ഒറ്റപ്പെടല്‍ മരണത്തിലേക്ക് നയിക്കും? ലോകത്ത് ആറിലൊരാള്‍ ഒറ്റപ്പെടുന്നു;ഞെട്ടിക്കുന്ന കണക്കുകളുമായി WHO

ഏകാന്തത ഓരോ മണിക്കൂറിലും 100 മരണങ്ങൾക്ക് കാരണമാകുന്നുവെന്നും ലോക ആരോഗ്യ സംഘടനയുടെ പുതിയ പഠനങ്ങൾ പറയുന്നു.

ലോകം തിരക്കിലാണ്. അതോടപ്പം ആളുകളുടെ ഏകാന്തതയും വർധിക്കുന്നു. ലോകമെമ്പാടുമുള്ള ആറ് പേരിൽ ഒരാൾ ഏകാന്തത അനുഭവിക്കുന്നു എന്നാണ് ലോക ആരോഗ്യ സംഘടന പുറത്തുവിട്ട പുതിയ കണക്കുകൾ.

ഏകാന്തത ഓരോ മണിക്കൂറിലും 100 മരണങ്ങൾക്ക് കാരണമാകുന്നുവെന്നും ലോക ആരോഗ്യ സംഘടനയുടെ പുതിയ പഠനങ്ങൾ പറയുന്നു. അതായത് പ്രതിവർഷം 8,71,000 ൽ അധികം മരണങ്ങളാണ് ഏകാന്തത മൂലം സംഭവിക്കുന്നത്.

പ്രത്യേകിച്ച് യുവാക്കളെയും താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളുകളെയുമാണ് ഏകാന്തത കൂടുതലായി ബാധിക്കുന്നത്. പ്രായപൂർത്തിയായ മൂന്ന് പേരിൽ ഒരാളും കൗമാരപ്രായക്കാരായ നാല് പേരിൽ ഒരാളും ഏകാന്തത അനുഭവിക്കുന്നു.

ലോകത്തെ 13 വയസ്സു മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരിൽ 17 ശതമാനം മുതൽ 21 ശതമാനം പേര്‍ ഏകാന്തത അനുഭവിക്കുന്നതായാണ് കണക്കുകള്‍. ഈ വിഭാഗത്തിൽ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഏകദേശം 24 ശതമാനം ആളുകളും ഏകാന്തത അനുഭവപ്പെടുമ്പോൾ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 11 ശതമാനമാണ്.

ഭിന്നശേഷിക്കാർ, അഭയാര്‍ത്ഥികള്‍ അല്ലെങ്കില്‍ കുടിയേറ്റക്കാര്‍, എൽ ജി ബി ടി ക്യു (LGBTQ+) വ്യക്തികള്‍, തദ്ദേശീയ ഗ്രൂപ്പുകള്‍, വംശീയ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവർ മറ്റ് സാധാരണ ജനങ്ങളെക്കാൾ കൂടുതൽ മാനസിക പിരിമുറുക്കങ്ങൾക്ക് ഇരയാകേണ്ടി വരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

ഡിജിറ്റൽ ലോകത്ത് പോലും യുവതലമുറയിലെ നിരവധിപേർ ഒറ്റപ്പെടൽ അനുഭവപ്പിക്കുന്നുണ്ട്. സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെ പുനർനിർമ്മിക്കുമ്പോൾ അത് മനുഷ്യബന്ധത്തെ ദുർബലപ്പെടുത്തുകയല്ല, ശക്തിപ്പെടുത്തുന്നുവെന്ന് നാം ഉറപ്പാക്കണം, റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.

ഏകാന്തത ഒരു ചെറിയ കാര്യമല്ലെന്നും മരണത്തിലേക്ക് വരെ നയിക്കാവുന്ന കാരണമായി ഇത് മാറാമെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്. അതിനെ തടയാൻ സ്വയം മുൻകരുതൽ എടുക്കേണ്ടതും സമാന സാഹചര്യങ്ങളിൽ ജീവിക്കുന്നവരെ ചേർത്തുനിർത്തേണ്ടതും അത്യാവശ്യമാണ്.

Content Highlights:

To advertise here,contact us