പ്രഭാതഭക്ഷണം പ്രോട്ടീന്‍ ബാറാണോ? ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

ജീവിതത്തിലെ തിരക്കുകള്‍ കാരണം കുറേ അധികം ആളുകള്‍ അവരുടെ ഭക്ഷണ ശീലത്തിലും കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്

പ്രഭാതഭക്ഷണമാണ് മുന്‍പൊക്കെ ആളുകള്‍ ഏറ്റവും തിടുക്കത്തില്‍ ഉണ്ടാക്കിയിരുന്നതും കഴിച്ചിരുന്നതുമായ ഭക്ഷണം. ഇഡ്ഡലിയോ സാമ്പാറോ, ദോശയോ ചമ്മന്തിയോ എന്ത് തന്നെയായാലും കഴിച്ചിട്ട് സ്‌കൂളിലോ ഓഫീസിലോ പോകാനുള്ളവര്‍ക്ക് നേരം വൈകുമോ എന്ന വേവലാതിയായിരിക്കും. ഈ വേവലാതി ഉണ്ടാക്കുന്നവര്‍ക്കും കഴിക്കുന്നവര്‍ക്കും ഒരുപോലെയുണ്ടാവുകയും ചെയ്യും. എന്നാല്‍ ഇന്ന് കഥമാറി, പണ്ടത്തെ വിഭവങ്ങള്‍ പോലെയല്ല ഇന്നത്തെ പ്രഭാതഭക്ഷണം. ജീവിതത്തിലെ തിരക്കുകള്‍ കാരണം കുറേ അധികം ആളുകള്‍ അവരുടെ ഭക്ഷണ ശീലത്തിലും കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഇന്ന് ജോലി ചെയ്തുകൊണ്ട് കഴിക്കാവുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍, അല്ലെങ്കില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും കഴിക്കാവുന്നതുമായ ഭക്ഷണങ്ങള്‍ എന്നിവയാണ് എല്ലാവരും പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കുന്നത്. ഓട്‌സ്, സ്മൂത്തി, സാലഡ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

വയറുനിറയാന്‍ എന്തെങ്കിലും കഴിക്കുക എന്നതിനപ്പുറത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ഇന്നത്തെ തലമുറ ശ്രദ്ധിക്കാറുണ്ട്. നിലവില്‍ പ്രോട്ടീന്‍ ബാറുകളാണ് അക്കൂട്ടത്തില്‍ പ്രധാനി. വാഹനമോടിക്കുമ്പോഴോ, ജോലി ചെയ്യുമ്പോഴോ എപ്പോള്‍ വേണമെങ്കിലും മിഠായി പോലെ കഴിക്കാവുന്നതുകൊണ്ട് കൂടിയാണ് പ്രോട്ടീന്‍ ബാറുകള്‍ക്ക് ആരാധകര്‍ കൂടിയത്. കൂടാതെ, രാവിലെ തന്നെ 10-15 ഗ്രാം പ്രോട്ടീന്‍ കഴിച്ചു എന്ന സംതൃപ്തിയും ലഭിക്കുന്നു.

പ്രഭാതഭക്ഷണമായി പ്രോട്ടീന്‍ ബാര്‍ മതിയോ?

പ്രഭാതഭക്ഷണം രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെപ്പോലെ, അത്താഴം ദരിദ്രനെപ്പോലെയും കഴിക്കുക എന്നതാണ് നമ്മള്‍ കേട്ട് വളര്‍ന്ന പഴഞ്ചൊല്ല്. പ്രഭാതഭക്ഷണം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇത് വ്യക്തമാക്കുന്നു. നിങ്ങളുടെ ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജത്തിന്റെയും കേന്ദ്രമാണ് പ്രഭാതഭക്ഷണം അതുകൊണ്ട് തന്നെയാണ് ഇത് പ്രധാനപ്പെട്ടതാകുന്നതും.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പോഷകസമൃദ്ധമായ സമീകൃത ആഹാരം രാവിലെ കഴിക്കാന്‍ ശ്രദ്ധിക്കുക. രാവിലെ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ശരീരത്തിന് കൂടുതല്‍ ഊര്‍ജം പ്രദാനം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമെല്ലാം എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്ന, ജോലിക്കാരുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രോട്ടീന്‍ ബാറുകള്‍. എന്നാല്‍ ഇവ സത്യത്തില്‍ അത്‌ലറ്റുകളെ ലക്ഷ്യം വച്ച് ഉണ്ടാക്കിയതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1980കളിലാണ് വ്യായാമത്തിന് ശേഷം ഇത്തരം പ്രോട്ടീന്‍ ബാറുകളുടെ ഉപയോഗം ഗുണം ചെയ്യുമെന്ന് കണ്ടെത്തിയത്. പിന്നീട് ഇവ കൂടുതല്‍ ആളുകള്‍ അറിയുകയും പതിയെ പതിയെ പ്രഭാതഭക്ഷണം എന്ന നിലയില്‍ പോലും എത്തി നില്‍ക്കുകയും ചെയ്യുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രോട്ടീന്‍ ബാറുകളെക്കുറിച്ചുള്ള വീഡിയോകളും, ഫിറ്റ്‌നസിനെക്കുറിച്ചുള്ള അമിതമായ ചിന്തയുമാണ് ഈ മാറ്റത്തിന്റെ പ്രധാനകാരണം.Content Highlight; Are Protein Bars a Healthy Breakfast Choice?

To advertise here,contact us