'അയണ്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍'; അമിതമായാല്‍ അയണും വിഷം

അയണ്‍ ഗുളികകളുടെ അളവ് അമിതമായാല്‍ എന്താണ് സംഭവിക്കുക

കഴിഞ്ഞ ദിവസമാണ് വള്ളിക്കുന്ന് അത്താണിക്കല്‍ സിബി ഹൈസ്‌കൂളിലെ മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍നിന്ന് നല്‍കിയ അയണ്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അനീമിയ മുക്ത് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് സ്‌കൂളില്‍ അയണ്‍ ഗുളികകള്‍ നല്‍കിയത്. ആഴ്ചയില്‍ ഒന്ന് വീതം മാതാപിതാക്കളെ അറിയിച്ച ശേഷം കഴിക്കാനായിരുന്നു നിര്‍ദ്ദേശം. ഇത് അനുസരിക്കാതെ മുഴുവന്‍ ഗുളികകളും ക്ലാസില്‍ വച്ച് കഴിച്ച വിദ്യാര്‍ഥികളാണ് ആശുപത്രിയിലായത്.

അയണ്‍ ശരീരത്തില്‍ വളരെ അത്യാവശ്യമുള്ള ധാതുലവണമാണെങ്കിലും അതിന്റെ അളവ് അമിതമായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.ശരീരത്തില്‍ അയണിന്റെ ആവശ്യം എന്താണെന്നും അതിന്റെ അളവ് കൂടുന്നത് എങ്ങനെയാണ് ശരീരത്തെ ബാധിക്കുകയെന്നും അറിയാം.

ശരീരത്തില്‍ അയണിന്റെ ആവശ്യം

ധാതുലവണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ അയണിന്റെ കുറവോ അഭാവമോ മൂലം കുട്ടികളില്‍ ക്ഷീണം അനുഭവപ്പെടാം. ന്യൂറോണുകള്‍ തമ്മില്‍ പുതിയ കണക്ഷന്‍ ഉണ്ടാവുന്ന സമയമാണ് കൗമാരം. ഓര്‍മശക്തി രൂപപ്പെടുന്നത് ഇത്തരം കണക്ഷനുകളിലൂടെയാണ്. രാസ സന്ദേശവാഹകരായ കെമിക്കലുകളുടെ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് ആവശ്യത്തിന് അയണ്‍ അത്യാവശ്യമാണ്. ബുദ്ധിപരമായ പിന്നോക്കാവസ്ഥയുടെ കാരണം കൗമാരപ്രായത്തിലുള്ള അയേണിന്റെ കുറവാണ്.ആവശ്യത്തിനു അയണ്‍ ലഭിക്കാതെയായാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളര്‍ച്ച എന്ന രോഗാവസ്ഥയുണ്ടാവും.

പ്രതിവിധിഅയണ്‍ ഗുളികകള്‍ കഴിക്കുന്നതാണ് അയണിന്റെ ലഭ്യത ഉറപ്പു വരുത്താനുള്ള മാര്‍ഗം. നല്ല ആഹാരം കഴിക്കുന്ന, പ്രശ്നങ്ങളൊന്നുമില്ലാത്ത കൗമാരക്കാര്‍ക്കും അയണ്‍ ഗുളിക കൊടുക്കുന്നതാണ് നല്ലതാണ്. മജ്ജയിലും കരളിലും ആവശ്യത്തിനുള്ള അയണ്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും

അയണ്‍ ഗുളികള്‍ അമിതമായാല്‍

അയണ്‍ അമിതമായി കഴിക്കുന്നതിന്റെ ലക്ഷണങ്ങള്‍ സാധാരണയായി ആദ്യത്തെ ആറ് മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെടും. ആദ്യത്തെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അമിതമായ വയറ് വേദന, ഛര്‍ദി, ഛര്‍ദിക്കുമ്പോള്‍ രക്തം, വയറിളക്കം, കറുത്ത മലം, ഓക്കാനം, തലവേദന, നിര്‍ജലീകരണം, ഉറക്കം വരികയോ മന്ദത അനുഭവപ്പെടുകയോ ചെയ്യുക. എന്നിവയൊക്കെ തോന്നാറുണ്ട്.

വിഷബാധയുടെ ലക്ഷണങ്ങള്‍

ഇരുമ്പ് അമിതമായി കഴിച്ചതിന് ശേഷം ഏകദേശം 12- 48 മണിക്കൂറിന് ശേഷം ഇരുമ്പ് വിഷബാധയുടെ ഗുരുതരമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. അത്തരങ്ങള്‍ ലക്ഷണങ്ങള്‍ ഇവയാണ്. രക്തസമ്മര്‍ദ്ദം കുറയുക, ഉയര്‍ന്ന ഹൃദയമിടിപ്പ്, കടുത്ത പനി, രക്തശ്രാവം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞ നിറം, കരളിന്റെ പ്രവര്‍ത്തന തകരാറ്, രക്തത്തില്‍ ആസിഡുകള്‍ അടിഞ്ഞുകൂടുന്നു. കൂടുതല്‍ അളവില്‍ അയണ്‍ ഉള്ളില്‍ ചെന്നു എന്ന് മനസിലാക്കിയാല്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ക്കൂടി ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് വേണ്ട ചികിത്സ ഉറപ്പാക്കേണ്ടതാണ്.

Content Highlights :What happens if you take too many iron pills?

To advertise here,contact us