ഈ അഞ്ച് ലക്ഷണങ്ങള്‍ ഉണ്ടോ? എന്നാല്‍ നിങ്ങളുടെ കരള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല

ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ സമീപിക്കുക. നേരത്തെയുള്ള കണ്ടെത്തല്‍ ചികിത്സയെ സഹായിക്കും

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ നൂറുകണക്കിന് പ്രവര്‍ത്തനങ്ങള്‍ ഇത് നിര്‍വ്വഹിക്കുന്നു. ഹോര്‍മാണുകളും പ്രോട്ടീനുകളും ഉത്പാദിപ്പിക്കുന്നു, വിഷമുക്തമാക്കുന്നു, പിത്തരസം ഉണ്ടാക്കുന്നു, ശരീരത്തിലെ രക്തത്തിന്റെ അളവ് നിയന്ത്രക്കുന്നു. ഇങ്ങനെ ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിന് കരള്‍ പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ പൂരിത കൊഴുപ്പും ട്രാന്‍സ് ഫാറ്റും കൂടുതലുള്ള ഭക്ഷണങ്ങള്‍, പഞ്ചസര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മെഡിക്കല്‍ സപ്ലിമെന്റുകള്‍, മദ്യം എന്നിവയുടെ ഉപയോഗം കരളിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം.

കരളിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നറിയാം

മഞ്ഞപ്പിത്തം

കരളിന് കേടുപാടുകള്‍ സംഭവിക്കുന്നത് ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞ നിറത്തിന് കാരണമാകാറുണ്ട്. കാരണം ചുവന്ന രക്താണുക്കളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മഞ്ഞ പിഗ്മെന്റായ ബിലിറൂബിന്‍ സംസ്‌കരിച്ച് പിത്തരസമായി പിന്തള്ളുന്നത് കരളാണ്. എന്നാല്‍ കരള്‍ ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍ അതിന് പിഗ്മെന്റ് പ്രോസസ് ചെയ്യാന്‍ കഴിയില്ല. ഇത് ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞ നിറത്തിലേക്ക് നയിക്കുന്നു.

വയറുവേദനയും വയര്‍ വീര്‍ത്തുവരലും

വയറിന് മുകളില്‍ വലതുഭാഗത്ത് ഇടയ്ക്കിടെ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കരളിന്റെ തകരാര്‍ മൂലമാകാം. കരളിന് കേടുപാടുകള്‍ സംഭവിക്കുന്നത് വയറ് വീര്‍ക്കല്‍, അടിവയറ്റില്‍ ദ്രാവകം അടിഞ്ഞുകൂടല്‍ എന്നിവയ്ക്ക് കാരണമാകും, അനങ്ങുമ്പോഴും ശ്വസിക്കുമ്പോള്‍ പോലും മൂര്‍ച്ചയുള്ള വേദനയ്ക്ക് ഇത് കാരണമാകും.

ഇരുണ്ട മൂത്രം , വിളറിയ മലം

കരള്‍ തകരാറിന്റെ മറ്റൊരു ലക്ഷണം മൂത്ത്രത്തിന്റെ ഇരുണ്ട നിറവും മലത്തിനുണ്ടാകുന്ന വിളറിയ നിറവുമാണ്. കരളില്‍ ബിലിറൂബിന്‍ അടിഞ്ഞുകൂടുന്നതിനാല്‍ , തവിട്ട്, ഓറഞ്ച്, അല്ലെങ്കില്‍ ആമ്പര്‍ പോലെയുളള ഇരുണ്ടനിറങ്ങളില്‍ മൂത്രം പുറന്തള്ളപ്പെടും. കൂടാതെ കരള്‍ ശരിയായി പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ മലത്തില്‍ ആവശ്യത്തിന് പിത്തരസ ലവണങ്ങള്‍ ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുകയും അത് വിളറിയോ കളിമണ്ണിന്റെ നിറത്തിലേക്കോ നയിക്കുകയും ചിലപ്പോള്‍ രക്ത പ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യും.

ക്ഷീണവും ബലഹീനതയും

ആരോഗ്യമില്ലാത്ത കരള്‍ രക്തത്തില്‍നിന്ന് വിഷവസ്തുക്കളെ ഫില്‍റ്റര്‍ ചെയ്യുന്നതില്‍ ദുര്‍ബലമാണ്. ഇത് നിങ്ങള്‍ക്ക് പതിവിലും കൂടുതല്‍ ക്ഷീണം അനുഭവപ്പെടാനും അസ്വസ്ഥത അനുഭവപ്പെടാനും ഇടയാക്കും. തലച്ചോറില്‍ മന്ദത അനുഭവപ്പെടും. ആശയക്കുഴപ്പത്തിലാവുകയോ ദിശാബോധം നഷ്ടപ്പെടുകയോ ചെയ്യും. ശരീരത്തിന് ബലഹീനത അനുഭവപ്പെടുകയോ കാലുകളിലും കണങ്കാലിലും നീര്‍വീക്കം അനുഭവപ്പെടുകയും ചെയ്യും.

ചതവും രക്തസ്രാവവും

കരളിന് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ രക്തം കട്ട പിടിക്കുന്നതിനും രക്തസ്രാവം നിര്‍ത്തുന്നതിനും ആവശ്യമായ പ്രൊട്ടീനുകളായ ക്ലോട്ടിംഗ് ഘടകങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഇത് ശരീരത്തില്‍ ചതവുകള്‍ ഉണ്ടാകുന്നതിനും രക്തസ്രാവം വേഗത്തില്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. പിന്നീട് രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയിലേക്ക് എത്താനും സാധ്യതയുണ്ട്.

(ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് എപ്പോഴും ആരോഗ്യ വിദഗ്ധരുടെ സഹായം തേടേണ്ടതാണ്)

Content Highlights :Do you have these five symptoms? But your liver is not working properly

To advertise here,contact us