കിഴക്കൻ ചൈനയിലെ 64 വയസുള്ള ഒരു വ്യക്തിയുടെ ചെറുകുടലിൽ നിന്നും 52 വർഷം പഴക്കമുള്ള ടൂത്ത്ബ്രഷ് കണ്ടെത്തി. വയറ്റിൽ അസാധാരണമായി വേദന കാരണം ഇയാൾ ഡോക്ടറെ കാണാനെത്തിയത്, പരിശോധനകൾക്ക് ശേഷമാണ് വർഷങ്ങൾ പഴക്കമുള്ള ടൂത്ത്ബ്രഷ് വയറ്റില്‍ നിന്ന് കണ്ടെത്തിയത്.
12 വയസുള്ളപ്പോൾ താൻ ടൂത്ത് ബ്രഷ് വിഴുങ്ങിയിട്ടുണ്ടെന്നും, മാതാപിതാക്കളോട് പറയാൻ പേടിച്ച് മിണ്ടാതിരുന്നുവെന്നും ഇയാൾ പറഞ്ഞു. ബ്രഷ് പൂർണമായും ദഹിച്ച് പോകും എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം, അതുകൊണ്ട് തന്നെ ഒരിക്കലും ഡോക്ടറെ കാണാനോ, ചികിത്സിക്കാനോ തയ്യാറായിരുന്നില്ല. കൂടാതെ ഇതുമായി ബന്ധപ്പെട്ട് വേറെ ശാരീരിക അസ്വസ്ഥതകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഇയാൾ വ്യക്തമാക്കുന്നത്.
വയറിലുണ്ടായ അസ്വസ്ഥതയെ തുടർന്ന് ഇയാൾ ചൈനയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുകയായിരുന്നു. വിശദമായ പരിശോധനയിൽ അദ്ദേഹത്തിന്റെ ചെറുകുടലിലായി 17 സെന്റീമീറ്റർ നീളമുള്ള ടൂത്ത്ബ്രഷ് കേടുപാടുകൾ ഒന്നുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന എൻഡോസ്കോപിക് ചികിത്സയിലൂടെ ശസ്ത്രക്രിയ വിദഗ്ധർ ടൂത്ത്ബ്രഷ് നീക്കം ചെയ്തു.
'അഞ്ച് പതിറ്റാണ്ടുകൾ ഇത്രയും വലിയ ടൂത്ത്ബ്രഷ് വയറിനകത്ത് കുടുങ്ങിയിട്ടും ഇയാൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായില്ല എന്നത് അതിശയമാണ്.' അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരിൽ ഒരാൾ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
സാധാരണ ഇത്തരത്തിൽ ഒരു വസ്തു കുടിലേക്കോ ആമാശയത്തിലേക്കോ പ്രവേശിച്ചാൽ, ഭിത്തികളിൽ മുറിവുകളുണ്ടാക്കുകയോ. തുളഞ്ഞ് കയറുകയോ ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചില്ല എന്നത് അത്ഭുതമാണ്. അദ്ദേഹത്തെ ചികിത്സിച്ച മറ്റൊരു ഡോക്ടർ പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ചൈനയിൽ തന്നെ മറ്റൊരിടത്ത് ഒരു സ്ത്രീയുടെ വയറ്റിൽ നിന്നും 15 സെന്റീമീറ്റർ നീളമുള്ള സൂപ്പർ ഗ്ലൂ ട്യൂബ് നീക്കം ചെയ്തിരുന്നു.
Content Highlight; 64-Year-Old Man Finds Toothbrush in Intestine 52 After Years