പൊതുവെ പ്രായമായ ആളുകളിൽ കണ്ടുവരുന്ന രോഗമാണ് കുടലുകളെയും, മലാശയത്തെയും ബാധിക്കുന്ന അർബുദം. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളിലായി യുവാക്കളിലും കുടൽ കാൻസർ വർധിച്ച് വരുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 1950കളിലും, 1990കളിലും ജനിച്ച ആളുകളെ താരതമ്യപ്പെടുത്തി നടത്തിയിരിക്കുന്ന പഠനത്തിലാണ് ചെറുപ്പക്കാരിലും കുടൽ കാൻസർ സാധ്യത കൂടുതലാണ് എന്ന കണ്ടെത്തൽ നടത്തിയത്. യുവാക്കളിൽ വർധിച്ച് വരുന്ന കുടൽ കാൻസർ രോഗികളെക്കുറിച്ച് സംസാരിക്കുകയാണ് ഫ്ളോറിഡയിലെ ഉദരരോഗ വിദഗ്ധയായ ഡോ. ജോസഫ് സാൽഹബ്.
രോഗലക്ഷണങ്ങൾ
മലാശയത്തിലെ രക്തസ്രാവം
വൻകുടലിൽ ഉണ്ടാകാവുന്ന കാൻസറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് മലാശയത്തിലൂടെയുള്ള രക്തസ്രാവം എന്നാണ് ഡോ. ജോസഫ് വ്യക്തമാക്കുന്നത്. ടോയിലെറ്റിൽ പോകുമ്പോഴോ, ടോയ്ലറ്റ് പേപ്പറിലോ രക്താംശം കണ്ടാൽ നിസ്സാരമായി കാണരുത്. മൂലക്കുരു പോലുള്ള രോഗങ്ങളുടെ ലക്ഷണവും ഇത്തരം രക്തസ്രാവം തന്നെയാണ്. അതുകൊണ്ട് തന്നെ ഈ ലക്ഷണം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എങ്കിലും തുടർച്ചയായി രക്തസ്രാവം ഉണ്ടാവുകയാണെങ്കിൽ ഉടനടി ഡോക്ടറെ സമീപിക്കുകയും, ചികിത്സ ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
വയറു വേദന
വയറു വേദന പല രോഗങ്ങളുടെയും ലക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ പലതരം രോഗങ്ങളുടെ വയറു വേദനകൾ വ്യത്യസ്തമാണ്. അതിൽ അൾസർ പോലെ ചില രോഗങ്ങളുടെ വയറു വേദന എത്തരത്തിൽ, ഏത് ഭാഗത്താണ് എന്ന് നമുക്ക് തന്നെ തിരിച്ചറിയാനാവും. പക്ഷെ തിരിച്ചറിയാനാവാത്ത വയറു വേദനകൾ കൂടുതൽ അപകടകാരികളാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചില വേദനകൾ ഭക്ഷണക്രമം മാറ്റുന്നതിലൂടെ, ജീവിതചര്യയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ എല്ലാം മാറ്റാൻ കഴിയുന്ന തരത്തിലാണ് നിങ്ങളുടെ വയറു വേദന എങ്കിൽ പ്രശ്നമില്ല. പക്ഷെ ഇതിനൊന്നും നിങ്ങളുടെ വയറുവേദന മാറ്റാൻ കഴിയുന്നില്ലെങ്കിൽ തീർച്ചയായും ചികിത്സയ്ക്ക് വിധേയമാകേണ്ടതുണ്ട്.
വൻകുടൽ കാൻസറിന്റെ ലക്ഷണമായി അനുഭവപ്പെടുന്ന വയറു വേദന കഠിനമായിരിക്കും. കൂടാതെ വയറ് വീർക്കുന്നത് പോലെ അനുഭവപ്പെടുമെന്നും ഡോ. ജോസഫ് പറയുന്നു. ഇത്തരം അസ്വസ്ഥതകൾ ഒരു പരിധിക്കപ്പുറവും നിൽക്കുന്നുണ്ടെങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടുക.
ക്ഷീണം
കാരണമില്ലാതെ എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് കുടൽ കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. നന്നായി വിശ്രമിച്ചിട്ടും, ഉറങ്ങിയിട്ടുമൊന്നും വിട്ടുമാറാതെ നിൽക്കുന്ന ക്ഷീണം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പലപ്പോഴും ആളുകൾ ഇത്തരം ലക്ഷണങ്ങളെ നിസാരമായി കാണുകയും, ഗൗനിക്കാതെ പോവുകയുമാണ് പതിവ്, എന്നാൽ ഇത് വളരെ ഗൗരവകരമായി കാണേണ്ടതുണ്ട്.
മറ്റ് ലക്ഷണങ്ങൾ
കാരണങ്ങളില്ലാതെ ശരീരഭാരം പെട്ടെന്ന് കുറയുന്നത്, വിശപ്പില്ലായ്മ, തണുപ്പിൽ പോലും രാത്രികാലങ്ങളിൽ മാത്രം വിയർക്കുന്നത്, ആവർത്തിച്ച് വരുന്ന ചെറിയ പനി എന്നിവയും കുടൽ കാൻസറിന്റെ ലക്ഷണങ്ങളാകാം എന്നാണ് ഡോ. ജോസഫ് പറയുന്നത്.
ആദ്യകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെറുപ്പക്കാരിൽ അധികരിച്ച് വരുന്ന കുടൽ കാൻസറിനെ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. ലക്ഷണങ്ങൾ കാണുന്നതോടെ ഡോക്ടറെ കാണുകയും പരിശോധനയ്ക്ക വിധേയരാവുകയും ചെയ്യുക. എത്ര പെട്ടെന്ന് രോഗനിർണയം നടത്തുന്നുവോ, അത്രയും വേഗത്തിൽ തന്നെ രോഗമുക്തി നേടാനാവും.
Content Highlight; Colon Cancer Rising in Youth: Top Doc Lists Warning Signs