കിടപ്പുമുറിയുടെ തറയില്, ബാത്റൂമില്, ഓഫീസ് ചെയറില് അങ്ങനെ നിങ്ങളിരിക്കുന്ന സകലയിടത്തും മുടിയിങ്ങനെ പൊഴിഞ്ഞുകിടക്കുന്നത് നിത്യമുള്ള കാഴ്ചയായി മാറിത്തുടങ്ങിയിട്ടുണ്ടോ? എന്നാല് ഇക്കാര്യങ്ങള് അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഹോര്മോണ് വ്യതിയാനങ്ങള്, വിറ്റമിനുകളുടെ കുറവ്, പാരമ്പര്യം എന്തുതന്നെയാണെന്ന് മനസ്സില് തോന്നിയാലും പതിവില് കൂടുതലുള്ള മുടികൊഴിച്ചിലിന് ഡോക്ടറെ കാണുക എന്നുള്ളത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. മരുന്നിനൊപ്പം ഈ എണ്ണകള് കൂടെ പരീക്ഷിച്ചുനോക്കിയാല് ചിലപ്പോള് ഇരട്ടിയായിരിക്കും ഫലം
ആവണക്കെണ്ണ
റെസിനോലെയ്ക് ആസിഡ് ധാരാളമടങ്ങിയ ആവണക്കെണ്ണയാണ് അതില് മുമ്പന്. ഇത് തലയോട്ടിയിലെ രക്തയോട്ടം വര്ധിപ്പിക്കാന് സഹായിക്കും. മുടിയുടെ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കും. പ്രകൃത്യാലുള്ള ആന്റിഫങ്കല്, ആന്റിബാക്ടീരിയല് ഘടകങ്ങള് അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുകയും താരന് പോലുള്ള പ്രശ്ങ്ങള് കുറയ്ക്കുകയും ചെയ്യും. തുടര്ച്ചയായുള്ള ഉപയോഗം റൂട്സിനെ ശക്തിപ്പെടുത്തുകയും മുടിയുടെ കനം വര്ധിപ്പിക്കുകയും ചെയ്യും.
വെളിച്ചെണ്ണ
ഫാറ്റി ആസിഡുകളാല് സമ്പുഷ്ടമാണ് വെളിച്ചെണ്ണ. ഇത് മുടിയുടെ ഷാഫ്റ്റുകളില് ആഴത്തിലിറങ്ങും. പ്രൊട്ടീന് കുറവ് പരിഹരിക്കും. ഒപ്പം മുടിയുടെ സ്ട്രാന്ഡുകളെ ശാക്തീകരിക്കും. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളര്ച്ചയെ സഹായിക്കുകയും ചെയ്യും. വെളിച്ചെണ്ണയുടെ തുടര്ച്ചയായ ഉപയോഗം തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. മുടി പൊട്ടിപ്പോകുന്നത് തടയും.
റോസ്മേരി എണ്ണതലയോട്ടിയിലെ രക്തയോട്ടം വര്ധിപ്പിക്കുന്നതിന് മികച്ചതാണ് റോസ്മേരി ഓയില്. ഇത് ഹെയര് ഫോളിക്കിളുകളെ പുനരുജ്ജീവിപ്പിക്കും. പാര്ശ്വഫലങ്ങളില്ലാതെ മുടി വളര്ച്ചയെ സഹായിക്കുന്ന മിനോക്സൈഡില് പോലെ പ്രവര്ത്തിക്കും. തുടര്ച്ചയായുള്ള ഉപയോഗം മുടികൊഴിച്ചില് തടയുകയും ചെയ്യും.
ജോജോബ എണ്ണ
തലയോട്ടിയില് പ്രകൃത്യാ ഉണ്ടാകുന്ന സെബം പോലെ പ്രവര്ത്തിക്കാന് കഴിവുള്ളതാണ് ഇത്. ഫോളിക്കിളുകളിലെ തടസ്സം മാറ്റാന് ഇത് സഹായിക്കും. തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തി മുടിവളര്ച്ചയെ ത്വരിതപ്പെടുത്തും.
ബദാം എണ്ണ
ബയോട്ടിന്, മഗ്നീഷ്യം, വിറ്റമിന് ഡി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം എണ്ണ. മുടിയുടെ ആരോഗ്യത്തിന് ഇതെല്ലാം വളരെ അത്യാവശ്യമാണ്. ഇത് തലയോട്ടിയെ മോയ്ചുറൈസ് ചെയ്യുന്നതിനൊപ്പം മുടി പൊട്ടുന്നത് തടയും. മുടിയുടെ അറ്റം പിളര്ന്നുപോകുന്നത് തടയാനും സഹായിക്കും.
ഒലിവ് ഓയില്
ഇത് കണ്ടീഷനറിനെപ്പോലെയാണ് പ്രവര്ത്തിക്കുക. ഇതിന് മുടിയുടെ വരള്ച്ച തടയാനും പൊട്ടുന്നത് തടയാനും കഴിവുണ്ട്. വിറ്റമിന് ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിവളരാന് ഗുണം ചെയ്യും.
ഉള്ളിയിട്ട് മൂപ്പിച്ച എണ്ണ
മണം അത്ര നന്നല്ല, പക്ഷെ ഹെയര് ഫോളിക്കിളുകളെ ഉത്തേജിപ്പിക്കാന് ഇതിലും നല്ല മാര്ഗമില്ല.മുടികൊഴിച്ചില് തടയാനും. സള്ഫര് അടങ്ങിയിട്ടുള്ളതിനാല് കൊളാജെന് പ്രൊഡക്ഷന് വര്ധിപ്പിക്കും. അത് കരുത്തുറ്റ മുടിക്ക് ഗുണപ്രദമാണ്. തലയോട്ടിയിലെ രക്തചംക്രമണം വര്ധിപ്പിക്കാനും മെച്ചപ്പെടുത്താനും സഹായിക്കും.
Content Highlights: Best Oils For Thickening Thinning Hair