മുഖത്തും കണങ്കാലിലും നീര്; വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം, ഡോക്ടറെ കാണാന്‍ മടിക്കരുത്

പയറിന്റെ ആകൃതിയിലുള്ള നമ്മുടെ വൃക്കകൾ കൂടുതലൊന്നും നമ്മളോട് ആവശ്യപ്പെടുന്നില്ല

ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടെങ്കിലും, ആകുലപ്പെടാറുണ്ടെങ്കിലും ആളുകൾക്ക് വൃക്കയെപ്പറ്റി അത്ര ആശങ്കയില്ലെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ശരീരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിലെ അരിപ്പയാണ് വൃക്ക എന്നൊക്കെ പാഠപുസ്തകത്തിൽ പഠിച്ചിരിക്കുമല്ലോ. ശരീരത്തിലെ ദ്രാവകങ്ങൾ സന്തുലിതമാക്കി വയ്ക്കാനും, രക്തസമ്മർദം നിയന്ത്രിക്കാനും തുടങ്ങി നിരവധി ജോലികളാണ് ശരീരത്തിന് വേണ്ടി വൃക്ക ചെയ്യുന്നത്.

പയറിന്റെ ആകൃതിയിലുള്ള നമ്മുടെ വൃക്കകൾ കൂടുതലൊന്നും നമ്മളോട് ആവശ്യപ്പെടുന്നില്ല. പക്ഷെ അവയ്ക്ക് അമിത ജോലി നൽകിയോ അല്ലാതെയോ ബുദ്ധിമുട്ടിക്കാതിരിക്കേണ്ടതുണ്ട്. വൃക്കയ്ക്ക് എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ അവ അതി സൂക്ഷമമായ ലക്ഷണങ്ങളാണ് കാണിക്കുക, പ്രത്യേകിച്ച് സ്ത്രീകളിൽ. വൃക്ക രോഗങ്ങളുടെ പല ലക്ഷണങ്ങളും സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ അവയെ നാം അവഗണിക്കാറമുണ്ട്. ക്ഷീണം, ടെൻഷൻ, ഹോർമോൺ വ്യത്യാസങ്ങൾ ഇതൊക്കെയുണ്ട് എന്ന് തോന്നിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് വൃക്ക രോഗത്തിനും ഉണ്ടാവുക.

വീർത്ത കണ്ണുകളും കണങ്കാലുകളും

രാവിലെകളിൽ കണ്ണോ, കണങ്കാലോ ഒക്കെ നീരുവന്നത് പോലെ വീർത്തിരുന്നാൽ നിങ്ങൾ എന്താണ് കരുതുക? ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിച്ചതിനാലാണെന്ന് പറയുന്നവരുണ്ട്, ഉറക്കക്കുറവ് കാരണമാണെന്ന് ചിലർ പറയും, പ്രായമായതിന്റെ ആയിരിക്കുമെന്ന് പറയും. അങ്ങനെ പലർക്കും പല പല കാരണങ്ങൾ പറയാൻ ഉണ്ടാകും. എന്നാൽ, കണ്ണിന് ചുറ്റുമോ, കണങ്കാലുകളുടെ ഭാഗത്തോ തുടർച്ചയായി നീർക്കെട്ട് കാണപ്പെടുന്നുണ്ടെങ്കിൽഅത് വൃക്കകളിൽ ശുദ്ധീകരണം ശരിയായി നടക്കുന്നില്ലാത്തതിനാലാകാം.

ശരീരത്തിലെ ജലാംശം ശരിയായ രീതിയിൽ ഫിൽട്ടർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, മാലിന്യങ്ങൾ ശരീരത്തിൽ അടിഞ്ഞ് കൂടുകയും നീരായി മാറുകയും ചെയ്യും. ഇത് പ്രധാനമായും നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമോ, കണങ്കാലിലോ ആയിരിക്കാം കാണപ്പെടുന്നത്. നീർവീക്കം ഇടയ്ക്കിടെ കാണപ്പെടുകയും, വിശ്രമിച്ചിട്ടും മാറുകയും ചെയ്യുന്നില്ലെങ്കിൽ ചികിത്സയ്ക്ക് വിധേയമാകേണ്ടതുണ്ട്.

പതിവിലധികം ക്ഷീണം

ജോലി, കുടുംബം, സാഹചര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾക്കായി ഓടുമ്പോൾ നമ്മൾ അവഗണിക്കുന്ന ഒന്നാണ് ക്ഷീണം. ക്ഷീണമില്ലാത്ത ആരെങ്കിലും ഉണ്ടോ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ എങ്ങനെയുള്ള ക്ഷീണം എന്ന് പറഞ്ഞുതരാം. വൃക്കകൾ എറിത്രോപോയിറ്റിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നു, ഇത് ചുവന്ന രക്താണുക്കളെ ഉണ്ടാക്കുന്ന ഹോർമോണാണ്. വൃക്കയുടെ പ്രവർത്തനം കുറയുമ്പോൾ ചുവന്ന രക്താണുക്കളും കുറയുന്നു. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നു. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുമ്പോൾ ക്ഷീണം അനുഭവപ്പെടുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ. കാരണമില്ലാതെ ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ നിസാരമായി കാണരുത്.

മൂത്രം ശ്രദ്ധിക്കുക

നിങ്ങളുടെ ശരീരത്തിനകത്ത് എന്ത് നടക്കുന്നു എന്ന് അറിയാനുള്ള ഏറ്റവും എളുപ്പ വഴിയാണ് മൂത്രം ശ്രദ്ധിക്കുക എന്നത്. മൂത്രത്തിന്റെ നിറത്തിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങളിൽ വൃക്കയ്ക്ക് വലിയ പങ്കുണ്ട്. നുരയോ, ചെറിയ കുമിളകളോ ഉള്ള മൂത്രം. രാത്രി മൂത്രത്തിന്റെ നിറത്തിൽ മാറ്റം, മൂത്രത്തിൽ ചൂട് കൂടുതൽ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതിരിക്കുക.

പേശി വേദന

പേശികളിൽ പെട്ടെന്നുണ്ടാകുന്ന വലിച്ചിൽ, വേദന തുടങ്ങിയവ വൃക്കകളുടെ സന്തുലിതാവസ്ഥയിൽ മാറ്റമുണ്ട് എന്ന് കാണിക്കുന്നതായിരിക്കാം. രക്തത്തിലെ കാത്സ്യം, പൊട്ടാസ്യം, എന്നിവയുടെ അളവിനെ നിയന്ത്രിക്കുന്നത് വൃക്കകളാണ്. അതുകൊണ്ട് തന്നെ ഇവയിൽ വരുന്ന വ്യത്യാസം വൃക്കയെ സംബന്ധിച്ചുള്ളതായിരിക്കാം. വൃക്ക സംബന്ധമായ അസുഖങ്ങൾ കാരണം ഇലക്ട്രോലേറ്റിന്റെ അളവ് കുറഞ്ഞാൽ പേശി വേദന അനുഭവപ്പെടാം.

Content Highlight; Warning Signs of Kidney Disease You Shouldn’t Ignore

To advertise here,contact us