ചിക്കുന്‍ഗുനിയ പിടിമുറുക്കുമെന്ന് WHO മുന്നറിയിപ്പ്; ചിക്കുന്‍ ഗുനിയ പകരുമോ? അറിയാം

ചിക്കുന്‍ഗുനിയ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ആഗോളതലത്തില്‍ ചിക്കുന്‍ഗുനിയ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ്. ഇത്തവണ ഇന്ത്യന്‍ മഹാസമുദ്ര ദീപുകളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ദക്ഷിണേന്ത്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും പോലും വൈറസ് ശക്തമായ തിരിച്ചുവരവ് നടത്തും.

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം 119 രാജ്യങ്ങളിലെ 5.6 ബില്യണ്‍ ആളുകള്‍ ഇപ്പോള്‍ അപകടത്തിലാണ്. ടൈഗര്‍ കൊതുക്(ഈഡിസ് ആല്‍ബോപിക്റ്റ്‌സ്) എന്നറിയപ്പെടുന്ന കൊതുകുകള്‍ ബാധിക്കുന്ന യൂറോപ്പിന്റെയും ഏഷ്യയുടെയും ചില ഭാഗങ്ങളും ഉള്‍പ്പെടുന്നു.

ഇത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടാകുമെന്നുള്ളതുകൊണ്ടുതന്നെ ചിക്കുന്‍ ഗുനിയ അണുബാധ സമയത്ത് എന്താണ് സംഭവിക്കുന്നത്, ആരാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്, അപകട സാധ്യത കുറയ്ക്കാന്‍ എന്തൊക്കെ നടപടികള്‍ സഹായിക്കും എന്നതിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ഇതാ.

ചിക്കുന്‍ഗുനിയ വെറുമൊരു പനിയല്ല

ലക്ഷണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുന്നതിനാല്‍ ചിക്കുന്‍ഗുനിയയെ ഡെങ്കി പനിയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ചിക്കുന്‍ ഗുനിയ വ്യത്യസ്തമാകുന്നത് അത് ഉണ്ടാക്കുന്ന സന്ധിവേദനയുടെ തീവ്രത കൊണ്ടാണ്. Makonda ഭാഷയില്‍ നിന്നാണ് ചിക്കുന്‍ഗുനിയ എന്ന വാക്ക് വരുന്നത്. ' വളഞ്ഞുപോകുക' എന്നാണ് ഇതിനര്‍ഥം. അസഹ്യമായ സന്ധിവേദന മൂലം രോഗികള്‍ കുനിഞ്ഞിരിക്കുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. മിക്ക കേസുകളിലും രോഗം 7 മുതല്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ചിലരില്‍ സന്ധി വേദന മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കുന്നതായിരിക്കും.

അണുബാധയുണ്ടാകുമ്പോള്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത്

കൊതുകുന്റെ കടിയേറ്റ് 4 മുതല്‍ 8 ദിവസങ്ങള്‍ക്കുള്ളില്‍ ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍ സാധാരണയായി പ്രത്യക്ഷപ്പെടുമെന്ന് WHO സ്ഥിരീകരിക്കുന്നു. പെട്ടെന്നുളള ഉയര്‍ന്ന പനി, സന്ധികളില്‍ വേദന (പ്രത്യേകിച്ച് കൈകളിലും കാലുകളിലും, പേശിവേദന, ക്ഷീണം, ചുണങ്ങ്, സന്ധികളിലെ വീക്കം, അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കണ്ണ്, ഹൃദയം അല്ലെങ്കില്‍ നാഡീസംബന്ധമായ സങ്കീര്‍ണതകള്‍ എന്നിവയുണ്ടാവുക. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന സന്ധിവേദന അസ്വസ്ഥതയും വൈകല്യവും ഉണ്ടാക്കുകയും ചെയ്യുന്നു.

വൈറസ് പടരുന്നത് സമ്പക്കര്‍ക്കത്തിലൂടെയല്ല

ചിക്കുന്‍ ഗുനിയ ഒരിക്കലും ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരില്ല. രോഗബാധിതനായ കൊതുകിന്റെ കടിയേറ്റാല്‍ മാത്രമേ ഈ രോഗം പകരുകയുള്ളൂ. പകല്‍ സമയത്താണ് കൊതുകുകള്‍ കടിക്കുന്നത്. പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരവും. ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ഒരാള്‍ക്ക് ഒരു ആഴ്ചയോളം വൈറസിന്റെ ഉറവിടമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഈ സമയത്ത് കടിച്ചാല്‍ കൊതുകിന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ത്താന്‍ കഴിയും. അങ്ങനെയാണ് പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടരുന്നത്.

പ്രതിരോധം എങ്ങനെ

ഒരു വാക്‌സിനോ പ്രത്യേക ആന്റിവൈറല്‍ ചികിത്സയോ ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിരോധം മാത്രമാണ് ശക്തമായ കവചമെന്ന് WHO അറിയിക്കുന്നു.

  • കൊതുകു നിവാരണ മരുന്നുകള്‍ ഉപയോഗിക്കുക.
  • കൊതുകിന്റെ ശല്യം കൂടുതലുള്ള സമയങ്ങളില്‍ മുഴുവന്‍ കൈയുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
  • വാതിലുകളിലും ജനലുകളിലും കൊതുകുതിരികള്‍ കത്തിച്ചുവയ്ക്കുക.
  • കമ്മ്യൂണിറ്റി ഫോഗിംഗ്: ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍, കൊതുകുകളുടെ എണ്ണം നിയന്ത്രിക്കാന്‍ അധികാരികള്‍ കീടനാശിനി ഫോഗിംഗ് ഉപയോഗിച്ചേക്കാം.

Content Highlights :WHO warns of potential chikungunya outbreak

To advertise here,contact us