കാൻസർ രോഗത്തിന്റെ തീവ്രത, ചികിത്സ, പ്രതിരോധ മാര്ഗങ്ങള് ഇവയെക്കുറിച്ചൊക്കെ ഇന്ന് ഏറെക്കുറെ മനുഷ്യര് ബോധവന്മാരാണ്. എങ്കിലും കാൻസറിനെക്കുറിച്ചുള്ള ഭീതി കുറയ്ക്കാനായോ എന്ന ചോദ്യം ഇപ്പോഴും നിലനില്ക്കുന്നുണ്ട്. കാന്സര് രോഗനിർണയം ഏറെ പ്രാധാന്യമേറിയതാണ്. എത്ര വേഗത്തിൽ കണ്ടെത്തപ്പെടുന്നോ, അത്രയും വേഗത്തിൽ ചികിത്സ ആരംഭിച്ച് രോഗശമനം നേടാനാവും. പക്ഷെ പല ആളുകളിലും രോഗം മൂർച്ഛിച്ചതിന് ശേഷമായിരിക്കും രോഗനിർണയം നടക്കുക. ഇത് അപകട സാധ്യത കൂട്ടുന്നു.
സ്ഥിര ചികിത്സയില്ലാത്ത, ഒരിക്കൽ വന്നാൽ പിന്നീട് രക്ഷനേടാൻ കഴിയാത്ത രോഗമാണ് കാൻസർ എന്ന തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തിൽ പലർക്കുമുണ്ട്. എന്നാൽ ഇന്ന് വൈദ്യശാസ്ത്രം അതിൽ നിന്നെല്ലാം മുന്നോട്ട് പോയി എന്ന് നാം മനസിലാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കാൻസർ രോഗം വഷളാകുന്നതിന് മുൻപ് കണ്ടെത്തുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്ക്രീനിങ് എന്നാണ് ഇത് അറിയപ്പെടുന്നത്.
സ്ക്രീനിങ്
പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗ നിർണയം നടത്തുന്നതിനുള്ള പരിശോധന നടപടിയാണ് സ്ക്രീനിങ്. കാൻസർ രോഗത്തെ സംബന്ധിച്ച് സ്ക്രീനിങിലൂടെ ആദ്യ ഘട്ടത്തിലുള്ള രോഗത്തെ പോലും തിരിച്ചറിയാൻ സാധിക്കും. സാധാരണ പരിശോധനയിൽ ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ രോഗനിർണയം നടത്തപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാൽ സ്ക്രീനിങ് നടത്തുമ്പോള് ആദ്യ ഘട്ടത്തില് തന്നെ അത് മനസിലാക്കാൻ സാധിക്കുന്നു.
കാൻസർ ചികിത്സയിൽ ഏറ്റവും പ്രധാനം രോഗനിർണയമാണെന്ന് മുന്നേ വ്യക്തമാക്കിയിരുന്നല്ലോ.. ഈ സാഹചര്യത്തിൽ ആദ്യഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയാൻ സാധിക്കുന്നത് വലിയ നേട്ടമാണ്. കൂടാതെ മരുന്നുകൾ കൂടുതൽ ഫലപ്രദമാകാനുള്ള സാധ്യതയുമുണ്ട്. ഏതെങ്കിലും തരത്തിൽ കാൻസറിനുള്ള സാധ്യത നിങ്ങൾക്ക് തോന്നുകയാണെങ്കിൽ ഡോക്ടറെ കണ്ട ശേഷം സ്ക്രീനിങ് നടത്താവുന്നതാണ്.
സ്ക്രീനിങ് പലതരത്തിൽ
മെമോഗ്രാം എന്ന പരിശോധന ഉപകരണത്തിലൂടെയാണ് സ്തനാർബുദം കണ്ടെത്തുന്നത്. 40 വയസിന് മുകളിലുള്ള സ്ത്രീകൾ വർഷത്തിലൊരിക്കൽ മെമോഗ്രാം നടത്തുന്നത് നേരത്തെ രോഗനിർണയത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.
സെർവിക്കൽ കാൻസർ- ഗർഭാശയമുഖത്തുണ്ടാകുന്ന കാൻസറാണ് സെർവിക്കൽ കാൻസർ. ഇത് കണ്ടെത്തുന്നതിനായി പാപ്പ് സ്മിയർ എന്ന ടെസ്റ്റാണ് നിലവിലുള്ളത്. 21 മുതൽ 65 വയസ് വരെയുള്ള സ്ത്രീകളിൽ സെർവിക്കൽ കാൻസറിനുള്ള സാധ്യതയുണ്ട്. അതിനാൽ ഈ പ്രായത്തിലുള്ള സ്ത്രീകൾ നിർബന്ധമായും പാപ്പ് സ്മിയർ നടത്താൻ ശ്രമിക്കുക.
കൊളോറെക്ടൽ കാൻസർ- കുടലുകളെ ബാധിക്കുന്ന കാൻസറിനെയാണ് കൊളോറെക്ടൽ കാൻസർ എന്നാണ് അറിയപ്പെടുന്നത്. കോളോസ്കോപി പോലുള്ള പരിശോധനകളാണ് രോഗനിർണയത്തിനായി നടത്താറുള്ളത്. 50 വയസിന് മുകളിലുള്ളവരിലാണ് കൊളോറെക്ടൽ കാൻസർ സാധ്യത എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
പ്രോസ്റ്റേറ്റ് കാൻസർ- പുരുഷന്മാരുടെ പ്രോസ്റ്റേറ്റ് ഗാരന്ഥികളെ ബാധിക്കുന്ന കാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. PSA ടെസ്റ്റ് മുഖേന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിങ് നടത്താം. എന്നാൽ ഇതിന്റെ ആവശ്യകതയും ഗുണഫലവും സംബന്ധിച്ച വ്യക്തത കുറവാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാൻസറിനെ നേരിടാൻ ഏറ്റവും അത്യാവശ്യം പ്രാരംഭഘട്ടത്തിലെ രോഗനിർണയമാണ്. അതിനാൽ സ്ക്രീനിങിന് വലിയ പ്രാധാന്യമുണ്ട്. വ്യക്തികളിൽ ആരോഗ്യ ബോധം ഉണ്ടെങ്കിൽ മാത്രമെ, കാൻസറിനെയും മറ്റേത് രോഗത്തെയും ചെറുക്കാൻ സാധിക്കുകയുള്ളൂ.. അതിനാൽ പ്രായത്തിനനുസരിച്ചുള്ള സ്ക്രീനിങ് പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്.
Content Highlight; Why Early Cancer Screening and Detection Matter