വർഷത്തില്‍ രണ്ട് തവണ കുത്തിവെപ്പ്, എച്ച്ഐവി വൈറസിനെതിരായ മരുന്നിന് അംഗീകാരം; അടുത്ത വർഷം വിപണിയിൽ

ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ എന്ന മരുന്ന് എച്ച് ഐ വി വൈറസിനെതിരായ പോരാട്ടത്തിൽ പുതിയ പ്രതീക്ഷ നൽകുന്നു

ലോകമെമ്പാടുമുള്ള എച്ച്ഐവി ആശങ്കകള്‍ക്ക് ആശ്വാസമായി പുതിയ മരുന്ന് വിപണിയില്‍ എത്തുന്നു. നിലവില്‍ ലഭ്യമായ മരുന്നില്‍ നിന്ന് വ്യത്യസ്തമായി വര്‍ഷത്തില്‍ രണ്ട് തവണ മാത്രം കുത്തിവെപ്പ് എടുക്കേണ്ട മരുന്നാണ് വിപണിയില്‍ എത്തുന്നത്.

ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ എന്ന മരുന്നിനാണ് യുഎസിലും കാനഡയിലും അംഗീകാരം ലഭിച്ചത്. മരുന്ന് അടുത്ത വര്‍ഷം പൊതുവിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒറ്റ ഡോസിന് ആറ് മാസക്കാലം വരെ പ്രതിരോധം ലഭിക്കുന്ന തരത്തിലാണ് മരുന്ന് നിര്‍മിച്ചിരിക്കുന്നത്. എച്ച്ഐവി അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്ഐവി അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്‌പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്.

ലെനകാപാവിർ പ്രീ-എക്സ്പോഷർ പ്രോഫിലാക്‌സിസിന് കഴിഞ്ഞ ആഴ്ച യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഗിലിയഡ് ഹെൽത്ത് കാനഡയ്ക്ക് അവലോകനത്തിനായി മരുന്ന് സമർപ്പിച്ചത്, ക്ലിനിക്കല്‍ വിലയിരുത്തലിന് ശേഷം ഈ മാസം അംഗീകാരം നല്‍കുകയായിരുന്നു.

ലെനകാപാവിറിന് 2022 ൽ കാനഡയിൽ ചികിത്സക്കായുള്ള അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനുള്ള റിവ്യു ചെയ്യുന്നത് ഇതാദ്യമാണ്. ' എച്ച് ഐവിയെ തുരത്തുനുള്ള ഒരു മികച്ച മുന്നേറ്റമാണ് ഇതെന്നും ലോങ് റണ്ണിൽ ഒരുപാട് പുതിയ എച്ച് ഐ വി കേസുകൾ തടുക്കുന്നത് കാരണം കോസ്റ്റ് എഫക്ടീവ് ആയിരിക്കുമെന്നും എച്ച് ഐ വി പ്രതിരോധത്തിനായി പഠനം നടത്തുന്ന ടൊറോന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ പീറ്റർ ന്യൂമാൻ പറഞ്ഞു.

എച്ച്ഐവി സാധ്യതകള്‍ ഉള്ള രണ്ടായിരത്തോളം സ്ത്രീകളിലും പുരുഷന്മാരിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളിലുമായിട്ടാണ് ക്ലിനിക്കല്‍ പരീക്ഷണം നടന്നിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയിലും ഉഗാണ്ടയിലുമാണ് ലെനാകപവിർ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്.

ആശങ്കയായി വില

അതേസമയം മരുന്നിന്‍റെ വില ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രതിവര്‍ഷം 28218 ഡോളറാണ് മരുന്നിന്‍റെ വിലയായി വരിക. ഇന്ത്യന്‍ രൂപ ഏകദേശം 24 ലക്ഷത്തോളം വരുമിത്. നിലവില്‍ വിപണിയിലുള്ള മരുന്നുകള്‍ ദിനംപ്രതി കഴിക്കേണ്ടവയാണ്. ചർമത്തിനടിയിൽ കുത്തിവെക്കുന്ന പുതിയ മരുന്നിന് ഗുളികകളെക്കാള്‍ ഫലപ്രാപ്തിയുണ്ട്.

Content Highlights- Lenacapavir HIV shot approved in US may enter Canada by 2026

To advertise here,contact us