ശരീര ഭാരം കുറയ്ക്കും, രക്തസമ്മര്‍ദം നിയന്ത്രിക്കും; മുളക് വില്ലനല്ല

വ്യായാമവും മറ്റ് സമീകൃത ആഹാരങ്ങളും നിര്‍ത്തിവച്ച് എരിവ് കഴിച്ച് വണ്ണം കുറയ്ക്കാമെന്നല്ല ഇതിനർത്ഥം

എരിവുള്ള ഭക്ഷണത്തെ സാധാരണ വില്ലനായാണ് നമ്മള്‍ കണക്കാക്കുന്നത്. എരിവുള്ള ഭക്ഷണങ്ങള്‍ ശരീരത്തിന് കേടാണെന്നാണ് പൊതുധാരണ. എന്നാല്‍ എരിവുള്ള ഭക്ഷണങ്ങള്‍ക്ക് ഗുണം ഏറെയാണെന്ന് വിദഗ്ധര്‍ പറയുന്നു. എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ നാവിന് ചെറിയ പൊള്ളല്‍ പോലെ അനുഭവപ്പെടാം. എങ്കിലും എരിവുള്ള ഭക്ഷണങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പച്ചമുളക്, കാന്താരി, ചുവന്ന മുളക്, കുരുമുളക് തുടങ്ങിയവയില്‍ ധാരാളം കാപ്‌സൈസീന്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് പലതരം വേദനകള്‍ ശമിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്തൊക്കെയാണ് എരിവുള്ള ഭക്ഷണം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്ന് നോക്കാം.

ശരീരഭാരം കുറയാന്‍

എരിവുള്ള ഭക്ഷണം കഴിച്ചാല്‍ ശരീര ഭാരം കുറയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും വ്യായാമവും മറ്റ് സമീകൃത ആഹാരങ്ങളും നിര്‍ത്തിവച്ച് എരിവ് കഴിച്ച് വണ്ണം കുറയ്ക്കാമെന്നല്ല ഇതിനർത്ഥം. സാധാരണ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ മുളകിന്റെയും കുരുമുളകിന്റെയും അളവ് കൂട്ടുന്നത് ശരീരഭാരം കുറയാന്‍ കാരണമാകുന്നുവെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.

ചുവന്ന മുളക് കഴിക്കുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും, കൂടുതല്‍ കാലറി എരിച്ചുകളയാന്‍ സഹായിക്കുമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചുവന്ന മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സൈസിന്‍ ശരീരോഷ്മാവ് വര്‍ധിപ്പിക്കുകയും, ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ഉപാപചയം വേ​ഗത്തിൽ നടക്കുന്നത് ശരീരഭാരം കുറയ്ക്കും.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്‌സൈസിന്‍ രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനം രക്തം കട്ടപിടിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

ഭക്ഷണത്തില്‍ മുളക് കൂടുതല്‍ ചേര്‍ക്കുന്നത് ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ, രക്തക്കുഴലുകളുടെ ഭിത്തിയെ ശക്തിപ്പെടുത്തുന്ന വിറ്റാമിന്‍ എ, സി എന്നിവ കുരുമുളകില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നു

ചൈനക്കാര്‍ക്ക് വളരെക്കാലം മുന്നേ അറിയാവുന്ന ഒരു രഹസ്യമാണിത്, എരിവ് കൂടുതല്‍ കഴിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കും എന്നത്. അടുത്തിടെ നടത്തിയ ശാസ്ത്രീയ പഠനങ്ങളും ഇതിന് അടിത്തറ പാകുന്നു. ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സും, ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും ചേര്‍ന്ന് 30 മുതല്‍ 70 വയസുവരെയുള്ള ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ചൈനയിലെ തിരഞ്ഞെടുത്ത ആളുകളെ ഉപയോഗിച്ച് അഞ്ച് വര്‍ഷം നീളുന്ന പഠനമാണ് നടത്തിയത്. ഇതിലൂടെ സാധാരണ ആളുകളെക്കാള്‍ എരിവ് കൂടുതല്‍ കഴിക്കുന്നവര്‍ക്ക് നേരത്തേയുള്ള മരണസാധ്യത 14% കുറവാണെന്ന് കണ്ടെത്തി.

ജലദോഷവും പനിയും

പനിയും ജലദോഷവും വരുമ്പോള്‍ നമ്മുടെ നാട്ടില്‍ ചുക്ക് കാപ്പി, കുരുമുളക് കാപ്പി, കുരുമുളക് രസം ഇതൊക്കെ ഒറ്റമൂലിയാകാറുണ്ട്. എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ നമ്മള്‍ നന്നായി വിയര്‍ക്കുന്നത് ശ്രദ്ധിച്ചിട്ടില്ലെ.. കുരുമുളകോ, ചുക്കോ അകത്ത് ചെന്ന് ശരീരം വിയര്‍ക്കുയും പനിയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഇത്തരം എരിവുള്ള ഭക്ഷണം അടഞ്ഞ മൂക്കുകള്‍ തുറക്കുകയും, സൈനസ് രോഗ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുമെന്നാണ് ​ഗവേഷണങ്ങൾ പറയുന്നത്.

ദഹനം മെച്ചപ്പെടുത്തുന്നു

നമ്മുടെ പൊതുബോധം അനുസരിച്ച് എരിവുള്ള ഭക്ഷണം ആമാശയത്തെയും കുടലിനെയും ദോഷകരമായി ബാധിക്കുമെന്നാണല്ലോ ധാരണ. എന്നാല്‍ എരിവുള്ള ഭക്ഷണങ്ങള്‍ വയറിന് അസ്വസ്ഥത ഉണ്ടാക്കില്ലെന്നും, ഇത് ദഹന പ്രക്രിയ സുഗമമാക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. കുരുമുളക് പോലുള്ള എരിവുള്ള വസ്തുക്കള്‍ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ സ്രവണം വര്‍ധിപ്പിക്കുന്നു. ഇത് രക്തയോട്ടം കൂടാനും, ദഹനം എളുപ്പത്തില്‍ നടക്കാനും കാരണമാകുന്നു. പൈലോറി പോലുള്ള ബാക്ടീരിയകളെ കൊല്ലുന്നതിനും വയറിലെ അള്‍സറിനെ അകറ്റാനും മുളകില്‍ അടങ്ങിയിട്ടുള്ള കാപ്‌സൈസിന്‍ സഹായിക്കുന്നു.

Content Highlight; Surprising Benefits of Spicy Food

To advertise here,contact us