മഴക്കാലമാണ് സൂക്ഷിച്ചുവേണം നടക്കാനും ഓടാനുമെല്ലാം.. കാരണം തെന്നി വീഴാനുള്ള സാധ്യത കൂടുതലാണ്. പ്രായം കൂടുന്നത് അനുസരിച്ച്, എല്ലുകള്ക്ക് പൊട്ടലുണ്ടായാല് അത് ശരിയാവാന് പാടാണെന്നതാണ് അറിയേണ്ട കാര്യം. അറുപത് വയസ് കഴിഞ്ഞവര് ഒടിവും പൊട്ടലും ഉണ്ടാവാതിരിക്കാന് പ്രത്യേകം ശ്രദ്ധ തന്നെ നല്കണം. ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപോറോസിസ് എന്നിങ്ങനെ പല അവസ്ഥകളും എല്ലിന് സംഭവിക്കാം. എല്ലുകളുടെ ബലവും ആരോഗ്യവുമൊക്കെ കണക്കാക്കാന് സാധിക്കുന്ന ബിഎംഡി പരിശോധനയിലൂടെ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയാന് കഴിയും. എല്ലിന്റെ ബലം കുറയുന്ന അവസ്ഥയെ ഓസ്റ്റിയോപീനിയയെന്നും ദുര്ബലമാകുന്നതിനൊപ്പെം പൊട്ടുകയും ചെയ്യുന്ന അവസ്ഥയെ ഓസ്റ്റിയോപൊറോസിസ് എന്നുമാണ് വിളിക്കുന്നത്.
പ്രായമായി വരികയാണെന്ന് പറയുന്നത് മോശമായ ഒരുകാര്യമല്ല, പക്ഷേ ആരോഗ്യം സംരക്ഷിക്കണ്ട, ശ്രദ്ധ നല്കേണ്ട സമയമാണെന്ന് മാത്രമാണെന്ന് ഓര്ക്കുക. പ്രായമായവരായാലും ചെറുപ്പക്കാരായാലും കസേരയിലും സ്റ്റൂളിലുമൊക്കെ കയറി സാധനങ്ങള് എടുക്കുന്ന ശീലം മാറ്റിവയ്ക്കാം. ഒരുപാട് നേരം നില്ക്കുന്നതും മഴകാലമായതിനാല് തെന്നിവീഴാന് സാധ്യതയുള്ളയിടങ്ങളിലേക്ക് അനാവശ്യമായി പോവുക എന്നിവയൊക്കെ ഒഴിവാക്കുന്നവയുടെ പട്ടികയിലേക്ക് ചേര്ക്കാം.
ശുചിമുറി ഉപയോഗിക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ വേണ്ടത്. രാത്രികാലങ്ങളില് വാതില് അകത്ത് നിന്ന് പൂട്ടാതെ ശുചിമുറി ഉപയോഗിക്കുക. വെള്ളം കിടപ്പുണ്ടോയെന്ന ശ്രദ്ധ നന്നായി വേണം. തെന്നാനുള്ള സാഹചര്യം കൂടുതലാണ് ഇവിടെയുമെന്നത് തന്നെ കാരണം. ശുചിമുറിയില് നിന്നും വസ്ത്രം മാറുന്ന ശീലവും ഒഴിവാക്കാം. വാഹനങ്ങളില് കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രായമായ ആളുകള് മറ്റുള്ളവരുടെ സഹായം തേടുന്നതില് തെറ്റില്ല.
പ്രായമായില്ലേ ഇനി ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരിക്കാം എന്നൊന്നും ചിന്തിക്കരുത്. വെറുതെയിരിക്കുന്നതും എല്ലുകള്ക്ക് അത്ര നല്ലതല്ല, അസ്ഥികളുടെ ബലം കുറയും. സൂര്യപ്രകാശം ശരീരത്തിലെ കൊളസ്ട്രോളിനെ വൈറ്റമിന് ഡിയായി മാറ്റും. അതുവഴി കാത്സ്യം ആഗിരണം മെച്ചപ്പെടും. ഇത് എല്ലുകള്ക്ക് ഗുണകരമാണ്. അതിനാല് എല്ലിന്റെ ആരോഗ്യത്തിന് ഇത്തിരി വെയില് കൊള്ളുന്നതും ഉത്തമമാണ്. നടക്കുന്നതും കൃത്യമായി വ്യായാമം ചെയ്യുന്നതുമൊക്കെ ശീലമാക്കാം. വീട്ടിലെ ബാക്കിവന്ന ഭക്ഷണം കഴിക്കുന്ന ശീലത്തോടെ ഒരു നോയും പറഞ്ഞേക്കണം.Content Highlights: People above 60 years should takecare of their bone health