ലക്ഷണങ്ങളിലൂടെയും മറ്റും കണ്ടുപിടിക്കപ്പെട്ടാല് ചികിത്സിച്ച് ഭേദമാക്കാന് കഴിയുന്ന രോഗമാണ് ക്യാന്സര്. എന്നാല് അണ്ഡാശയ ക്യാന്സറിനെക്കുറിച്ച് ലണ്ടന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഡോക്ടറായ ഡോ. ബ്രൂക്ക് വാന്ഡെര്മോളന് പറയുന്നത് ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. അണ്ഡാശയ ക്യാന്സര് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണെന്നും രോഗികള്കള്ക്ക് എല്ലായ്പ്പോഴും വ്യക്തമായ ലക്ഷണങ്ങള് ഉണ്ടാവണമെന്നില്ലെന്നും ഇദ്ദേഹം പറയുന്നു.
2017 നും 2019 നും ഇടയില് പ്രതിവര്ഷം 7,000ത്തിലധികം സ്ത്രീകള്ക്ക് ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതേ കാലയളവില് 4,000ത്തില് അധികം മരണങ്ങളും ഈ രോഗം മൂലം ഉണ്ടായിട്ടുണ്ട്. 35 ശതമാനം പേര് മാത്രമാണ് രോഗ നിര്ണയത്തിന് ശേഷം പത്തോ അതിലധികമോ വര്ഷങ്ങള് ജീവിക്കുന്നതെന്ന് ഡോ. വാന്ഡര്മോളന് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയില് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇദ്ദേഹം പറഞ്ഞ കാര്യങ്ങള് പങ്കുവയ്ക്കപ്പെട്ടത്. നിങ്ങള്ക്ക് അണ്ഡാശയ ക്യാന്സര് ഉണ്ടോ എന്ന് മനസിലാക്കുന്ന അഞ്ച് മുന്നറിയിപ്പ് സൂചനകളെക്കുറിച്ച് അറിയാം.
വയറുവേദന
വിട്ടുമാറാത്തതും നീണ്ടുനില്ക്കുന്നതുമായ കഠിനമായതും അസാധാരണവുമായ വയറുവേദന അണ്ഡാശയ ക്യാന്സറിന്റെ ലക്ഷണമാകാം. പലപ്പോഴും ആര്ത്തവ വേദനയോ ഇറിറ്റബിള് ബവല് സിന്ഡ്രോം IBS ആയി ബന്ധപ്പെട്ട വേദനയുമായും ഇത് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്നാല് സാധാരണ അനുഭവപ്പെടുന്ന വേദനയുമായി ഇത് താരതമ്യം ചെയ്യുമ്പോള് വ്യത്യാസമുണ്ടെങ്കില് ശ്രദ്ധിക്കേണ്ടതാണ്.
വയറ് വീര്ത്തുവരുന്നു
എന്തെങ്കിലും കഴിച്ചതിന് ശേഷം കുറേ സമയം നീണ്ടുനില്ക്കുന്ന വയറ് വീര്ക്കല് ഉണ്ടെങ്കില് അത് അണ്ഡാശ ക്യാന്സറിന്റെ ലക്ഷണമായിരിക്കാം. നിങ്ങളുടെ വയറിന് സാധാരണയില്നിന്ന് വലിപ്പം തോന്നുകയോ മറ്റോ ചെയ്താല് ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യവിദഗ്ധര് പറയുന്നു.
വിശപ്പില് വരുന്ന മാറ്റംഡോ. വാന്ഡര്മോര് പറയുന്നതനുസരിച്ച് വയറ് നിറഞ്ഞതായി തോന്നുകയോ ഭക്ഷണം കഴിക്കാന് ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കില് അതായത് വിശപ്പിന് എന്തെങ്കിലും മാറ്റം അനുഭവപ്പെട്ടാല് ശ്രദ്ധിക്കേണ്ടതാണ്.
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്
നിങ്ങള്ക്ക് കൂടുതല് തവണ മൂത്രമൊഴിക്കേണ്ടതായി വരികയാണെങ്കില് അത് വളരുന്ന ട്യൂമര് മൂലമാണെന്ന് മനസിലാക്കാമെന്ന് അദ്ദേഹം പറയുന്നു. ട്യൂമര് മൂത്രസഞ്ചിയില് സമ്മര്ദ്ദം ചെലുത്തുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ഡോ. വാന്ഡര്മോളന് അഭിപ്രായപ്പെടുന്നത്.
ഭാരക്കുറവ്
വിശദീകരിക്കാനാവാത്തവിധം ശരീരഭാരം കുറയുന്നത് ക്യാന്സറിന്റെ ഏറ്റവും ശ്രദ്ധേയമായ ലക്ഷണങ്ങളില് ഒന്നാണ്. ഭക്ഷണവും വ്യായാമവുമായി ബന്ധപ്പെട്ടുള്ളതല്ലാതെ വളരെ പെട്ടെന്ന് ഭാരം കുറയുകയാണെങ്കില് അത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
അണ്ഡാശയ ക്യാന്സറിന് കാരണം
നിങ്ങളുടെ അണ്ഡാശയങ്ങളിലോ ഫാലോപ്യന് ട്യൂബുകളിലോ ഉള്ള അസാധാരണ കോശങ്ങള് വളര്ന്ന് നിയന്ത്രണാതീതമായി പെരുകുമ്പോഴാണ് അണ്ഡാശയ അര്ബുദം ഉണ്ടാകുന്നത്.അണ്ഡാശയ കാന്സറിനുള്ള കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാല് ചില സ്ത്രീകള്ക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത അല്പ്പം കൂടുതലാണ്. എങ്കിലും ചില അപകടകരമായ ഘടകങ്ങള് ഇവയാണ്.
60 വയസ്സിനു മുകളില് പ്രായം, അമിതഭാരം, കുടുംബത്തില് അണ്ഡാശയ കാന്സറിന്റെ ചരിത്രമുളളവര്,ലിഞ്ച്സിന്ഡ്രോം,എന്ഡോമെട്രിയോസിസ് എന്നിവയെല്ലാം അണ്ഡാശയ ക്യാന്സറിന്റെ കാരണങ്ങളാണ്.
(ഈ ലേഖനം വിവരങ്ങള് നല്കുവാന് വേണ്ടിയുള്ളതാണ്. ആരോഗ്യകരമായ പ്രശ്നങ്ങള് ഉണ്ടെങ്കില് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Know the five subtle signs of ovarian cancer. Dr. Brooke Vandermolen, a doctor from London, shared information about ovarian cancer