നഖങ്ങളിൽ മഞ്ഞ നിറമോ പൊട്ടലുകളോ ഉണ്ടോ? നിസാരമായി തള്ളിക്കളയരുത്, ഗുരുതര രോഗങ്ങളുടെ സൂചനയായിരിക്കാം

കരള്‍ മുതല്‍ വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ വരെയുള്ള മറഞ്ഞിരിക്കുന്ന ആരോഗ്യ സൂചനകള്‍ നല്‍കാന്‍ നഖങ്ങള്‍ക്ക് കഴിയും

നഖങ്ങള്‍ വെട്ടി വൃത്തിയാക്കിയും ഭംഗിയായി ഷേപ്പ് ചെയ്ത് നെയില്‍പോളിഷ് ഇട്ടും സൗന്ദര്യം വര്‍ധിപ്പിച്ചാല്‍ മാത്രം പോര. ഇടയ്ക്ക് നഖങ്ങള്‍ക്കുണ്ടാകുന്ന വ്യത്യാസങ്ങളും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. നഖങ്ങള്‍ നമ്മുടെ ശരീരത്തിനുളളില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനുള്ള സൂചനകള്‍ നല്‍കാന്‍ സഹായിക്കുന്നു.

നഖങ്ങളില്‍ ഇരുണ്ട ലംബ വരകള്‍ കണ്ടാല്‍

നഖങ്ങളില്‍ ഇരുണ്ട ലംബ വരകള്‍, പ്രത്യേകിച്ച് പിളര്‍പ്പ് പോലെ തോന്നിക്കുന്നവ കണ്ടാല്‍ അത് വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവാണെന്ന് മനസിലാക്കാം. ' മെലനോണിച്ചിയ' എന്നറിയപ്പെടുന്ന ഈ ഇരുണ്ട വരകള്‍ വിറ്റാമിന്‍ കുറവ്, പ്രത്യേകിച്ച് ബി12 , വിറ്റാമിന്‍ ഡി എന്നിവയുടെ കുറവുകൊണ്ടുണ്ടാകുന്ന ലക്ഷണമാണ്.

ചെറിയ വെളുത്ത പാടുകള്‍ അല്ലെങ്കില്‍ വെളുത്ത വരകള്‍

ചെറിയ വെളുത്ത കുത്തുകള്‍ സിങ്കിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല പ്രതിരോധ ശേഷി കുറയുകയാണെങ്കിലോ വരണ്ട ചര്‍മ്മം പോലുള്ള മറ്റ് ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇത്തരത്തിലുളള പാടുകളുണ്ടാവാം.

എളുപ്പത്തില്‍ പൊട്ടി പോകുന്ന നഖങ്ങള്‍

പലപ്പോഴും biotin , കാല്‍സ്യം എന്നിവയുടെ അളവ് കുറയുന്നതാണ് ഇതിന് കാരണം. നഖങ്ങള്‍ പിളരുകയോ, അടര്‍ന്ന് പോവുകയോ, പൊട്ടിപോകുകയോ ചെയ്യുന്നത് ബയോട്ടിന്റെ ആവശ്യമുളളതുകൊണ്ടാണെന്ന് കരുതാം. നഖങ്ങളുടെ ഘടനയില്‍ കാല്‍സ്യത്തിനും ഒരു പങ്ക് ഉണ്ട്. ഇടയ്ക്കിടെയുള്ള നെയില്‍ പോളിഷുകളുടെയും മറ്റും ഉപയോഗം, നഖങ്ങള്‍ സംരക്ഷിക്കാതിരിക്കുന്നത് ഇക്കാരണങ്ങളൊക്കെ നഖങ്ങള്‍ പൊട്ടിപോകാന്‍ കാരണമാകുന്നു.

നഖങ്ങളിലെ മഞ്ഞ നിറം

മഞ്ഞ നഖങ്ങള്‍ പലപ്പോഴും ഫംഗസ് അണുബാധയേയോ പുകവലിയുടെ അനന്തര ഫലത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ സ്ഥിരമായ മഞ്ഞ നിറം ശ്വസന പ്രശ്‌നങ്ങളെയോ പ്രമേഹത്തെയോ സൂചിപ്പിക്കാം.

പൂര്‍ണമായും വെളുത്ത നഖങ്ങള്‍

നഖങ്ങളുടെ പിങ്ക് കലര്‍ന്ന അടിഭാഗം ഇല്ലാതെ പൂര്‍ണമായും വെളുത്ത നഖങ്ങളെ ' ടെറി നെയില്‍സ്' എന്നാണ് വിളിക്കുന്നത്. ഇത് ലിവര്‍ സിറോസിസ്, വൃക്ക തകരാറ്, രക്ത ചംക്രമണ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

വളഞ്ഞതോ വീര്‍ത്തതോ ആയ വിരലുകള്‍

നഖങ്ങള്‍ താഴേക്ക് വളയുകയും വിരല്‍ത്തുമ്പില്‍ വീര്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ക്ലബ്ബിംഗ്. രക്തത്തിന്റെ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ ഒരു നിശബ്ദ സൂചനയാണ് ഇത്. ബ്രോങ്കൈറ്റീസ്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ കരള്‍ രോഗം പോലുള്ള അവസ്ഥകളില്‍ ഇങ്ങനെ ഉണ്ടാകാം.

നീല കലര്‍ന്നതോ വയലറ്റ് നിറമോ ഉള്ള നഖങ്ങള്‍

രക്തചംക്രമണം മോശമായതിനെയോ ഓക്‌സിജന്‍ അളവ് കുറയുന്നതിനെയോ സൂചിപ്പിക്കാം. ആസ്ത്മ ഉളളവര്‍ക്കോ സിഒപിഡി ഉള്ളവര്‍ക്കോ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കോ ഇങ്ങനെ സംഭവിക്കാം.

സ്പൂണ്‍ ആകൃതിയിലുള്ള നഖങ്ങള്‍

ഇരുമ്പിന്റെ അംശം കുറവുള്ളവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.നഖങ്ങള്‍ ഉള്ളിലേക്ക് താഴുകയും സ്പൂണ്‍ പോലുള്ള വളവ് രൂപപ്പെടുകയും ചെയ്യുന്നത് പലപ്പോഴും ഇരുമ്പിന്റെ അംശം കുറയുന്ന വിളര്‍ച്ചയെ സൂചിപ്പിക്കുന്നു. ഹീമോക്രോമാറ്റോസിസ് അല്ലെങ്കില്‍ സീലിയാക് രോഗമുളളവരിലും ഇത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

Content Highlights :Nails help provide clues about our body's health

To advertise here,contact us