അരി മട്ടയാണോ? എന്നാൽ വയറും ഹൃദയവും പണിമുടക്കില്ലെന്ന് പഠനങ്ങൾ

സ്വാദിന്റെ കാര്യത്തിൽ കേമനാണ് മട്ട അരി എന്ന് നമുക്ക് അറിയാം, എന്നാൽ ആരോഗ്യ സംരക്ഷണത്തിനും മട്ട പിന്നോട്ടല്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

മലയാളിയുടെ പ്രിയപ്പെട്ടതും, പ്രധാനപ്പെട്ടതുമായ ഭക്ഷണമാണ് ചോറ്. ലോകത്ത് എവിടെ ആയാലും ഒരുനേരമെങ്കിലും ചോറ് കഴിക്കണമെന്ന് നമുക്ക് ഒരു ആഗ്രഹമുണ്ടാകും. വെള്ള അരി, കുത്തരി, മട്ട, ചെമ്പാവരി തുടങ്ങി ഉപയോഗിക്കുന്ന അരികൾക്കും നീണ്ട ലിസ്റ്റുണ്ട്. ചുവന്ന അരി അഥവ മട്ട കൊണ്ടായിരുന്നു പണ്ട് കാലങ്ങളിലൊക്കെ ചോറുണ്ടാക്കിയിരുന്നത്. ഇന്ന് നമ്മൾ അൽപം സൗകര്യമൊക്കെ നോക്കി വെളുത്ത അരി എളുപ്പത്തിന് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇന്നും കേരള റൈസ് എന്ന പേര് മട്ടയ്ക്ക് തന്നെയാണ് കേട്ടോ.. സ്വാദിന്റെ കാര്യത്തിൽ കേമനാണ് മട്ട അരി എന്ന് നമുക്ക് അറിയാം, എന്നാൽ ആരോഗ്യ സംരക്ഷണത്തിനും മട്ട പിന്നോട്ടല്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

മട്ട മാത്രമല്ല ചുവന്ന അരികളെല്ലാം ആരോഗ്യസംരക്ഷണത്തെ പിന്തുണയ്ക്കുന്നതാണ്. ചുവന്ന അരിയുടെ ആരോഗ്യപരമായ ഗുണത്തെ കാണിക്കുന്ന ഘടകമാണ് നിറം. ചുവന്ന അരിക്ക് ആ നിറം നൽകുന്നത് അരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും, തവിടും നാരുമാണ്. വെളുത്ത അരിയിലേക്ക് റിഫൈൻ ചെയ്യപ്പെടുമ്പോൾ തവിട് പോലുള്ള നല്ല ഗുണങ്ങൾ അരിയിൽ നിന്നും നഷ്ടപ്പെട്ട് പോകുന്നു. അരിക്ക് നിറം നൽകുന്ന പദാർത്ഥത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മട്ട അരിക്ക് തവിടിന്റെ ഒരു കവചമുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പണ്ടത്തെ ആളുകൾ ഈ തവിട് നഷ്ടപ്പെടാതെ നെല്ലിനെ അരിയാക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. നാരുകൾ ദഹനത്തെ പിന്തുണയ്ക്കുകയും, പെട്ടെന്ന് വയറ് നിറഞ്ഞതായി അനുഭവപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ മലബന്ധത്തിനുള്ള പരിഹാരം കൂടിയാണ് നാര് അടങ്ങിയ ചോറ്, പ്രത്യേകിച്ച് മട്ട അരിചോറ്.

മഗ്നീഷ്യം, കാത്സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള മട്ട അരി പേശികളുടെ പ്രവർത്തനത്തിനും, ഹൃദയാരോഗ്യത്തിനും അസ്ഥികളുടെ ബലത്തിനും പിന്തുണ നൽകുന്നു. ഒരു നേരം കഴിക്കുന്ന മട്ട ചോറിൽ ഒരു മനുഷ്യന് ഒരു ദിവസത്തേക്ക് ആവശ്യമായ മഗ്നീഷ്യം അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കൂടാതെ മട്ട അരി ഇരുമ്പിന്റെ കലവറ കൂടിയാണ്. ഇത് രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂടാൻ സഹായിക്കും. മെറ്റബോളിസത്തെയും, ഊർജനിലയെയും പിന്തുണയ്ക്കാനും മട്ട അരിക്ക് കഴിയും.

മട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും നാരുകളും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതാണ്. എൽഡിഎൽ (മോശം കൊളസ്‌ട്രോൾ) കുറയ്ക്കാനും, എച്ച്ഡിഎൽ (നല്ല കൊളസ്‌ട്രൊൾ) കൂട്ടാനും മട്ട അരിക്ക് കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉയർന്ന നാരുകൾ ഉള്ളതിനാൽ ചുവന്ന അരി ദഹിയ്ക്കാൻ കൂടുതൽ സമയമെടുക്കും. ഇത് വിശപ്പു കുറയ്ക്കുന്നു. എണ്ണമയമുള്ള അല്ലെങ്കിൽ പഞ്ചസാര നിറഞ്ഞ ഭക്ഷണങ്ങളോടുള്ള ആസക്തി നിയന്ത്രിച്ച്, അതിൽ നിന്ന് അധിക ഭാരം ഉണ്ടാകുന്നതിനുള്ള സാധ്യത തടയുകയും ചെയ്യും. ചുവന്ന അരിയിൽ അവശ്യ അമിനോ ആസിഡുകളായ ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് (ഗാബ) അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു. അതുകൊണ്ട് തന്നെ ഈ അരി കഴിക്കുന്നവരിൽ എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ കുറയുന്നു.

ചുവന്ന അരിയിൽ ഉയർന്ന അളവിൽ‌ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് സ്തന, വൻകുടൽ കാൻസറുകൾക്കെതിരെ പോരാടാൻ പ്രതിരോധ സംവിധാനത്തെ സഹായിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചുവന്ന അരിയിൽ പോളിഫെനോളുകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങൾക്ക് ഓക്സിഡേറ്റീവ് നാശമുണ്ടാക്കുന്നത് തടയാനും സഹായിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ചുവന്ന അരിയിൽ ഇനോസിറ്റോൾ ഹെക്സാഫോസ്ഫേറ്റ് അഥവാ ഐപി 6 എന്ന പ്രകൃതിദത്ത സംയുക്തം അടങ്ങിയിട്ടുണ്ട്. സ്തനാർബുദം, കരൾ, വൻകുടൽ എന്നിവയെ ബാധിക്കുന്ന കാൻസർ, രക്താർബുദം എന്നിവയുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു. ഇനി പറയൂ നമ്മുടെ ചുവന്ന അരി അത്ര നിസ്സാരക്കാരനാണോ?

Content Highlight; Kerala’s Matta Rice: A Red Grain for Gut and Heart Health

To advertise here,contact us