എന്തിനോടും വൈകാരികമായി പ്രതികരിക്കാറുണ്ടോ, സങ്കീര്‍ണത അനുഭവപ്പെടാറുണ്ടോ?മുതിര്‍ന്നവരിലെ ഓട്ടിസം തിരിച്ചറിയാം

ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് കൂടുതല്‍ അറിയാം

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് ഓട്ടിസം ഉണ്ടെന്ന് ഗായിക ജോത്സ്യന രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്. തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും ഓട്ടിസം തിരിച്ചറിഞ്ഞതിനെക്കുറിച്ചുമൊക്കെ അവര്‍ തുറന്ന് പറഞ്ഞിരുന്നു. ഓട്ടിസത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഇത് തുറന്നുപറയുന്നതെന്നായിരുന്നു ജ്യോത്സന പറഞ്ഞത്. എന്താണ് മുതിര്‍ന്നവരിലുണ്ടാകുന്ന ഓട്ടിസം തിരിച്ചറിയുന്നത് എങ്ങനെയെന്ന് നോക്കാം.

തനിക്കുണ്ടായ അവസ്ഥയെക്കുറിച്ച് ജ്യോത്സനയുടെ വാക്കുകള്‍

'വളരെ വൈകി രോഗനിര്‍ണയം നടന്ന ഹൈലി മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ടായാണ് മാനസികരോഗ്യ വിദഗ്ധന്‍ തന്നെ വിശേഷിപ്പിച്ചത്. ഇവര്‍ എന്താണ് പറയുന്നത്, കാഴ്ചയില്‍ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എല്ലാവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഓട്ടിസ്റ്റിക് ആണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അത് അങ്ങനെയല്ല. ഒന്നുകില്‍ നിങ്ങള്‍ക്ക് ഓട്ടിസം ഉണ്ടായിരിക്കാം അല്ലെങ്കില്‍ ഇല്ലായിരിക്കും. ഓട്ടിസം, അല്ലെങ്കില്‍ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനങ്ങള്‍ (ന്യൂറോ ഡൈവര്‍ജന്റ്സ്) എന്ന് പറയുന്നത് വ്യത്യസ്തമായ രീതിയില്‍ ലോകത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്. ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങള്‍ക്കും എനിക്ക് ഉത്തരം ലഭിക്കുന്നത്.

എന്റെ ചുറ്റും നടക്കുന്ന എല്ലാറ്റിനോടും ഞാന്‍ വൈകാരികമായി പ്രതികരിക്കുന്നതെന്താണെന്നും ചുറ്റുമുള്ളവര്‍ എല്ലാറ്റിനെയും എളുപ്പത്തില്‍ എടുക്കാന്‍ പറയുമ്പോഴും എനിക്കതിന് കഴിയാതിരുന്നതിന്റെ കാരണവും മനസ്സിലായത് അപ്പോഴാണ്. വര്‍ഷങ്ങളായി തന്റെ യഥാര്‍ഥ സ്വഭാവത്തെ മറച്ചുവച്ച് ജീവിക്കേണ്ടിവന്നതിന്റെ പരിണിത ഫലമായാണ് ഒടുവില്‍ മാനസികമായി തകര്‍ന്നടിഞ്ഞത്. ന്യൂറോ ടിപ്പിക്കലായിട്ടുള്ള ആളുകള്‍ക്ക് വേണ്ടി അവര്‍ നിര്‍മിച്ച ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമായി എന്നെ മാസ്‌ക് ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു നിരന്തരമായി എന്നെ തളര്‍ത്തിയത്. ഓട്ടിസം കണ്ടെത്താനുള്ള ടൂളുകളെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും സജ്ജമായിരിക്കണം. കാരണം അവര്‍ക്കുവേണ്ടി നിര്‍മ്മിക്കാത്ത ലോകത്താണ് അവര്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അവരുടെ കഷ്ടപ്പാടുകള്‍ പുറത്തുകാണാന്‍ കഴിയുന്നതല്ല' ജ്യോത്സന പറഞ്ഞു.

എന്താണ് മുതിര്‍ന്നവരിലെ ഓട്ടിസം

ഒരു വ്യക്തി വിവരങ്ങള്‍ പ്രോസസ് ചെയ്യുന്നതിനെ ബാധിക്കുന്ന ഒരു നാഡീവികസന അവസ്ഥയാണ് ഓട്ടിസം. ഇത് സാമൂഹിക ഇടപെടല്‍, ആശയവിനിമയം, പെരുമാറ്റം എന്നിവയെ എല്ലാം ബാധിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഓട്ടിസം വൈവിധ്യമാര്‍ന്ന സ്വഭാവ സവിശേഷതകള്‍ ഉളളതാണ്. പല വ്യക്തികള്‍ക്കും പല രീതിയിലാണ് ഇത് കാണപ്പെടുക. സാമൂഹിക സൂചനകള്‍, ആശയവിനിമയം, ആവര്‍ത്തിച്ചുളള പെരുമാറ്റങ്ങള്‍, ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട സംവേദനങ്ങള്‍ എന്നിവയാണ് ഓട്ടിസം ബാധിച്ച മുതര്‍ന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍.

  • ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് കുട്ടിക്കാലത്ത് ഓട്ടിസം കണ്ടെത്താനാവാത്തവരില്‍ മുതിരുമ്പോള്‍ ഈ അവസ്ഥയുടെ കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
  • സംഭാഷണം നടത്തുന്നതില്‍ ബുദ്ധിമുട്ട്
  • സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിനോ നിലനിര്‍ത്തുന്നതിനോ ഉള്ള ബുദ്ധിമുട്ട്
  • പരസ്പരം കണ്ണില്‍നോക്കി സംസാരിക്കാനുള്ള ബുദ്ധിമുട്ട്
  • ആരെങ്കിലും പരിഹസിച്ചാലോ പറ്റിച്ചാലോ മനസ്സിലാക്കാന്‍ കഴിയാതിരിക്കുക
  • സംസാരിക്കുമ്പോള്‍ വാക്കുകളുടെ അഭാവം
  • ഒരാളുടെ മുഖഭാവങ്ങളും ശരീരഭാഷയും മനസ്സിലാക്കുന്നതില്‍ ബുദ്ധിമുട്ട്
  • മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാനുളള ബുദ്ധിമുട്ട്
  • വികാരങ്ങളെ നിയന്ത്രിക്കുന്നതിലെ വെല്ലുവിളികള്‍
  • സാമൂഹിക ഉത്കണ്ഠ
  • വഴക്കമില്ലാത്ത ചിന്താ രീതികളും പെരുമാറ്റരീതികളും, ആവര്‍ത്തിച്ചുള്ള പ്രവൃത്തികള്‍ ചെയ്യുക എന്നിവ
  • ആവര്‍ത്തിച്ചുള്ള ചില ശബ്ദങ്ങള്‍ ഉണ്ടാക്കുക. ഉദാഹരണത്തിന് തൊണ്ട വൃത്തിയാക്കല്‍ പോലുള്ള ശബ്ദങ്ങള്‍
  • ദൈനംദിന കാര്യങ്ങളില്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരികയും മാറ്റങ്ങളെ നേരിടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.
  • ഇവരുടെ വസ്തുക്കളെല്ലാം ഒരു പ്രത്യേക ക്രമത്തില്‍ ക്രമീകരിച്ച് വയ്‌ക്കേണ്ടതായി വരുന്നു
  • ചില ശബ്ദങ്ങളോ ഗന്ധങ്ങളോ അല്ലെങ്കില്‍ തിളക്കമുള്ള വെളിച്ചമോ പോലുള്ള സെന്‍സറി ഉത്തേജനങ്ങളോട് ഹൈപ്പര്‍സെന്‍സിറ്റിവിറ്റി ഉണ്ടാകാം.

മുതിര്‍ന്നവരിലെ ഓട്ടിസം എങ്ങനെ കണ്ടെത്താം

നിങ്ങള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ ഓട്ടിസം ഉണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ ASD (ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍) യില്‍ വൈദഗ്ധ്യം നേടിയ ഒരു ന്യൂറോ സൈക്കോളജിസ്റ്റിനെയോ, സൈക്യാട്രിസറ്റിനെയോ കാണാവുന്നതാണ്.

Content Highlights :What are the symptoms of autism in adults and what to do if you see symptoms?

To advertise here,contact us