ഇന്ത്യൻ അടുക്കളകളിൽ സ്റ്റീൽ പത്രങ്ങൾക്കുള്ള പ്രാധാന്യം ഏറെയാണ്. മറ്റു പാത്രങ്ങളെ അപേക്ഷിച്ച് കൂടുതൽ കാലം ഈടുനിൽക്കുന്നതിനാലും, വൃത്തിയാക്കാൻ എളുപ്പമുള്ളതുകൊണ്ടും ആളുകൾ ചില്ലുപാത്രങ്ങളേക്കാൾ കൂടുതൽ സ്റ്റീൽ പത്രങ്ങളാണ് ഉപയോഗിക്കുന്നത്.
പയറുവർഗങ്ങൾ, കറികൾ, ഫ്രൂട്സ്, അച്ചാറുകൾ, ലഞ്ച്ബോക്സ് തുടങ്ങി ഒട്ടുമിക്ക ഭക്ഷണ പദാർത്ഥങ്ങളും നമ്മൾ സ്റ്റീൽ പാത്രങ്ങളിലാണ് സൂക്ഷിക്കാറ്. എന്നാൽ എല്ലാം ഭക്ഷണങ്ങളും ഇതിൽ ഉൾപ്പെടില്ല, കാരണം ചില ഭക്ഷണങ്ങൾ കാലക്രമേണ സ്റ്റീലുമായി പ്രതിപ്രവർത്തിച്ച് അവയുടെ രുചി, ഘടന, പോഷകമൂല്യം എന്നിവ നഷ്ടപ്പെടാനിടയുണ്ട്. അതുകൊണ്ട് തന്നെ ഇതിൽ സ്റ്റീല് പാത്രങ്ങളില് സൂക്ഷിക്കാന് പാടില്ലാത്ത ഭക്ഷണ പദാര്ത്ഥങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
അച്ചാറുകൾ
അച്ചാറിൽ സാധാരണയായി ഉപ്പ്, എണ്ണ, നാരങ്ങ, വിനാഗിരി, പുളി എന്നിവയിൽ നിന്നുള്ള പ്രകൃതിദത്ത ആസിഡുകൾ നിറഞ്ഞതാണ്.
ഇവ സ്വഭാവികമായും ലോഹവുമായി പ്രതിപ്രവർത്തിച്ചേക്കാം, പ്രത്യേകിച്ചും സ്റ്റൈൻലെസ്സ് സ്റ്റീൽ അല്ലാത്ത ഗുണ നിലവാരം കുറഞ്ഞ സ്റ്റീലാണെങ്കിൽ അത് രുചിയിൽ മാറ്റം വരുത്തുന്നതിനും, ലോഹം അച്ചാറിലേക്ക് കലരാനും സാധ്യതയുണ്ട്. അച്ചാറിട്ടുവെക്കാൻകൂടുതലും ഗ്ലാസ് ജാറുകളാണ് ഏറ്റവും മികച്ചത്.
തൈര്
അസിഡിറ്റി സ്വഭാവമുള്ള പദാർത്ഥമാണ് തൈര് , ഇവ സ്റ്റീൽ പാത്രങ്ങളിൽ ദീർഘനേരം സൂക്ഷിക്കുമ്പോൾ രുചി വ്യത്യാസത്തിൽ മാറ്റം വരുകയും, അഴുകാനും സാധ്യതയുണ്ട്. ഇത് സെറാമിക് അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിച്ചു വെക്കുന്നതാണ് നല്ലത്.
കൂടാതെ തൈരിൽ പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയ) ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ പരിപോഷിപ്പിക്കുകയും, ദഹനം സുഗമമാക്കുകയും ചെയ്യുന്നു. കൂടാതെ പതിവായി തൈര് കഴിക്കുന്നത് മൂലം മൈക്രോബയോം നിലനിർത്തുന്നതിലൂടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കും.
നാരങ്ങ
പരസ്പരം ഒട്ടും ചേരാത്ത രണ്ടു പദാർഥങ്ങളാണ് സ്റ്റീലും സിട്രസും. അതിനാൽ ലെമൺ റൈസ്, ലെമൺ രസം, അല്ലെങ്കിൽ നാരങ്ങ ചേർത്ത മറ്റെന്തായാലും സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കുന്നത് കാരണം ഭക്ഷണത്തിന്റെ ഘടനയിൽ മാറ്റം വരുത്താനും, രുചി വ്യത്യാസം ഉണ്ടാകാനും ഇടയുണ്ട് അതിനാൽ ഇത്തരം വിഭവങ്ങൾ ഗ്ലാസിലോ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിലോ സൂക്ഷിക്കുന്നതാണ് നല്ലത്.
തക്കാളി
പനീർ, ബട്ടർ മസാല, തക്കാളി പേസ്റ്റ് തുടങ്ങി തക്കാളി ബേസ് ഉള്ള ഗ്രേവി വിഭവങ്ങൾ ലോഹമല്ലാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. കാരണം തക്കാളിയിലടങ്ങിയ ആസിഡുകൾ കാലക്രമേണ സ്റ്റീലുമായി പ്രതിപ്രവർത്തിച്ച് വിഭവത്തിന്റെ രുചിയെയും പോഷക ഗുണങ്ങളെയും ബാധിക്കും. പകരം അത് ഒരു സെറാമിക് പാത്രത്തിലോ ഗ്ലാസ് ബോക്സിലോ ഇടുന്നതാണ് നല്ലത്.
പഴങ്ങളും സലാഡുകളും
മുറിച്ചു വച്ച പഴങ്ങളോ, മിക്സഡ് ഫ്രൂട്ട് സാലഡോ സ്റ്റീലിൽ സൂക്ഷിക്കുന്നത് കൂടുതൽ നേരം വെച്ചാൽ അതിൽ നനവ് വരുകയും, രുചി വ്യത്യാസമുണ്ടാകുകയും ചെയ്യും. ഫ്രൂട്ട്സിൽ അടങ്ങിയിരിക്കുന്ന നീര് ലോഹ പ്രതലവുമായി ഇടകലർന്ന് പ്രതിപ്രവർത്തിച്ചേക്കാം, പ്രത്യേകിച്ച് വാഴപ്പഴം, ഓറഞ്ച് പോലുള്ള മൃദുവായ പഴങ്ങളിൽ. അതിനാൽ വായു കടക്കാത്ത ഗ്ലാസ് പാത്രങ്ങളോ ഭക്ഷ്യ-സുരക്ഷിതമായ പ്ലാസ്റ്റിക് ബോക്സുകളിലോ സൂക്ഷിക്കുന്നത് പഴങ്ങൾ ഫ്രഷും, ക്രിസ്പിയും, രുചി നിറഞ്ഞതുമായി നിലനിർത്താൻ സഹായിക്കും.
Highlights: Not all foods can be stored in steel containers