ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകളാകാറുണ്ട്. മരണകാരണം പലപ്പോഴും ഹൃദയാഘാതം കാരണമോ ഹൃദയ സ്തംഭനം കാരണമോ ആകാറ് പതിവ്. ഹൃദയ സ്തംഭനവും ഹൃദയാഘാതവും ഒന്നാണോ? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം. ഹൃദ്രോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനുള്ള പ്രതിരോധ നടപടികളെ കുറിച്ചും അറിയാത്തവരാണ് പലരും. ഹൃദയാരോഗ്യത്തെക്കുറിച്ചുളള അറിവ് വര്‍ധിക്കുന്നത് അടിയന്തര സാഹചര്യങ്ങളില്‍ മറ്റുളളവരെ സഹായിക്കാനും അപകട സാധ്യത കുറയാനും സഹായിക്കും.
ഹൃദയാഘാതവും ഹൃദയ സ്തംഭനവും തമ്മിലുള്ള വ്യത്യാസം
രണ്ടും അടിയന്തര ശ്രദ്ധവേണ്ട കാര്യങ്ങളാണെങ്കിലും ഹൃദയ സ്തംഭനവും ഹൃദയാഘാതവും ചില പ്രധാന കാരണങ്ങള്‍ കൊണ്ട് വ്യത്യസ്തമാണ്. ഹൃദയ പേശികളുടെ ഒരു ഭാഗത്തേക്കുളള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. സാധാരണയായി കൊറോണറി ധമനികളിലെ രക്തം കട്ടപിടിക്കല്‍ അല്ലെങ്കില്‍ സങ്കോചം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഓക്സിജന്‍ ലഭ്യത തടയുന്നു. ഇതുമൂലം ഹൃദയഭാഗങ്ങള്‍ക്ക് കേടുപാടുകളോ, മരണ കാരണമാവുകയോ ചെയ്യുന്നു. നെഞ്ചുവേദന, ശ്വാസതടസ്സം, ഓക്കാനം അല്ലെങ്കില്‍ അമിത വിയര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാം.
ഹൃദയസ്തംഭനത്തില്‍ ഹൃദയമിടിപ്പ് പെട്ടെന്ന് നിലയ്ക്കുകയാണ് ഉണ്ടാകുന്നത്. ഇതുമൂലം ഹൃദയം തലച്ചോറിലേക്കും മറ്റ് സുപ്രധാന അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് നിലയ്ക്കും. തല്‍ഫലമായി ബോധം നഷ്ടപ്പെടുകയും, പള്‍സ് ഇല്ലാതാകുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യും.
ഹൃദയസ്തംഭനം ലക്ഷണങ്ങള്‍
പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ ഏറ്റവും വ്യക്തമായ ലക്ഷണങ്ങളിലൊന്ന് ഒരു വ്യക്തി പെട്ടെന്ന് കുഴഞ്ഞ് വീഴുകയും ബോധം നഷ്ടപ്പെടുകയും ചെയ്യുന്നതാണ്. തലച്ചോറിലേക്ക് ഓക്സിജന്‍ സമ്പുഷ്ടമായ രക്തം ലഭിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്.
പള്‍സ് നോക്കാം
ഹൃദയ സ്തംഭനം ഉണ്ടായാല്‍ വ്യക്തി ശ്വസിക്കുന്നത് നിര്‍ത്തുകയോ അസാധാരണമായ ശ്വാസതടസം കാണിക്കുകയോ ചെയ്യാം. ഈ സാഹചര്യത്തില്‍ ജീവന് രക്ഷിക്കാന്‍ പെട്ടെന്നുള്ള വൈദ്യ സഹായം ആവശ്യമാണ്.
നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥത
ഹൃദയസ്തംഭനം സംഭവിക്കുന്നതിന് മുന്‍പ് ചിലരില്‍ നെഞ്ചുവേദന, സമ്മര്‍ദ്ദം, അല്ലെങ്കില്‍ അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. ശ്വാസതടസം, ഓക്കാനം, അല്ലെങ്കില്‍ തലകറക്കം എന്നിവയും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ ഹൃദയം പ്രശ്നത്തിലാണ് എന്ന് സൂചിപ്പിക്കുന്നവയാണ്.
വേഗത്തിലുള്ള ഹൃദയമിടിപ്പ്
ഹൃദയം നിലയ്ക്കുന്നതിന് തൊട്ടുമുന്‍പ് വെന്‍ട്രിക്കുലാര്‍ ഫൈബ്രിലേഷന് പോലുള്ള അസാധാരണമായ ഹൃദയതാളം(അറിഥ്മിയ) അതായത് വേഗത്തിലുളളതോ, ക്രമരഹിതമായുളളതോ ആയ ഹൃദയമിടിപ്പിന് കാരണമാകും. ഇത്തരത്തിലുളള ക്രമരഹിതമായ ഹൃദയമിടിപ്പ് രക്തം പമ്പ് ചെയ്യാനുളള ഹൃദയത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
തളര്‍ച്ച, തലകറക്കം, ശ്വാസംമുട്ടല്‍
ചില സന്ദര്‍ഭങ്ങളില്‍ ആളുകള്‍ക്ക് തളര്‍ച്ച, തലകറക്കം,അല്ലെങ്കില്‍ ശ്വാസതടസ്സം എന്നിവ അനുഭവപ്പെടാം. ഇത്തരം ഘട്ടത്തില്‍ അടിയന്തര വൈദ്യ പരിശോധന ആവശ്യമാണ്.
ഹൃദയാഘാതത്തെ എങ്ങനെ കൈകാര്യം ചെയ്യാം
ഹൃദയാഘാതത്തിന് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത ലക്ഷണങ്ങള്‍ ഉണ്ടാവാം. ഇടത് കയ്യിലേക്ക് നീളുന്ന നെഞ്ചിന്റെ മധ്യഭാഗത്ത് ഉണ്ടാകുന്ന കഠിന വേദനയാണ് ഏറ്റവും സാധാരണ ലക്ഷണം. വിയര്‍പ്പ് ശ്വാസതടസം ഓക്കാനം ഇവയെല്ലാം ഹൃദയാഘാത ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ നേരിടുന്ന ഏതൊരു വ്യക്തിയെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സ നല്‍കുകയും വേണം.
Content Highlights :What is sudden cardiac arrest? Five symptoms of cardiac arrest that require immediate attention