നടക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമ്മള് നിരന്തരം കേള്‍ക്കാറുണ്ട്. രാവിലെയും വൈകിട്ടും നടക്കുന്നതിനെക്കുറിച്ചും മറ്റും. മറ്റ് വ്യായാമങ്ങള്‍ ചെയ്തില്ലെങ്കിലും നടക്കുന്നത് നല്ലൊരു വ്യായാമമാണെന്നാണ് ഫിറ്റ്നെസ് വിദഗ്ധര്‍ പോലും പറയുന്നത്. 10,000 ചുവടുകള്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ടുതന്നെ ഇതിന് എന്തെങ്കിലും ശാസ്ത്രീയമായ പിന്തുണ ഉണ്ടോ? എന്തായിരിക്കും ഇതിന് പിന്നിലെ വസ്തുത?
10,000 ചുവടുകളെ ഒരു മാന്ത്രിക സംഖ്യ എന്നാണ് പറയപ്പെടുന്നത്. 1965 ല്‍ ജപ്പാനില്‍ 'മാന്പോ-കീ' എന്നറിയപ്പെടുന്ന ഒരു കാല്കുലേറ്റര് പോലും പുറത്തിറങ്ങിയിരുന്നു. ജാപ്പനീസ് ഭാഷയില്‍ മാന്പോ എന്നാല്‍ 10,000 ചുവടുകള്‍ എന്നാണ് അര്‍ഥമാക്കുന്നത്. അത് വളരെ ആകര്‍ഷകവുമായിരുന്നു. പക്ഷേ ഇത് ശാസ്ത്രത്തെ അടിസ്ഥാനമാക്കി ഉള്ളതായിരുന്നില്ല. എങ്കിലും 10000 ചുവടുകള്‍ എന്നത് വേഗത്തില്‍ മുന്നോട്ട് പോകുക, ആരോഗ്യ ശീലങ്ങള്‍ എന്നിവയ്ക്കുള്ള ഉദ്ദാഹരണമായിത്തന്നെ മാറിയിരുന്നു.
ശാസ്ത്രീയമായ അടിത്തറ ഇല്ലെങ്കിലും മാന്‍ഡ്രിഡിലെ ഇംപ്രൂവ് ക്ലിനിക്കിലെ ഫിസിയോ തെറാപ്പിസ്റ്റായ ജെസസ് സെറാനോ 'വോഗ്'നോട് പറഞ്ഞതനുസരിച്ച് ഒരു ദിവസം 10000 ചുവടുകള്‍ നടക്കുന്നത് എല്ലാവരുടെയും ദൈനംദിന ശീലമായിരിക്കണം. എന്നാല്‍ ഈ സംഖ്യയെക്കുറിച്ച് ഇപ്പോഴും ഗവേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു ദിവസം 4,000 മുതല്‍ 7,500 വരെ ചുവടുകള്‍ മാത്രം നടന്നാല്‍ പ്രത്യേകിച്ച് പ്രായമായവരില്‍ അകാലമരണ സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 70 വയസിന് മുകളിലുള്ള സ്ത്രീകള്‍ ദിവസവും 4,400 ചുവടുകള്‍ നടന്നാല്‍ മരണ സാധ്യത 41 ശതമാനം കുറവാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. പക്ഷേ ഓരോ വ്യക്തിയും വ്യത്യസ്തനാണ്. ഹൃദയാരോഗ്യം, മാനസിക സന്തോഷം, കലോറി എരിച്ച് കളയല്‍ എന്നിവയ്ക്കെല്ലാം നടത്തം സഹായിക്കാറുണ്ട്. 20 മിനിറ്റ് വേഗത്തിലുള്ള നടത്തം മാനസികാവസ്ഥ നന്നായിരിക്കാന്‍ സഹായിക്കുകയും ഓര്‍മശക്തി മെച്ചപ്പെടുത്തുകയും, രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.
Content Highlights :10,000 steps is a magic number. What could be the fitness secret behind walking 10,000 steps?