'സ്വന്തം ശരീരത്തെക്കുറിച്ച് ഓര്‍ത്ത് ലജ്ജ തോന്നുന്നു' എന്താണ് കരണ്‍ജോഹറിനെ ബാധിച്ച 'ബോഡി ഡിസ്‌മോര്‍ഫിയ'

രാജ് ഷമനി അവതരിപ്പിക്കുന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് കരണ്‍ജോഹര്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞത്

ബോളിവുഡിലെ ഏറ്റവും സ്വാധീനമുള്ള സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ കരണ്‍ജോഹറിന് സ്വന്തം ശരീരത്തെക്കുറിച്ച് ആത്മവിശ്വാസമില്ല എന്നുപറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം തോന്നും. പക്ഷേ സംഗതി സത്യമാണ്. രാജ് ഷമനി അവതരിപ്പിക്കുന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ് കരണ്‍ ജോഹര്‍ തന്റെ പ്രത്യേകതരം രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞത്.

' സ്വന്തം ശരീരം തന്റെ പ്രതിഛായയെ എങ്ങനെ ബാധിക്കുന്നു എന്നോര്‍ത്ത് ആശങ്കയുണ്ടായിരുന്നു, സ്വയം ചിന്തിച്ചുകൂട്ടുന്ന കുറവുകളെക്കുറിച്ച് ആശങ്കാകുലനായിരുന്നു,എനിക്ക് ബോഡി ഡിസ്‌മോര്‍ഫിയ ഉണ്ട്. സ്വന്തം ശരീരത്തെക്കുറിച്ച് ഓര്‍ത്ത് ലജ്ജ തോന്നുന്നു. കണ്ണാടിയില്‍ പോലും നോക്കാന്‍ തോന്നാത്ത അവസ്ഥയാണ്. വസ്ത്രമില്ലാതെ നില്‍ക്കുന്നത് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ് കരണ്‍ ജോഹര്‍ പറയുന്നു.

എന്താണ് ബോഡി ഡിസ്‌മോര്‍ഫിയ

സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസമില്ലാതിരിക്കുകയും കാഴ്ചയില്‍ ശരീരത്തിനുള്ള കുറവുകളെക്കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടുകയും ചെയ്യുന്ന മാനസികാവസ്ഥായാണ് ഇത്. അസുഖമുളള ആള്‍ക്ക് തോന്നുന്ന കുറവുകള്‍ കാഴ്ചക്കാരന് തോന്നണമെന്നില്ല. ഏത് പ്രായക്കാരിലും ഈ അവസ്ഥ ഉണ്ടാകുമെങ്കിലും കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതലായും കാണപ്പെടുന്നത്.സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുകയും ചെയ്യും. രോഗ ലക്ഷണങ്ങള്‍ ജീവിതത്തെ ബാധിക്കുംവിധത്തില്‍ മാറുകയാണെങ്കില്‍ വിദഗ്ധരുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. കോഗ്നറ്റീവ് ബിഹേവിയറല്‍ തെറാപ്പി, ആന്റി ഡിപ്രസന്റുകള്‍ എന്നിവയെല്ലാം ചികിത്സയുടെ ഭാഗമാണ്.

ലക്ഷണങ്ങള്‍

  • ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്തെക്കുറിച്ച് വളരെയധികം ആശങ്ക(പ്രത്യേകിച്ച് മുഖത്തെക്കുറിച്ച്)
  • മറ്റുള്ളവരുടെ ശരീരവുമായി സ്വന്തം ശരീരത്തെ താരതമ്യപ്പെടുത്തുക
  • കണ്ണാടിക്ക് മുന്‍പില്‍ ഏറെ നേരം ചിലവഴിക്കുക, അല്ലെങ്കില്‍ കണ്ണാടിയില്‍ നോക്കാന്‍ മടി കാണിക്കുക.
  • വസ്ത്രം ധരിക്കുക, മേക്കപ്പ് ഇടുക, മുടി ചീകുക ഇതിനൊക്കെ ധാരാളം സമയം മാറ്റിവയ്ക്കുക.

ബോഡി ഡിസ്‌മോര്‍ഫിയയുടെ യഥാര്‍ഥ കാരണങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ ചില അവസ്ഥകള്‍ ഇതിലേക്ക് നയിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം അവസ്ഥ ഉണ്ടെങ്കില്‍ അത് ജനിതകപരമായി ലഭിക്കാം. അതുപോലെ ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡറോ (OCD) വിഷാദ രോഗമോ ഉണ്ടെങ്കിലും സാധ്യത കൂടുതലാണ്.

മസ്തിഷ്‌കത്തിലെ കെമിക്കല്‍ അസന്തുലിതാവസ്ഥയും കുട്ടിക്കാലത്ത് ബോഡീ ഷെയിമിംഗ് നേരിട്ടിട്ടുണ്ടെങ്കിലും രോഗം വരാന്‍ സാധ്യതയുണ്ട്. ബോഡി ഡിസ്‌മോര്‍ഫിയ ബാധിതരായ ചില വ്യക്തികളില്‍ ഒ.സി.ഡിക്കൊപ്പം ആങ്‌സൈറ്റി ഡിസോര്‍ഡര്‍, ഈറ്റിംഗ് ഡിസോര്‍ഡര്‍ തുടങ്ങിയവയും കാണാറുണ്ട്.

Content Highlights :'I feel ashamed of my body' What is 'body dysmorphia' that affects Karan Johar

To advertise here,contact us