കൊവിഡ് മഹാമാരി ആരംഭിച്ചതുമുതല് നമ്മളില് പലരും സാധാരണ ലക്ഷണങ്ങളുമായി പരിചിതരാണ്. പനി, ശ്വാസംമുട്ടല്, മൂക്കൊലിപ്പ്, മൂക്കടപ്പ്, ക്ഷീണം, ഗന്ധം നഷ്ടപ്പെടല്, രുചി നഷ്ടപ്പെടല് അങ്ങനെ പലതും. എന്നാല് വീണ്ടും കൊവിഡ് വ്യാപനം ആരംഭിച്ചപ്പോള് അത്ര അറിയപ്പെടാത്ത രണ്ട് ലക്ഷണങ്ങള് കൂടി പ്രത്യക്ഷപ്പെടുന്നതായി വിദഗ്ധര് പറയുന്നു. 'ടൈംസ് നൗ' വില് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടിലാണ് ഇക്കാര്യങ്ങളെക്കുറിച്ചുളള വിവരങ്ങള് ഉള്പ്പെടുത്തിയിട്ടുളളത്.
കൊവിഡ് ഇന്ത്യയുള്പ്പെടെ തെക്കുകിഴക്കന് ഏഷ്യയിലെ ചില ഭാഗങ്ങളില് കൊവിഡ് കേസുകള് വര്ധിച്ചുവരികയാണ്. അണുബാധയില് ഭൂരിഭാഗവും ഗുരുതരമല്ലെങ്കിലും പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്മാര് പറയുന്നു. ഇത്തവണ മുന്കാല കൊവിഡ് ലക്ഷണങ്ങളുമായി ബന്ധമില്ലാത്ത രണ്ട് അസാധാരണ ലക്ഷണങ്ങള് പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്ട്ടുകളുണ്ട്. വയറിളക്കം, കണ്ജങ്ക്റ്റിവിറ്റിസ് (ചുവപ്പ് അല്ലെങ്കില് പിങ്ക് നിറത്തിലുളള കണ്ണ്) എന്നിവയാണ് പുതിയ ലക്ഷണങ്ങള്.
അമേരിക്കന് അക്കാദമി ഓഫ് ഒഫ്താല്മോളജി പ്രകാരം 'പിങ്ക് ഐ' ഒരു അസാധാരണ ലക്ഷണമായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ മയോക്ലിനിക് പ്രസിദ്ധീകരിച്ച ഒരു പഠനത്തില് ചില കൊവിഡ് പോസിറ്റീവ് ആളുകള്ക്ക് ഓക്കാനം, മലം അയഞ്ഞ രീതിയില് പോവുക തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇവ വൈറസിന്റെ ക്ലാസിക് സൂചനകളായി ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ല. ഇപ്പോള് നിരവധി പുതിയ കേസുകളില് ഇതേ ലക്ഷണങ്ങള് റിപ്പോര്ട്ട് ചെയ്യുന്നതിനാല് അവയെ അണുബാധയുടെ സാധ്യതയുള്ള മുന്നറിയിപ്പ് ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ചും മറ്റ് ശ്വസന ലക്ഷണങ്ങളോടൊപ്പം അവ പ്രത്യക്ഷപ്പെടുകയാണെങ്കില്. ലക്ഷണങ്ങള് നിയന്ത്രിക്കാവുന്നതാണെങ്കിലും അവ നിങ്ങളുടെ ശരീരത്തില് എപ്രകാരമാണ് പ്രവര്ത്തിക്കുന്നതെന്നതിനെ ആശ്രയിച്ചിരിക്കും.
കൊവിഡ് അണുബാധയില് നിന്ന് വിട്ടുനില്ക്കാനുളള ഏറ്റവും നല്ല മാര്ഗ്ഗം അടിസ്ഥാന കാര്യങ്ങളിലേക്ക് വീണ്ടും മടങ്ങുക എന്നതാണ്. തിരക്കേറിയ സ്ഥലങ്ങളില് മാസ്ക് ധരിക്കുക, കേസുകള് വര്ധിക്കുന്നതായി റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക. ശുചിത്വം പാലിക്കുക, രോഗികളുമയി അടുത്ത ബന്ധം ഒഴിവാക്കുക. ലക്ഷണങ്ങള് എന്തെങ്കിലും അനുഭവപ്പെട്ടാല് ഡോക്ടര്മരെ കണ്ട് ചികിത്സ നേടേണ്ടതാണ്.
Content Highlights : Two less-discussed COVID symptoms are emerging, experts say