ചില ആളുകള് നാളുകളായി നടുവേദന കൊണ്ടുള്ള പ്രശ്നങ്ങള് അനുഭവിക്കുന്നവരാണ്. ചിലരൊക്കെ കാരണം എന്താണെന്ന് പോലും അന്വേഷിക്കാതെ ബാം പുരട്ടിയും വേദനയ്ക്കുള്ള മരുന്നുകള് കഴിച്ചും സ്വയം ചികിത്സിക്കാറുണ്ട്. കുറേ നാളുകള്ക്ക് ശേഷം വേദന സഹിക്കാതാകുമ്പോഴാണ് പലരും ആശുപത്രിയിലേക്കോടുന്നത്. മറ്റുചിലര്ക്ക് എപ്പോഴും ഗ്യാസ് മൂലമുള്ള പ്രശ്നങ്ങളാണ്. ഗ്യാസിന്റെ പ്രശ്നമുളളതുകൊണ്ട് നടുവ് വേദനിച്ചിട്ടു വയ്യ എന്ന് കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കും. എന്നാല് എല്ലാ വേദനകളും നടുവേദനയോ ഗ്യാസോ ആയിരിക്കില്ല, വൃക്കയിലെ കല്ലുകള് കാരണമുള്ള വേദനയായിരിക്കും അത്.
എങ്ങനെയാണ് വൃക്കയിലെ കല്ലിന്റെ വേദന തിരിച്ചറിയുന്നത്
വേദനയുടെ സ്വഭാവവും തീവ്രതയും
വൃക്കയിലെ കല്ല് മൂലമുണ്ടാകുന്ന വേദന സാധാരണയായി പെട്ടെന്നുള്ളതും കഠിനവും മൂര്ച്ചയുള്ളതുമാണ്. സാധാരണയായി Shooting pain എന്നാണ് ഇത് അറിയപ്പെടുന്നത്. ഉള്ളില് നിന്ന് കുത്തുകയോ ഞെക്കുകയോ ചെയ്യുന്നതുപോലെ അനുഭവപ്പെടാം. ചില സന്ദര്ഭങ്ങളില് വേദന വളരെ തീവ്രമായിരിക്കാം. വൃക്കയിലെ കല്ലിന്റെ വേദന അസഹ്യമായാല് ഓക്കാനം പോലും അനുഭവപ്പെടാം. നേരെമറിച്ച്, സാധാരണ നടുവേദന അല്ലെങ്കില് ഗ്യാസ് വേദന താരതമ്യേന കാഠിന്യം കുറഞ്ഞതും സ്ഥിരമായുള്ളതുമായിരിക്കും
വേദനയുടെ സ്ഥാനവും ചലനവും
വൃക്കയിലെ കല്ലിന്റെ വേദന സാധാരണയായി വശങ്ങളിലെ വാരിയെല്ലുകള്ക്ക് തൊട്ടുതാഴെയായി ആരംഭിക്കുന്നു. കല്ല് മൂത്രനാളിയിലൂടെ കടന്നുപോകുമ്പോള് അത് അടിവയറ്റിലേക്കും ഞരമ്പിലേക്കും നീങ്ങാം. അതിനാല്, വൃക്കയിലെ കല്ല് മൂലമുണ്ടാകുന്ന വേദനയ്ക്ക് സ്ഥാനമാറ്റം ഉണ്ടാവാം. അതേസമയം, നടുവേദന സാധാരണയായി ഒരു സ്ഥലത്ത് തങ്ങിനില്ക്കും. ആമാശയത്തിലും തൊട്ട് മുകള് ഭാഗത്തുമാണ് ഗ്യാസ് ഉണ്ടാകുമ്പോഴുള്ള വേദന അനുഭവപ്പെടുന്നത്.
വേദനയോടൊപ്പമുള്ള മറ്റ് ലക്ഷണങ്ങള്
വൃക്കയിലെ കല്ല് പ്രശ്നക്കാരനാകുമ്പോള് പലപ്പോഴും മൂത്രത്തിന് നിറവ്യത്യാസമുണ്ടാകാം. ചിലപ്പോള് രക്തം കലര്ന്ന മൂത്രമായിരിക്കും. ഇടയ്ക്കിടെ മൂത്രമൊഴിക്കാന് തോന്നുകയും മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും പനി, അല്ലെങ്കില് വിറയല് തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഒപ്പമുണ്ടാകും. നടുവേദനയിലോ ഗ്യാസ് മൂലമുള്ള വേദനയിലോ ഈ ലക്ഷണങ്ങള് ഉണ്ടാകില്ല. ഗ്യാസ് മൂലമുളള വേദനയ്ക്ക് വയറു വീര്ക്കലും കൂടെ ഉണ്ടാകും. ഗ്യാസ് പുറന്തള്ളപ്പെട്ടതിന് ശേഷം ആശ്വാസം തോന്നുന്നതും അതുകൊണ്ടാണ്. അതേസമയം, നടുവേദനയ്ക്ക് പേശികളില് കാഠിന്യവും വേദനയും അനുഭവപ്പെടാം.
ശരീരം ചലിക്കുന്നതിനനുസരിച്ചുള്ള വേദന
പേശിവേദന അല്ലെങ്കില് പേശി വലിക്കല് മൂലമാണ് സാധാരണയായി നടുവേദന ഉണ്ടാകുന്നത്. അതിനാല് നിങ്ങളുടെ ഇരിപ്പ് അല്ലെങ്കില് ശരീര ചലനങ്ങളായ കുനിയുക, ഇരിക്കുക, കിടക്കുക തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ച് ഇത് വഷളാകുകയോ മെച്ചപ്പെടുകയോ ചെയ്യാം. അതേസമയം, നടക്കുമ്പോഴോ ടോയ്ലറ്റ് ഉപയോഗിച്ചാലോ ഗ്യാസ് വേദന കുറയ്ക്കാന് കഴിയും. എന്നാല് വൃക്കയിലെ കല്ലുകള് മൂലമാണ് വേദന ഉണ്ടാകുന്നതെങ്കില്, ചലനം കൊണ്ടോ വിശ്രമിച്ചാലോ അത് സാധാരണയായി മെച്ചപ്പെടില്ല. തുടര്ച്ചയായ, മൂര്ച്ചയുള്ളതും വേദനാജനകവുമായ വേദന വൃക്കയിലെ കല്ല് വേദനയുടെ ഒരു ക്ലാസിക് ലക്ഷണമാണ്.
( ഈ ലേഖനം വിവരങ്ങള് പ്രദാനം ചെയ്യുന്നതിന് മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകള് അനുഭവപ്പെട്ടാല് ഉടന്തന്നെ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)