രാവിലെ ഒരു ചായ കുടിക്കാതെ ദിവസം ആരംഭിക്കാനോ, വൈകീട്ട് ചായ കുടിക്കാതെ ദിവസം അവസാനിപ്പിക്കാനോ കഴിയാത്തവരാണ് പലരും. ചായ കുടിച്ചാല് ചര്മത്തിന്റെ നിറത്തിന് വ്യത്യാസമുണ്ടാകുമെന്ന് പറയാറുണ്ട്. എന്നാല്, ഈ മിഥ്യാധാരണയ്ക്കിടയിലും ഇന്ത്യയില് ചായയ്ക്ക് ഫാന്സ് ഏറെയാണ്. എന്നാല് ചായയുടെ അമിത ഉപയോഗം ശരീരത്തെ പ്രതികൂലമായി ബാധിക്കും.
അമിതമായി ചായ കുടിക്കുമ്പോള് ശരീരത്തിൽ കഫീനിന്റെ അളവ് വര്ധിക്കുന്നു. ചായയില് ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാല് ചര്മത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങള് കണ്ടെത്തിയിട്ടുണ്ട്. എന്നാല് സ്ഥിരമായി ചായ കുടിക്കുമ്പോള് കഫീന് കൂടുതലായി ശരീരത്തില് എത്തുന്നു. ഇത് കാലക്രമേണ നിങ്ങളുടെ ചര്മത്തെ വരണ്ടതാക്കുകയും, പ്രായമായവരുടെ ശരീരം പോലെ ചുളിവുകളും വരകളും വരുത്തുകയും ചെയ്യും. ചായ കുടിക്കുന്നത് ഇടയ്ക്കിടെയുള്ള മൂത്രശങ്കയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ചായ കുടിക്കുന്ന ശീലമുള്ളവര് നിരന്തരം വെള്ളം കുടിക്കുകയും വേണം.
ചായയുടെ അമിത ഉപയോഗം ദഹനപ്രശ്നങ്ങള് ഉണ്ടാക്കുന്നതായി പഠനങ്ങള് വ്യക്തമാക്കുന്നു. ചായയിലെ കഫീന്, ടാനിന് തുടങ്ങിയ പദാര്ത്ഥങ്ങള് ആമാശയ പാളികളെ പ്രകോപിപ്പിക്കുന്നു, ഇത് ദഹനക്കേട്, വയറുവേദന തുടങ്ങിയ അസുഖങ്ങള്ക്ക് കാരണമാകുന്നു.
ചായ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് കാര്യമായ ഗുണങ്ങള് ഒന്നും ലഭിക്കുന്നില്ല, തലച്ചോറിനെ ഉദ്ദീപിപ്പിച്ച് അല്പ്പ നേരത്തേക്ക് അത് നിങ്ങള്ക്ക് ഉണര്വ്വ് നല്കുമെന്ന് മാത്രം. എന്നാല് സ്ഥിരമായി ചായ കുടിച്ച് ശീലിച്ചവര്ക്ക് പൂര്ണമായും ചായ ഒഴിവാക്കുന്നത് ബുദ്ധിമുട്ടായിരിക്കാം. ചായയുടെ ഉപയോഗം നിര്ത്താന് സാധിച്ചില്ലെങ്കിലും സ്ഥിരമായി കുടിക്കുന്നത് മെല്ലെ കുറച്ചുകൊണ്ടുവരാന് ശ്രമിക്കുക.Content Highlight; Too Much Tea? Here’s What You Should Know About Its Side Effects