ദഹനപ്രശ്‌നമല്ല; ഗ്യാസ്ട്രിക് കാന്‍സറാവാം അവഗണിക്കരുത്

ഇന്ത്യയില്‍ ഗ്യാസ്ട്രിക് കാന്‍സര്‍ അല്ലെങ്കില്‍ ആമാശയ കാന്‍സര്‍ വര്‍ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്

എന്താണെന്നറിയില്ല വയറില്‍ ഒരു അസ്വസ്ഥത ഗ്യാസ് ആണെന്ന് തോന്നുന്നു. ചെറിയ ഒരു വയറ് വേദനയോ അസ്വസ്ഥതയോ തോന്നുമ്പോള്‍ മിക്കവരും പറയുന്ന ഒരു കാര്യമാണിത്. ഇങ്ങനെ പറഞ്ഞ് അസുഖ ലക്ഷണങ്ങളെ ചിലപ്പോള്‍ അങ്ങ് അവഗണിക്കും. പക്ഷേ ഈ അവഗണനയ്ക്ക് പിന്നീട് വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് നിലവിലെ ചില പഠനങ്ങളും മറ്റും സൂചിപ്പിക്കുന്നത്. ലോകമെമ്പാടും പ്രത്യേകിച്ച് ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ ഗ്യാസ്ട്രിക് അല്ലെങ്കില്‍ ആമാശയ കാന്‍സര്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആമാശയത്തിലെ പാളിയില്‍ ഉണ്ടാകുന്ന മാരകമായ ട്യൂമറിന് കാരണമാകുന്ന കാന്‍സറിന്റെ നിരക്ക് വരും വര്‍ഷങ്ങളില്‍ കുത്തനെ ഉയരുമെന്നും ഇതിന്റെ ലക്ഷണങ്ങള്‍ പ്രാരംഭത്തില്‍ കണ്ടെത്താന്‍ കഴിയില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജനസംഖ്യാ വര്‍ധനവും വാര്‍ദ്ധക്യനിരക്കും മൂലം ഇന്ത്യയും ചൈനയും രോഗ വര്‍ധനവില്‍ മുന്നിലായിരിക്കുമെന്നത് ആശങ്കാജനകമായ കാര്യമാണ്.

ലോകമെമ്പാടുമുള്ള വയറ്റിലെ കാന്‍സര്‍ബാധയ്ക്ക് 'ഹെലിക്കോബാക്റ്റര്‍ പൈലോറി അണുബാധ' ഒരു പ്രധാന അപകട ഘടകമാണ്. ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങളും മോശം ഭക്ഷണശീലങ്ങളും രോഗത്തിന്റെ ശക്തമായ പ്രേരകശക്തിയായി മാറുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. വയറ്റിലെ കാന്‍സര്‍ നിരക്ക് ചരിത്രപരമായി വളരെ ഉയര്‍ന്ന തോതില്‍ നിലനില്‍ക്കുന്ന ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ സമഗ്രമായ ദേശീയ സ്‌ക്രീനിംഗ് പരിപാടികളും എച്ച്. പൈലോറി നിര്‍മാര്‍ജന ശ്രമങ്ങളും വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരം പൊതുജനാരോഗ്യ നടപടികള്‍ നേരത്തെ രോഗം കണ്ടെത്താനും രോഗികളുടെ ജീവന്‍ സംരക്ഷിക്കാനും സഹായകമായിട്ടുണ്ട്. 'ഇന്ത്യയില്‍, നിലവിലെ പരിമിതികള്‍ അത്തരം വ്യാപകമായ സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍ ഉടനടി നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന്,' അപ്പോളോ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധന്‍ ഡോ. ഗിരിധര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഗ്യാസ്ട്രിക് കാന്‍സര്‍ എങ്ങനെ തിരിച്ചറിയാം

ഗ്യാസ്ട്രിക് കാന്‍സറിന്റെ ലക്ഷണങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ അറിയാന്‍ സാധിക്കില്ല. പല രോഗത്തിനും കാരണം കണ്ടെത്തുന്നത് ചികിത്സയ്ക്ക് എളുപ്പമാണ്. പലരും രോഗലക്ഷണങ്ങളെ അവഗണിക്കുന്നത് ആശങ്കാജനകമായ കാര്യമാണെന്ന് ഡോ. ഗിരിധര്‍ പറയുന്നു.

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

സ്ഥിരമായ നെഞ്ചെരിച്ചില്‍, ദഹനക്കേട്, വയറു വീര്‍ക്കല്‍ ഈ ലക്ഷണങ്ങളെല്ലാം മിക്ക ആളുകളും ഗ്യാസ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണെന്ന് തെറ്റിദ്ധരിച്ച് സ്വയം രോഗനിര്‍ണ്ണയം നടത്തുകയും സ്വയം ചികിത്സകള്‍ നടത്തുകയും ചെയ്യാറുണ്ട്. ശരിയായ വൈദ്യമാര്‍ഗ്ഗനിര്‍ദ്ദേശമില്ലാത്ത അന്റാസിഡുകളുടെയും ആസിഡ് അടിച്ചമര്‍ത്തുന്ന മരുന്നുകളുടെയും ദീര്‍ഘകാല ഉപയോഗം ഗുരുതരമായ അടിസ്ഥാന അവസ്ഥകളെ മറയ്ക്കുമെന്നും , രോഗനിര്‍ണ്ണയം ഗണ്യമായി വൈകിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 50 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ മതിയായ കാരണമില്ലാതെ ശരീരഭാരം കുറയല്‍, ദഹനക്കേട്, ഭക്ഷണം കഴിച്ചതിന് ശേഷം നേരത്തെയുളള വയറ് നിറയല്‍ എന്നിവയുള്ളവര്‍ ഒരു ഗ്യാസ്ട്രാ എന്‍ട്രോളജിസ്റ്റിനെയോ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റിനോ സമീപിക്കണം.

ഗ്യാസ്ട്രിക് ക്യാന്‍സര്‍ ഒഴിവാക്കാന്‍ എന്ത് ചെയ്യണം

പുകവലി,മദ്യം, സംസ്‌കരിച്ചതും ഉപ്പിലിട്ടതുമായ ഭക്ഷണങ്ങള്‍ ഇവ ഒഴിവാക്കുക. മോശം ശുചിത്വ രീതികള്‍ (എച്ച്.പൈലോറി അണുബാധ പകരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു).ഫ്രഷായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണക്രമവും ആമാശയ പാളിയെ സംരക്ഷിക്കാന്‍ സഹായിക്കും. അതുപോലെ ശാരീരികമായി എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിയാല്‍ ഒരു ഡോക്ടറിന്റെ സഹായം തേടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

Content Highlights :Gastric cancer or stomach cancer is increasing in India, report says

To advertise here,contact us