കൈയിലൊരു മൊബൈല് ഫോണുമായി ഉറങ്ങാന് കിടന്നാല് എങ്ങനെ ഉറക്കം വരാനാണ്. പക്ഷേ ചിലര്ക്കതൊരു ശീലമാണ്. ഉറങ്ങാനെന്ന പേരില് നേരത്തെ മുറിയില് ഇടംപിടിക്കും പക്ഷേ ഉറങ്ങുകയല്ല, മറിച്ച് സിനിമകളോ റീലുകളോ വീഡിയോകളോ ഒക്കെ കണ്ട് മറിഞ്ഞും തിരിഞ്ഞുമായിരിക്കും കിടത്തം. പക്ഷേ ഫോണ് മാറ്റിവെച്ചൊന്ന് ഉറങ്ങാന് ശ്രമിച്ചാലോ.. ചത്താലും ഉറക്കംവരില്ല അല്ലേ… ഈ ശീലമൊക്കെ ഇപ്പോഴേ മാറ്റിയില്ലെങ്കില് നിങ്ങള് തന്നെ നിങ്ങളുടെ ആരോഗ്യം ഇല്ലാതാക്കുകയാണെന്ന് പറയേണ്ടി വരും.
ഇനി ഫോണ് ഉപയോഗം അത്ര താത്പര്യമില്ലാത്തവരിലും ഈ പ്രശ്നമുണ്ടെങ്കിലോ? അതായത് ഫോണ് ഇല്ലാതെ ഉറങ്ങാന് കിടന്നാലും അരമണിക്കൂറ് കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ലെങ്കിലോ? തലച്ചോര് അല്ലെങ്കില് മനസ് സജീവമായി നില്ക്കുകയാണെങ്കില് ഉറക്കം കിട്ടില്ല. ഒരു വശത്ത് സ്ക്രീന് ടൈമാണ് പ്രശ്നമെങ്കില് മറുവശത്ത് മാനസിക സമ്മര്ദമാകാം കാരണം. ഇനി വേഗത്തില് ഉറങ്ങണമെങ്കില്, ചില എളുപ്പമുള്ള മാര്ഗങ്ങള് പരീക്ഷിക്കാം. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്ന് മാത്രമല്ല നന്നായി ഉറങ്ങുകയും ചെയ്യാം.
അനസ്തേഷ്യോളജിസ്റ്റായ ഡോ. മൈറോ ഫിഗുറ പറയുന്നത് ഉറക്കം വന്നില്ലെങ്കില് കിടക്കയില് അതേപടി കിടക്കുന്ന ശീലം ആദ്യം ഒഴിവാക്കണമെന്നാണ്. തലച്ചോറ് ആക്ടീവാണെങ്കില് ഉറക്കം വരില്ലെന്ന് മനസിലാക്കി, അവിടെ നിന്നും എഴുന്നേല്ക്കുക. മറ്റൊരു മുറിയിലേക്ക് മാറാം. കുറഞ്ഞ വെളിച്ചമുള്ള അന്തരീക്ഷത്തില് വിരസമായ പ്രവര്ത്തനങ്ങള് എന്തെങ്കിലും ചെയ്യാം. സ്ക്രീന് ടൈം മാറ്റിവച്ചേക്കണം. മെലറ്റോണിന് ഉത്പാദനം നടക്കാന് വായിക്കാം അല്ലെങ്കില് ജനാലയ്ക്ക് പുറത്തേക്ക് നോക്കിയിരിക്കാം.
സ്ക്രീന് ടൈമില്, മുഖത്തേക്ക് അടിക്കുന്ന നീലവെളിച്ചമാണ് ഉറക്കമില്ലാതാക്കുന്നത്. ഇതൊഴിവാക്കാന് പരമാവധി ശ്രമിക്കുകയാണ് ഏറ്റവും എളുപ്പമുള്ള മാര്ഗം. ഒന്ന് മനസിലാക്കുക ഫോഴ്സ് ചെയ്തല്ല ഉറങ്ങേണ്ടത്. അത് തനിയെ സംഭവിക്കണം. അനാവശ്യ ശീലങ്ങള് പരിധികടന്ന് പോകുമ്പോള് ഉറക്കം തെറ്റും ആരോഗ്യത്തെയും ബാധിക്കും.Content Highlights: if you dont get proper sleep try these