സോഷ്യല്മീഡിയയില് ഈയിടെയായി വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു റീലാണ്, ഒരാള് ഒരു ഗ്ലാസിലേക്ക് ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞൊഴിച്ചുകൊണ്ട് ഫാറ്റി ലിവറിനെ സുഖപ്പെടുത്താനുളള ഒരു ' കരള് ഡീടോക്സിക് ' ആണിതെന്ന് ആത്മവിശ്വാസത്തോടെ പറയുന്നത്.എന്നാല് യഥാര്ഥത്തില് നാരങ്ങാ വെള്ളത്തിന് ഫാറ്റി ലിവറിനെ സുഖപ്പെടുത്താനാവുമോ?.
കരളില് അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവര് രോഗം (ഹൈപ്പറ്റിക് സ്റ്റീറ്റോസിസ് ) ഉണ്ടാകുന്നത്. ഇത് രണ്ട് തരമാണ്. ആല്ക്കഹോളിക് ഫാറ്റി ലിവര് ഡിസീസും(AFLD) , നോണ് ആല്ക്കഹോളിക് ഫാറ്റി ലിവര് ഡിസീസും(NAFLD) . മദ്യം കഴിക്കാത്ത ആളുകളില് പോലും നോണ് ആല്ക്കഹോളിക് ഫാറ്റി ലിവര് ഡിസീസ് കൂടുതല് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പഞ്ചസാര, സംസ്കരിച്ച കാര്ബോഹൈഡ്രേറ്റ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണം നിങ്ങള് കഴിക്കുകയാണെങ്കിലോ അമിതഭാരമുള്ളയാളാണെങ്കിലോ, ഇന്സുലിന് പ്രതിരോധശേഷിയുള്ളയാളാണെങ്കിലോ, അല്ലെങ്കില് വ്യായാമം ചെയ്യാത്ത ആളാണെങ്കിലോ നിങ്ങള് ഇതിനകം തന്നെ അപകടത്തിലാണ്. ചിലപ്പോള് metabolic health മെലിഞ്ഞ ആളുകളില് പോലും ഫാറ്റി ലിവര് ഉണ്ടാകുന്നു.
നാരങ്ങാവെള്ളവും ഫാറ്റി ലിവറും
നാരങ്ങയില് കാണപ്പെടുന്ന വിറ്റാമിന് സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും യഥാര്ഥ ഗുണങ്ങളില് നിന്നായിരിക്കും ഇത്തരം ഒരു ധാരണ ആളുകള്ക്കിടയിലേക്ക് എത്തപ്പെട്ടത്. നാരങ്ങ ദഹനത്തെ സഹായിക്കുകയും ഡി-ലിമോണ് പോലുള്ള സംയുക്തങ്ങളാല് സമ്പന്നവുമാണ്. ഇതിന് വിഷാംശം ഇല്ലാതാക്കാനുളള ഗുണങ്ങള് ഉണ്ട്. പക്ഷേ 'ഡീടോക്സ് ' എന്നാല് ചികിത്സ എന്നല്ല. കരളിന്റെ പ്രവര്ത്തനങ്ങളെ പിന്തുണയ്ക്കുക എന്നത് കരള് തകരാറുകള് മാറ്റുന്നതിന് തുല്യവുമല്ല.
നാരങ്ങ വെള്ളം കരളില് നിന്ന് കൊഴുപ്പ് പുറംതള്ളുന്നു എന്നത് ശരിയാണോ
ഇത് ശരിക്കും ഒരു മിഥ്യാ ധാരണയാണ്. നാരങ്ങവെള്ളം കൊഴുപ്പ് ഉരുക്കുകയും, വിഷ വസ്തുക്കളെ പുറംതള്ളുകയും കരളിനെ ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് അവകാശപ്പെടുമ്പോഴും നമ്മുടെ ശരീരം ആ രീതിയില് പ്രവര്ത്തിക്കുന്നില്ല. കരള് സ്വാഭാവികമായിത്തന്നെ വിഷവിമുക്ത സംവിധാനമാണ്.
എന്നാല് ഭക്ഷണത്തില്നിന്നോ ഇന്സുലിന് പ്രതിരോധത്തില്നിന്നോ കൊഴുപ്പ് അമിതമാകുമ്പോള് കരളിന് അതിന്റെ ജോലി നന്നായി ചെയ്യാന് കഴിയുന്നില്ല. അതുകൊണ്ട് വൈദ്യശാസ്ത്രപരമായി പറയുകയാണെങ്കില് ഫാറ്റി ലിവറിന് ലിവര് ഡീടോക്സ് പ്രതിവിധി എന്നൊന്നില്ല. പഞ്ചസാര കൂടുതലുള്ളതും നാരുകള് കുറവുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുകയും ചെയ്താല് കരളിന് കൂടുതല് ജോലി ചെയ്യേണ്ടതായി വരും.
കരളിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം
ജീവിത ശൈലിയില് ഉളള മാറ്റങ്ങളാണ് ഫാറ്റി ലിവര് സുഖപ്പെടുത്താനുളള യഥാര്ഥ പ്രതിവിധി. ഭക്ഷണക്രമത്തില് മാറ്റം വരുത്തിയും പതിവായി വ്യായാമം ചെയ്യുക, അമിതഭാരം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാരയും ഇന്സുലിന് എന്നിവ നിയന്ത്രിക്കുക എന്നിവയൊക്കെ ചെയ്താല് കരളിന്റെ ആരോഗ്യം സംരക്ഷിക്കാന് സാധിക്കും. ഇനി നാരങ്ങാവെള്ളത്തെക്കുറിച്ച് പറയുകയാണെങ്കില് നാരങ്ങാവെള്ളം ഉന്മേഷദായകമാണ്.എന്നാല് യഥാര്ഥത്തില് ശുദ്ധീകരണം നല്കുന്നത് നിങ്ങളുടെ ജീവിതശൈലി തന്നെയാണ്.
Content Highlights :Can lemon juice really cure fatty liver