ചീര ഇഷ്ടമാണോ… പക്ഷേ മണ്‍സൂണില്‍ കഴിക്കണ്ട! കാരണമിതാണ്

ഇഷ്ട ഭക്ഷണമൊക്കെ കഴിക്കാന്‍ നന്നായി തോന്നുന്ന മണ്‍സൂണ്‍ കാലത്ത് ചില ഭക്ഷണങ്ങളൊക്കെ ഒഴിവാക്കിയേ മതിയാകു

മണ്‍സൂണ്‍, മഴയിങ്ങനെ പെയ്ത് കാണുന്നത് ഒരു സന്തോഷമാണ്.. എങ്ങും പച്ചപ്പും ഈര്‍പ്പവും… പക്ഷേ മറുവശത്ത് ദുരിത പെയ്ത്താവാറുമുണ്ട്. ചൂടു ചായയും കറുമുറെ കഴിക്കാന്‍ ചായകടികളുമുണ്ടെങ്കില്‍ മഴ ആസ്വദിക്കാന്‍ ഒരു രസം തന്നെയാണ്. പക്ഷേ മഴസമയത്ത് നമ്മള്‍ വയറിന്റെ ആരോഗ്യം മറന്നുള്ള ഭക്ഷണം കഴിക്കുന്നത് അത്ര നന്നല്ല.

ഹുമിഡിറ്റിയും മാറിമറിയുന്ന താപനിലയും ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയും കീടാണുക്കള്‍ക്ക് വളരാന്‍ മികച്ച സാഹചര്യാണ് ഉണ്ടാക്കുന്നത്. അത് ചിലപ്പോള്‍ ആഹാരത്തിലാവാം അല്ലെങ്കില്‍ വയറിനുള്ളിലുമാവാം. ആരോഗ്യ വിദഗ്ദരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ചില ഭക്ഷണങ്ങള്‍ ഈ മണ്‍സൂണ്‍ കാലത്ത് അങ്ങ് ഒഴിവാക്കാണം എന്നാണ് അവര്‍ക്ക് നിര്‍ദേശിക്കാനുള്ളത്.

വേവിച്ച ആഹാരം പെട്ടെന്ന് ചീത്തയാകും, ഇല വര്‍ഗങ്ങളാണെങ്കിലോ പെട്ടെന്ന് വാടിപോകും, മുന്തിരി, ലിച്ചി, മത്തന്‍ ഇവയെല്ലാം ബാക്ടീരിയയും പൂപ്പലും വളരുന്നിടമാകും. ഇതാണ് ഒരാള്‍ കഴിക്കുന്നതെങ്കില്‍ അയാള്‍ക്ക് വയറിളക്കം, ടൈഫോയിഡ്, ഭക്ഷ്യവിഷബാധ എന്നിവയ്ക്ക് കാരണമാകും. അതിനാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മഴക്കാലത്ത് ഒഴിവാക്കിയേ തീരു. നനഞ്ഞ കാലാവസ്ഥയില്‍ ദഹനപ്രക്രിയ മന്ദഗതിയിലായിരിക്കും. ഇത് മൂലം എണ്ണയുള്ള എരിവുള്ള അതുപോലെ തണുത്ത ഭക്ഷണങ്ങള്‍ ദഹിക്കുന്ന പ്രക്രിയ കുറച്ച് പാടായിരിക്കും. ഇതിന് പിന്നാലെ വയര്‍ വീര്‍ത്ത് വരുന്നതും ദഹനക്കേടും അസിഡിറ്റിയുമൊക്കെ ഉണ്ടാകും.

ഇഷ്ട ഭക്ഷണമൊക്കെ കഴിക്കാന്‍ നന്നായി തോന്നുന്ന മണ്‍സൂണ്‍ കാലത്ത് ചില ഭക്ഷണങ്ങളൊക്കെ ഒഴിവാക്കിയേ മതിയാകു. അതായത് ദഹനപ്രക്രിയ ഈക്കാലത്ത് മന്ദഗതിയിലായ സാഹചര്യത്തില്‍, പൊരിച്ച വിഭവങ്ങളായ സമൂസയും പക്കാവടയുമൊക്കെ ഒഴിവാക്കണം. നല്ല രുചിയുള്ളവയായി തോന്നുമെങ്കിലും അസിഡിറ്റി ഉണ്ടാവുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ചീര, ലെറ്റിയൂസ്, ഉലുവയില എന്നിവയുടെ മടക്കുകളില്‍ ബാക്ടീരിയ ഒളിഞ്ഞിരിക്കും. ഈ അവസ്ഥയില്‍ വേവിക്കാത്ത സാലഡുകള്‍ ഒഴിവാക്കാം. വൃത്തിയ്ക്ക് യാതൊരു ഗ്യാരന്റിയുമില്ലാത്ത ഇടങ്ങളില്‍ നിന്നും ഇവ വാങ്ങുന്നതും ഒഴിവാക്കാം. തണ്ണിമത്തന്‍, മുന്തിരിങ്ങ എന്നിവയില്‍ വെള്ളത്തിന്റെ അംശമുള്ളതിനാല്‍ ഈര്‍മുള്ള വായുവില്‍ ഇത് പെട്ടെന്ന് ചീത്തയാകും. അതിനാല്‍ വെട്ടിവച്ചിരിക്കുന്ന ഇത്തരം ഫ്രൂട്ട് വാങ്ങരുത്. ഒപ്പം ബോട്ടില്‍ഡ് ജ്യൂസുകളും ഒഴിവാക്കാം. ഇനി തണുത്തതും ശരിയായ രീതിയിലല്ലാതെ ചൂടാക്കിയ ബാക്കി വന്ന ഭക്ഷണങ്ങളും ഒഴിവാക്കാം. ബാക്കി വന്ന ഭക്ഷണങ്ങള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ വീണ്ടും ഉപയോഗിക്കാന്‍ നില്‍ക്കണ്ട. വീണ്ടും വീണ്ടും ചൂടാക്കുന്നതും ആഹാരത്തിന്റെ ഗുണനിലവാരം കുറയ്ക്കും.

അതേസമയം ഫ്രഷായി വേവിച്ച ചെറുചൂടുള്ള ഭക്ഷണങ്ങള്‍ മണ്‍സൂണ്‍ കാലത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. സൂപ്പ്, സ്റ്റൂ, കിച്ചടിയൊക്കെ കഴിക്കാം. ഇവ പെട്ടെന്ന് തന്നെ ദഹിക്കും. ബാക്ടീരികളെയൊന്നും ഭയക്കുകയും വേണ്ട. കാരറ്റ്, ബീന്‍സ്, മത്തങ്ങ എന്നിവയൊക്കെ നന്നായി കഴുകി വേവിച്ച് കഴിക്കാം. ഇനി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ദഹനം മികച്ച രീതിയിലാക്കാനും ഇഞ്ചി, കറുവപ്പട്ട, തുളസി എന്നിവ ചായയില്‍ ചേര്‍ത്ത് കുടിക്കാം. ഒപ്പം മഞ്ഞളും വെളുത്തുള്ളിയും മികച്ച ആന്റിമൈക്രോബിയല്‍സാണ്. തീര്‍ന്നില്ല, തൊലികളുള്ള ഫലവര്‍ഗങ്ങളായ ആപ്പിള്‍, മാതള നാരങ്ങ, പഴം, പപ്പായ എന്നിവ കേടാവാതെ ഇരിക്കുന്നത് മാത്രമല്ല ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞതുമാണ്. തൈരും ബട്ടര്‍മില്‍ക്കും വയറിന് മികച്ചതാണ്. ദഹനത്തിന് നല്ലതാണെന്നതിന് പുറമേ നല്ല കൂളിങ് ഇഫക്ടും വയറിന് ലഭിക്കും.

നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് അടുക്കളയില്‍ ഒരിത്തിരി ശ്രദ്ധയും വൃത്തിയും ഉറപ്പാക്കി മുന്നോട്ടുപോയാല്‍ മഴക്കാലത്ത് അസുഖബാധിതരാവാതെ കഴിയാം. നമ്മുടെ ദഹന പ്രക്രിയ മികച്ചതാവുക എന്നതാണ് പ്രതിരോധ ശക്തിയുടെ ആദ്യ പടി. അത് കൃത്യമായി കരുതുക.

Content Highlights: Avoid spinach and some other foods during monsoon

To advertise here,contact us