രകൃതിയില് സമയം ചെലവഴിക്കല് അല്ലെങ്കില് ജേണലിംഗ് ഇവയൊക്കെ ആന്തരിക സമ്മര്ദ്ദം ലഘൂകരിക്കും.
Content Highlights :Dr. Thomas N. Seyfried shares five simple ways to reduce your risk of cancer