രാത്രിയിൽ ഉറക്കം കിട്ടാതെ കഷ്ടപ്പെടുന്നവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. പല പല കാരണങ്ങൾ കൊണ്ട് രാത്രി ഉറങ്ങാൻ കഴിയാത്ത നിരവധി ആളുകളുണ്ട്. കുറഞ്ഞത് 8 മണിക്കൂറും, ഏറ്റവും കുറഞ്ഞത് ആറ് മണിക്കൂറുമെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ രാത്രിയിലെ ഉറക്കക്കുറവും രാവിലെ എഴുന്നേൽക്കേണ്ടതിന്റെ ആവശ്യകതയും നോക്കുമ്പോൾ ആറ് മണിക്കൂർ തികച്ച് ഉറങ്ങാൻ കഴിയാത്തവരുണ്ടാകും. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് ഉറക്കം. നല്ല ഉറക്കം നല്ല ദിവസത്തെ സമ്മാനിക്കുന്നു. ഉറക്കക്കുറവ് പരിഹരിക്കുന്നതിനും ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
കിവി- സെറാടോണിൻ, ഫോളേറ്റ്, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ പഴമാണ് കിവി. ഇത് ഉറക്കത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. അതിനാൽ രാത്രി രണ്ട് കിവി കഴിക്കുന്നത് നല്ലതാണ്.
മഞ്ഞൾ പാൽ- പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് രാത്രി കുടിക്കുന്നതും നല്ല ഉറക്കത്തിന് സഹായിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മഞ്ഞളിലെ കുർകുമിൻ ആണ് ഉറക്കത്തിന് സഹായിക്കുന്നത്.
അവക്കാഡോ- അവക്കാഡോയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം നാഡീ വ്യവസ്ഥയെ ഏകോപിപ്പിക്കുകയും പേശികളെ അയയാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ഇവയും ഉറക്കക്കുറവുള്ളവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം.
ചെറി- ചെറി കഴിച്ചാൽ ഉറക്കം വരാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ടെൻഷനും പല പ്രശ്നങ്ങളും കാരണം ഉറക്കക്കുറവുള്ളവർക്ക് ചെറി സഹായകമാകും. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറിപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാൽ രാത്രി ചെറി ജ്യൂസ് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
വാഴപ്പഴം- കേരളത്തിലെ വീടുകളിൽ സാധാരണയായും സുലഭമായും കാണപ്പെടുന്ന വാഴപ്പഴം ഉറക്കത്തെ പിന്തുണയ്ക്കുമെന്ന് നിങ്ങൾക്ക് അറിയാമോ?മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
മുട്ട- ഉറക്കം വരാൻ കാരണമാകുന്ന പ്രധാന ഹോർമോണാണ് മെലാറ്റോണിൻ. മെലാറ്റോണിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ഉറക്കം വരാൻ സഹായിക്കും. മുട്ടയിലും മെലാറ്റോണിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നതും നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
ബദാം- ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻറെ ഉത്പാദനം കൂട്ടും. അതിനാൽ ഉറക്ക പ്രശ്നമുള്ളവർക്ക് രാത്രി ബദാം കഴിക്കാം.
ഉറക്കക്കുറവുണ്ടെങ്കില് തീര്ച്ചയായും ഇവ പരീക്ഷിക്കുക. എന്നാല് ഇത് റിപ്പോര്ട്ടകളെയും പഠനങ്ങളെയും അടിസ്ഥാനപ്പെടുത്തി നടത്തിയിട്ടുള്ള വിശകലനം മാത്രമാണ്. ഉറക്കക്കുറവ് ഒരു പ്രധാന പ്രശ്നമാണ് അതിനാല് ഡോക്ടറെ സമീപിക്കേണ്ട സാഹചര്യമുണ്ടെങ്കില് മടി കാണിക്കാതിരിക്കുക.
Content Highlight; These Foods may Help You for a Better Sleep