മധ്യവയസിലെ ഉയർന്ന സമ്മർദ്ദവും ആർത്തവവിരാമവും; സ്ത്രീകളിൽ അൽഷിമേഴ്‌സിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

അൽഷിമേഴ്സ് & ഡിമെൻഷ്യ ജേണലിൽ ആണ് ഇത് സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചത്.

സാൻ ആന്റോണിയോ: സ്ത്രീകളിലെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് പലപ്പോഴായി ചർച്ചകളും പഠനങ്ങളും ഉണ്ടാവാറുണ്ട്. മധ്യവയസ് പിന്നിടുന്ന സ്ത്രീകൾക്ക് അൽഷിമേഴ്‌സിനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. യുഎസിലെ സാൻ അന്റോണിയോയിലുള്ള ടെക്‌സസ് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് സെന്ററിലെ ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്.

സമ്മർദ്ദത്തിന് കാരണമാവുന്ന കോർട്ടിസോൾ ഹോർമോണിന്‍റെ അളവ് മധ്യവയസിൽ കൂടുന്നതിന് അനുസരിച്ച് അൽഷിമേഴ്‌സിന് കാരണമാവുന്ന അമിലോയിഡിന്റെ വർദ്ധനവിന് കാരണമാവുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. അൽഷിമേഴ്സ് & ഡിമെൻഷ്യ ജേണലിൽ ആണ് ഇത് സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചത്. യുഎസിലെ മസാച്യുസെറ്റ്സിലെ 305 പേരുടെ ഡാറ്റ ശേഖരിച്ചാണ് പഠനം നടന്നത്.

15 വർഷ കാലയളവിൽ പഠനത്തിന്റെ തുടക്കത്തിലും അവസാനവും ശരീരത്തിൽ ഉണ്ടായ കോർട്ടിസോളിന്റെ അളവും അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങളും വിലയിരുത്തിയാണ് ഗവേഷകർ പുതിയ നിഗമനത്തിൽ എത്തിയത്. ഇത് അൽഷിമേഴ്‌സ് രോഗത്തിനുള്ള ചികിത്സയിൽ ഒരു ബയോമാർക്കായി മാറുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. സമ്മർദ്ദം കുറയ്ക്കലും ഹോർമോൺ നിയന്ത്രണവും വഴി സ്ത്രീകളിലെ അൽഷിമേഴ്സിന് പ്രതിരോധം തീർക്കാൻ സാധിക്കുമെന്ന് യുടി ഹെൽത്ത് സാൻ അന്റോണിയോയിൽ നിന്നുള്ള സുധ ശേഷാദ്രി പറഞ്ഞു.

സെല്ലുലാർ ഹോമിയോസ്റ്റാസിസ് അഥവാ സന്തുലിതാവസ്ഥയ്ക്കും സമ്മർദ്ദ പ്രതികരണത്തിനും അത്യാവശ്യമായ ഒരു സ്റ്റിറോയിഡ് ഹോർമോണാണ് കോർട്ടിസോൾ. ആർത്തവവിരാമത്തിന് ശേഷം സ്ത്രീകളിൽ ഈ ഹോർമോണിന്റെ വേരിയേഷൻ ഉണ്ടാവുകയും ഇത് അൽഷിമേഴ്‌സ് രോഗത്തിന് കാരണമാവുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്. വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ഗവേഷകർ പറഞ്ഞു.

Content Highlights: High stress and menopause in midlife increase risk of Alzheimer in women

To advertise here,contact us